ഉന്തിയ പല്ലും ഫോറസ്റ്റ് ജോലിയും തമ്മിൽ?

ല്ല് മുന്നോട്ടു തള്ളിനിൽക്കുന്നതിന്റെ പരിൽ ആദിവാസി യുവാവിന് ജോലി നിഷേധിച്ച പി എസ് സി നടപടി പൊതുസമൂഹത്തിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നു. പാലക്കാട് പുതൂർ പഞ്ചായത്ത് ആനവായ് ഊരിലെ കുറുമ്പർ ഗോത്രവർഗത്തിൽപ്പെട്ട മുത്തു എന്ന യുവാവാണ് ഈ ഹതഭാഗ്യൻ. നവംബർ മൂന്നിന് നടന്ന എഴുത്തു പരീക്ഷയിലും തുടർന്നു കായികക്ഷമതാ പരീക്ഷയിലും വിജയിച്ച മുത്തുവിന് അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് ജില്ലാ പി എസ് സി ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ലിന്റെ കാര്യം രേഖപ്പെടുത്തിയതിനാൽ ജോലി നഷ്ടമായി എന്നറിയുന്നത്. സംഭവത്തിൽ സംസ്ഥാന പട്ടിക ജാതി, ഗോത്രവർഗ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.

ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹയരാണെന്നും ചട്ടങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും പി എസ് സി അധികൃതർ പറയുന്നു. സ്പെഷ്യൽ റൂളിൽ ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. റൂളിൽ കാണിച്ച അയോഗ്യത കണ്ടെത്തിയാൽ ഉദ്യോഗാർഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് തുടങ്ങിയവ അയോഗ്യതയാണ്. സർക്കാർ നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയെങ്കിൽ മാത്രമേ ഈ അയോഗ്യതയുള്ളവർക്ക് ജോലി നൽകാനാകൂ. വിവിധ സർക്കാർ വകുപ്പുകൾ കൂടിയാലോചിച്ചു നടത്തേണ്ട നയപരമായ തീരുമാനമാണെന്നും പി എസ് സി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം മുത്തുവിനു ജോലി നൽകുന്ന കാര്യത്തിൽ വനംവകുപ്പു നിസ്സഹായരാണെന്നും എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് പി എസ് സിയാണ് ചെയ്യേണ്ടതെന്നുമാണ് വനം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. പട്ടികജാതി പട്ടിക വർഗ വികസന മന്ത്രി കെ രാധാകൃഷ്ണന്റെ നിലപാട് മറ്റൊന്നാണ്. സേനകളിലെ നിയമനത്തിന് പ്രത്യേക നിബന്ധനകളുണ്ട്. സേനാ വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ ഇളവുകൾ അനുവദിക്കുന്നത് സേനയുടെ മികവിനെയും അച്ചടക്കത്തെയും ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ചെറുപ്രായത്തിൽ സംഭവിച്ച വീഴ്ചയെ തുടർന്നാണ് മുത്തുവിന്റെ പല്ലിന് തകരാർ സംഭവിച്ചത്. പൂർണമായും വനാശ്രിത സമൂഹമാണ് ഊരിലെ കുറുമ്പർ വിഭാഗം. മേഖലയിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കൾ പറയുന്നു.
പല്ലിന്റെ രൂപം മൂലം ജോലി നഷ്ടപ്പെട്ട വാർത്ത പുറത്തു വന്നതോടെ ശസ്ത്രക്രിയ നടത്തി അത് ശരിയാക്കാമെന്ന വാഗ്ദാനവമായി ചില ആശുപത്രികളും ഡോക്ടർമാരും രംഗത്തു വന്നിട്ടുണ്ട്. പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയും കൊല്ലം പരുത്തിയിറ സ്വദേശിയായ ദന്തൽ ഡോക്ടർ വിൽസൺ ജോണും ഇതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒരു പക്ഷേ ശസ്ത്രക്രിയയിലൂടെ പല്ലിന്റെ തകരാറ് പരിഹരിക്കുന്നതോടെ മുത്തുവിന്റെ ജോലി പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കാം. എന്നാൽ ഇത്തരമൊരു നിയമം ഇനിയും പി എസ് സിയുടെ സ്പെഷ്യൽ റൂളിൽ നിലനിർത്തേണ്ടതുണ്ടോ എന്ന് ബന്ധപ്പെട്ടവർ ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്.
ഇരുമ്പുലക്കയല്ല മനുഷ്യ നിർമിത നിയമങ്ങളും അഭിപ്രായങ്ങളുമൊന്നും. അതിൽ അപാകങ്ങളും പിഴവുകളും സംഭവിക്കാം. അപാകം ബോധ്യപ്പെട്ടാൽ അത് തിരുത്തുകയാണ് ഭംഗിയും ശരിയായ നിലപാടും. ഫോറസ്റ്റ് ജോലിയും ഉന്തിയ പല്ലും തമ്മിൽ എന്തു ബന്ധമെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ട്. പല്ല് ഉന്തിയതായാൽ അതെങ്ങനെയാണ് സേനയുടെ മികവിനെയും അച്ചടക്കത്തെയും ബാധിക്കുക? മുടന്തൻ ന്യായങ്ങൾ പറയാതെ ഇത്തരം ന്യായീകരണമില്ലാത്ത പ്രാകൃത നിയമങ്ങൾ തിരുത്താനും മുത്തുവിനുണ്ടായ ദുരനുഭവം ഇനിയും മറ്റൊരാൾക്ക് വരാതിരിക്കാനുമുള്ള വഴികളാണ് അധികൃതർ സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ വകുപ്പുകൾ പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറാൻ ശ്രമിക്കരുത്. പൊതുവേ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവാണ് ആദിവാസി മേഖലകളിൽ. പൊതുവിദ്യാഭ്യാസ മേഖല മികവുറ്റതാക്കാൻ സർക്കാർ വർഷം തോറും വൻതുക അനുവദിക്കാറുണ്ടെങ്കിലും ആദിവാസി മേഖലയിലെത്തുന്നത് ഇതിന്റെ തുച്ഛമായ ശതമാനമാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് കൂടുതൽ വിവേചനം നേരിടുന്നു ആദിവാസി മേഖല. ഈ പരിമിതികളും പ്രയാസങ്ങളുമെല്ലാം തരണം ചെയ്താണ് മുത്തുവിനെ പോലെയുള്ള ആദിവാസി ചെറുപ്പക്കാർ വിദ്യാഭ്യാസം നേടുന്നതും പി എസ് സി പരീക്ഷയിൽ കടമ്പകൾ കടന്നു മുന്നേറുന്നതും. എന്നിട്ടും ജോലിയുടെ കാര്യക്ഷമതയെ ഒട്ടും ബാധിക്കാത്ത ഒരു ചെറിയ ശാരീരിക സവിശേഷതയുടെ പേരിൽ ജോലി നിഷേധിക്കപ്പെടുമ്പോൾ, ആ യുവാവും കുടുംബവും എന്തു മാത്രം മാനസിക പ്രയാസം അനുഭവിക്കുന്നുണ്ടാകണം.

പാലക്കാട് ജില്ലയിൽ തന്നെ ഒരു നഴ്‌സിംഗ് സ്ഥാപനത്തിന്റെ പിടിവാശി ആദിവാസി യുവതിയുടെ തൊഴിൽ ലഭ്യതക്കു വിലങ്ങു തടിയായ സംഭവവും കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. ഷോളയൂർ പഞ്ചായത്തിൽ കാരയൂർ ഊരിലെ ആരതിയാണ് പ്രതിസന്ധിയിലായത്. 2015ൽ പാലക്കാട് ഗവ. നഴ്‌സിംഗ് കോളജിൽ ജി എൻ എം കോഴ്‌സിന് ചേർന്ന ആരതിക്ക് ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സക്കായി നഴ്‌സിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

ഇപ്പോൾ അവർ മറ്റൊരു ജോലിക്കു വേണ്ടിയുള്ള ശ്രമത്തിലാണ്. പക്ഷേ അവരുടെ സ്്കൂൾ സർട്ടിഫിക്കറ്റുകളെല്ലാം നഴ്‌സിംഗ് കോളജിലാണുള്ളത്. നഴ്‌സിംഗ് കോളജിൽ ബോണ്ട് വെച്ചതിനാൽ 50,000 രൂപ നൽകാതെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകില്ലെന്നായിരുന്നു കോളജ് അധികൃതരുടെ നിലപാട്. ഏതായാലും വൈകിയ വേളയിലെങ്കിലും സർട്ടിഫിക്കറ്റ് തിരിച്ചു നൽകിയത് ആശ്വാസകരമാണ്.



source https://www.sirajlive.com/between-thrust-teeth-and-forest-work.html

Post a Comment

Previous Post Next Post