തിരുവനന്തപുരം | എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരെ പി ജയരാജൻ ഉയർത്തിയ റിസോർട്ട് നിക്ഷേപ വിവാദത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കാതെ പ്രശ്‌നം പരിഹരിക്കാൻ സി പി എം ശ്രമം. പി ജയരാജന്റെ പരാതിയിൽ വേഗത്തിൽ തീരുമാനമെടുക്കാനാണ് സി പി എം തീരുമാനം. ഡൽഹിയിൽ രണ്ട് ദിവസമായി നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഈ മാസം 30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്വേഷണ കാര്യത്തിൽ തീരുമാനമുണ്ടാകും. ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും കമ്മീഷനില്ലാതെ പരിഹാരം കാണണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. പി ബി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ ധാരണയാകും.
വിശദീകരണം തലവേദനയാകും
ജയരാജന്മാർക്ക് എതിരെയുള്ള ആരോപണങ്ങൾ സി പി എം നേരത്തേ ചർച്ച ചെയ്ത് തള്ളിക്കളഞ്ഞതാണെങ്കിലും തെറ്റ് തിരുത്തൽ രേഖ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ഉയർന്നുവന്ന ആരോപണങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കമ്മീഷനെ നിയമിച്ചാൽ ഇരു നേതാക്കൾക്കുമെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കേണ്ടി വരും. മാത്രമല്ല, അന്വേഷണ കമ്മീഷനെ നിയമിക്കുന്നതോടെ പി ജയരാജൻ ഉയർത്തിയ ആരോപണങ്ങൾ പാർട്ടി അംഗീകരിച്ചുവെന്ന സ്ഥിതി വരികയും അത് എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് ഇ പി ജയരാജന്റെ പടിയിറക്കത്തിന് വഴിയൊരുക്കുകയും ചെയ്യും. ആരോപണങ്ങൾ അന്വേഷിച്ചില്ലെങ്കിൽ തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ താഴേത്തട്ടിൽ ഇക്കാര്യം വിശദീകരിക്കുന്നത് തലവേദനയാകും. ഈ സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഇരു നേതാക്കൾക്കും സ്വീകാര്യമായ നടപടി സ്വീകരിക്കുന്നതിനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പ് പ്രശ്‌നം പരിഹാരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇരുനേതാക്കളുമായും മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്. വിവാദം വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോഴും വിഷയത്തിൽ മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ സമീപനവും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
നേതൃത്വം തീരുമാനം പ്രഖ്യാപിക്കും വരെ പരസ്യ പ്രതികരണം വേണ്ടെന്ന നിർദേശം ഇരു നേതാക്കൾക്കും നൽകിയിട്ടുണ്ട്. വിവാദത്തിന് ശേഷം പൊതുപരിപാടിയിൽ പങ്കെടുത്തെങ്കിലും ഇരുവരും മാധ്യമങ്ങളോട് വിവാദ വിഷയങ്ങൾ പങ്കുവെച്ചിട്ടില്ല. രണ്ട് ചേരികൾ രൂപപ്പെടുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാന നേതൃത്വം നടത്തുന്നത്.
source https://www.sirajlive.com/confusion-in-cpm-over-jayarajapo-commission-will-be-waived.html
Post a Comment