ബഫര്‍ സോണിലെ ജനവാസ മേഖല സംബന്ധിച്ച ഉപഗ്രഹ സര്‍വേ റിപോര്‍ട്ടിനെ ചൊല്ലി ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് ബഫര്‍ സോണ്‍ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാനും ഫീല്‍ഡ് സര്‍വേ ഉടന്‍ തുടങ്ങാനും ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പരിസ്ഥിതി, തദ്ദേശ വകുപ്പ് സെക്രട്ടറിമാരും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍ക്കൊള്ളുന്നതാണ് ജുഡീഷ്യല്‍ സ്വഭാവമുള്ള ഈ സമിതി. ഡിസംബര്‍ 30ന് അവസാനിക്കേണ്ടതായിരുന്നു സമിതിയുടെ കാലാവധി. സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ കരുതല്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലകള്‍ കണ്ടെത്തുകയാണ് സമിതിയുടെ മുഖ്യ ചുമതല.
ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ ഭൂപടം പ്രസിദ്ധീകരിക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. നിലവില്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉപഗ്രഹ സര്‍വേ റിപോര്‍ട്ടുമായി ബന്ധപ്പെട്ട മാപ്പ് ആധികാരിക രേഖയല്ല. അതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണം. ഈ സാഹചര്യത്തിലാണ് കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ഥ രേഖകള്‍ പ്രസിദ്ധപ്പെടുത്താനുള്ള തീരുമാനം. ഉപഗ്രഹ ചിത്രം അവലംബമാക്കിയുള്ള റിപോര്‍ട്ടല്ല, നേരിട്ട് നടത്തുന്ന സ്ഥല പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപോര്‍ട്ടായിരിക്കും സുപ്രീം കോടതിയില്‍ നല്‍കുകയെന്ന് യോഗാനന്തരം മുഖ്യമന്ത്രിയും വനം മന്ത്രിയും വ്യക്തമാക്കുകയുമുണ്ടായി. കൂടാതെ അതത് പഞ്ചായത്തുകളിലും നഗരസഭകളിലും ഹെല്‍പ് ഡെസ്‌ക് തുടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തങ്ങളുടെ സ്ഥലം ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ ഇത് സഹായകമാകും.
വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നടത്തിയ ഉപഗ്രഹ സര്‍വേയിലെ അപാകത സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. റിപോര്‍ട്ടില്‍ ഏതൊക്കെ വീടുകളും കടകളും സ്ഥാപനങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തിയില്ലെന്നതാണ് വനപ്രദേശങ്ങൾക്ക് സമീപമുള്ള കര്‍ഷകരും താമസക്കാരും ചൂണ്ടിക്കാട്ടുന്നത്. പുഴകള്‍, റോഡുകള്‍, പ്രാദേശിക സ്ഥലപ്പേരുകള്‍ എന്നിവയും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. പല പ്രദേശങ്ങളുടെയും പേരുകള്‍ തെറ്റായാണ് ചേര്‍ത്തത്. ഉപഗ്രഹ സര്‍വേയുടെ പ്രാഥമിക റിപോര്‍ട്ടില്‍ കേരളത്തില്‍ പരിസ്ഥിതിലോല മേഖലകളില്‍ ഉള്‍പ്പെടുന്ന 49,330 ജനവാസ മേഖലകള്‍ ഉണ്ടെന്നാണ് പരാമര്‍ശം. എന്നാല്‍ നേരിട്ട് സ്ഥലപരിശോധന നടത്തിയാല്‍ ജനവാസ മേഖലകളുടെ എണ്ണം കുറഞ്ഞത് രണ്ട് ലക്ഷം കവിയുമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു. ജനങ്ങള്‍ മതിയായ രേഖകളോടെ തലമുറകളായി കൈവശം വെച്ച് അനുഭവിച്ചു വരുന്നതും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതും കൃഷി ചെയ്ത് ഉപജീവനം നടത്തി വരുന്നതുമായ കൃഷിഭൂമികളാണ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതെന്ന പരാതിയാണ് പ്രധാനമായും ഉയര്‍ന്ന് വരുന്നത്. ഇതോടൊപ്പം ഉപഗ്രഹ സര്‍വേ റിപോര്‍ട്ടിലെ അവ്യക്തത കൂടിയായപ്പോള്‍ ജനങ്ങള്‍ ആശങ്കയിലാകുക സ്വാഭാവികം. ഉപഗ്രഹ സര്‍വേ അംഗീകരിക്കില്ലെന്നും ഗ്രൗണ്ട് സര്‍വേയിലേക്ക് മാറണമെന്നുമാണ് പ്രക്ഷോഭ രംഗത്തുള്ള കര്‍ഷക സംഘടനകളുടെ ആവശ്യം.
റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ (കെ എസ് ആര്‍ ഇ സി) ആണ് സര്‍ക്കാറിന് വേണ്ടി ഉപഗ്രഹ സര്‍വേ നടത്തിയത്. സര്‍ക്കാര്‍ വകുപ്പുകളുടെ കൂടപ്പിറപ്പായ അലസതയും അശ്രദ്ധയുമാണ് സര്‍വേയില്‍ അപാകത സംഭവിക്കാന്‍ കാരണം. ജാഗ്രതയോടെയും അതിസൂക്ഷ്മമായും നടത്തേണ്ടതാണ് ഇത്തരമൊരു സര്‍വേ. ജൂണ്‍ മൂന്നിനാണ്, സര്‍വേ നടത്തി മൂന്ന് മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. സര്‍വേ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ അഭിപ്രായഭിന്നത മൂലം ഇതുസംബന്ധിച്ച നടപടികള്‍ വൈകി. ഒടുവില്‍ ഉദ്യോഗസ്ഥര്‍ പരസ്പരം ധാരണയിലെത്തുകയും സര്‍വേ കെ എസ് ആര്‍ ഇ സിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നത് ജൂലൈ 18നാണ്. 50 ദിവസമാണ് വനം വകുപ്പ് സര്‍വേക്കായി കെ എസ് ആര്‍ ഇ സിക്ക് അനുവദിച്ചത്. എന്നാല്‍ ധൃതിയില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി 42 ദിവസത്തിനകം അവര്‍ റിപോര്‍ട്ട് നല്‍കി. 16 ദിവസം കൊണ്ടാണ് 22 സംരക്ഷിത വന മേഖലകളില്‍ 14 എണ്ണത്തിന്റെ സര്‍വേ പൂര്‍ത്തിയാക്കിയത്. സമയക്കുറവുമൂലം വന്ന ധൃതിയാണ് പിഴവുകള്‍ സംഭവിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിഴവുകള്‍ പരിശോധിച്ച് അത് തിരുത്താന്‍ വനം വകുപ്പ് ശ്രമിച്ചതുമില്ല. മാത്രമല്ല, കെ എസ് ആര്‍ ഇ സി റിപോര്‍ട്ട് നല്‍കി മൂന്ന് മാസത്തിനു ശേഷമാണ് അത് പുറത്തുവിട്ടത്. ഇതിലെല്ലാം ഗൂഢാലോചനയുണ്ടെന്നും വനാതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള വനം വകുപ്പിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നും ആരോപിക്കപ്പെടുന്നു. അതേസമയം കേരളത്തില്‍ ഭൂമി സംബന്ധിച്ച് ഡിജിറ്റല്‍ സര്‍വേ ഡാറ്റ ഇല്ലാത്തതാണ് സര്‍വേ റിപോര്‍ട്ടിലെ അപാകതക്ക് കാരണമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. 2021ല്‍ നേരിട്ട് തയ്യാറാക്കിയ വിജ്ഞാപനം കൂടി പരിശോധിച്ച് വ്യക്തത വരുത്തുമെന്നും അവര്‍ അറിയിച്ചു.
ഉപഗ്രഹ സര്‍വേയില്‍ കാര്യമായ അപാകത സംഭവിച്ചുവെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് മുഖ്യമന്ത്രിയും വനം മന്ത്രിയും തുറന്നു സമ്മതിക്കുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടത്തിവരികയുമാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍. എങ്കിലും കിട്ടിയ അവസരം രാഷ്ട്രീയ മുതലെടുപ്പിന് അവസരമായി ഉപയോഗപ്പെടുത്താനുള്ള തിടുക്കത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളും നിക്ഷിപ്ത താത്പര്യക്കാരായ ചില സംഘടനകളും. അതിന്റെ അലയൊലികളാണ് കേരളീയാന്തരീക്ഷത്തില്‍ ഇപ്പോള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
source https://www.sirajlive.com/satellite-survey-report-and-strike-agitation.html
إرسال تعليق