സാന്റോസ് | ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ ഇനി ജ്വലിക്കുന്ന ഓര്‍മ. ഇതിഹാസത്തിന്റെ ഭൗതിക ശരീരം സാന്റോസിലെ നെക്രോപോളെ ഇക്യുമെനിക മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. പെലെയുടെ ക്ലബായ സാന്റോസിലെ വില ബെല്‍മിറോ സ്‌റ്റേഡിയത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ വിലാപയാത്രയായാണ് മൃതദേഹം സെമിത്തേരിയിലെത്തിച്ചത്. പരമ്പരാഗത ഔദ്യോഗിക വിലാപയാത്ര എന്ന നിലക്ക് ഫയര്‍ എഞ്ചിനിലാണ് ശവമഞ്ചം വെച്ചത്.
തിങ്കളാഴ്ച മുതല്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തങ്ങളുടെ പ്രിയതാരത്തെ യാത്രയാക്കാന്‍ സാന്റോസ് തെരുവിന്റെ ഇരുവശങ്ങളിലും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. പിതാവും സഹോദരനും മകളുമെല്ലാമടങ്ങുന്ന കുടുംബ കല്ലറയിലാണ് മൃതദേഹം സംസ്‌കരിച്ചത്.
ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ മാതൃകയില്‍ ശവകുടീരം അലങ്കരിക്കും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ അടക്കം 2.30 ലക്ഷം പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സാന്റോസ് സ്‌റ്റേഡിയത്തിലെത്തിയത്. ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ പെലെ, ഡിസംബര്‍ 29നാണ് 82ാം വയസ്സില്‍ മരിച്ചത്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുണ്ടായിരുന്നു.
source https://www.sirajlive.com/the-legend-is-now-a-burning-memory-pele-39-s-funeral-is-complete.html
Post a Comment