പൊക്കാളി നെല്ലിന് പ്രത്യേക താങ്ങുവില പ്രഖ്യാപിക്കും; സംഭരണ വില നിശ്ചയിക്കാന്‍ സ്‌പൈസസ് ബോര്‍ഡിന് ചുമതല

കൊച്ചി | സംസ്ഥാനത്തെ തീരദേശ മേഖലയുടെ തനത് വിളയെന്ന നിലയില്‍ ഭൗമ സൂചികയില്‍ ഇടം നേടിയ പൊക്കാളി നെല്ലിന് പ്രത്യേക താങ്ങു വില നിശ്ചയിക്കാന്‍ നടപടി. പൊക്കാളി നെല്ലിന്റെ ഉത്പാദന ചെലവ് കണക്കാക്കുന്നതിനുള്ള വിദഗ്ധ സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭരണവില നിശ്ചയിക്കാന്‍ കൃഷിവകുപ്പ് സ്പൈസസ് ബോര്‍ഡിനെ ചുമതലപ്പെടുത്തി.

നൂറ് ശതമാനം ജൈവവും പൂർണമായും മനുഷ്യാദ്ധ്വാനവുമെന്ന സവിശേഷതയുള്ള പൊക്കാളി കൃഷിയിലേര്‍പ്പെട്ട കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് കൃഷി വകുപ്പിന്റെ ഇടപെടല്‍. സഹകരണ ബേങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് നെല്ല് സംഭരിക്കുന്നത് സംബന്ധിച്ച് സഹകരണ വകുപ്പ് രജിസ്ട്രാറോടും സര്‍ക്കാര്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്. ഇതുസംബന്ധമായി കൃഷി, സഹകരണ വകുപ്പുകളുടെ മന്ത്രിതല സംയുക്ത യോഗം ഉടന്‍ ചേരും.

സംസ്ഥാനത്തെ നൂറ് കണക്കിന് കര്‍ഷകര്‍ ഉത്പാദിപ്പിച്ച ടണ്‍ കണക്കിന് പൊക്കാളി നെല്ല് സംഭരിക്കാന്‍ സപ്ലൈകോ നടപടിയെടുക്കാത്തത് കാരണം കനത്ത സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരുന്നത്. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്ന സപ്ലൈകോ പൊക്കാളി അരിക്ക് മറ്റ് അരിക്ക് നല്‍കുന്ന അതേ വിലയായിരുന്നു നല്‍കിയിരുന്നത്. പൊക്കാളി അരിക്ക് വിപണിയില്‍ കിലോക്ക് 150 രൂപയിലേറെ വിലയുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്ത കര്‍ഷകരിൽ നിന്ന് നടപ്പു സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച 28.20 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിച്ചിരുന്നത്.

പൊക്കാളിയുടെ ജൈവ കൃഷി രീതിയും ഔഷധ ഗുണവും പോഷക സമ്പുഷ്ടതയും മറ്റ് പ്രത്യേകതകളും വാണിജ്യവത്കരിച്ച് വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പൊക്കാളിക്ക് ചുരുങ്ങിയത് 60 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നുമായിരുന്നു കര്‍ഷകരുടെ ആവശ്യം. ഒരേക്കറില്‍ നെല്ല് കൃഷി ചെയ്യുന്നതിന് 45,000 മുതല്‍ 50,000 രൂപയോളം ചെലവ് വരും. പരമാവധി 300 മുതല്‍ 400 കിലോ വരെ നെല്ലാണ് ഒരേക്കറില്‍ നിന്ന് ലഭിക്കുന്നത്. സബ്സിഡി കഴിച്ച് 120 രൂപയെങ്കിലും ലഭിച്ചാലേ കര്‍ഷകന് മുടക്കുമുതലെങ്കിലും ലഭിക്കൂ. പൊക്കാളി അരിക്ക് വിപണിമൂല്യമുണ്ടെങ്കിലും ഉയര്‍ന്ന വില മൂലം പ്രാദേശികമായി കര്‍ഷകര്‍ക്ക് നേരിട്ട് വിൽപ്പന നടത്തുന്നത് പ്രായോഗികമല്ല. സംരക്ഷിത ഇനമെന്ന നിലയില്‍ ആറ് മാസം ചെമ്മീന്‍ കെട്ടും ആറ് മാസം പൊക്കാളിയും ചെയ്യണമെന്ന സര്‍ക്കാറിന്റെ കര്‍ശന നിർദേശമുള്ളതുകൊണ്ടാണ് കര്‍ഷകര്‍ നഷ്ടം സഹിച്ചും കൃഷിയിറക്കാന്‍ നിര്‍ബന്ധിതരാകുന്നത്. പൊക്കാളി കര്‍ഷകര്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുന്നതിനായി രൂപവത്കരിച്ച പൊക്കാളി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി യുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ലയില്‍ നിന്ന് മാത്രം സംഭരിച്ച നെല്ലില്‍ ആറ് ടണ്ണോളം വില്‍ക്കാനാകാതെ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ നെല്ലിന് താങ്ങുവില നിശ്ചയിച്ച് സംഭരിക്കാനുള്ള സര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും.

എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ 33 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ഒരു കോർപറേഷനിലുമായാണ് കൂടുതലും പൊക്കാളിപ്പാടങ്ങളുള്ളത്. സംസ്ഥാനത്തെ മൊത്തം തണ്ണീര്‍ത്തടങ്ങളുടെ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്. വേനല്‍ക്കാലത്ത് പാടത്തെ വെള്ളം വറ്റിച്ച് നിലം ഉഴുതു മറിച്ച ശേഷം വിത്തു പാകുകയാണ് പൊക്കാളിയുടെ രീതി. തുടര്‍ന്ന് കതിരുകള്‍ മഴക്കാലത്തെ വെള്ളത്തിലാണ് വളര്‍ന്നു പാകമാകുന്നത്. യാതൊരു രാസവളവും ചേര്‍ക്കാതെയാണു കൃഷി നടത്തുന്നതെന്നതാണ് ഇതിന്റ പ്രത്യേകത. വൈറ്റമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍, ബോറോണ്‍, ഇരുമ്പ്, സള്‍ഫര്‍ തുടങ്ങിയ ധാതുക്കളും പൊക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ 0.46 ശതമാനം ഫൈബറുകളാലും 7.77 ശതമാനം പ്രോട്ടീനാലും സമ്പന്നമാണ്. ഏകദേശം 9.18 ശതമാനത്തോളം നാച്വറല്‍ ഓയിലും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതുകൊണ്ട് പ്രമേഹമുള്ളവര്‍ക്കും ഈ അരി ആരോഗ്യവിദഗ്ധര്‍ ശിപാര്‍ശ ചെയ്യുന്നു.



source https://www.sirajlive.com/special-support-price-to-be-announced-for-pokali-rice-the-spices-board-is-responsible-for-fixing-procurement-prices.html

Post a Comment

Previous Post Next Post