തൃശൂര്‍ | കൊടകരയില്‍ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ വയോധികയെ കബളിപ്പിച്ച് സ്വര്‍ണം കവരാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മുംബൈയില്‍ താമസിക്കുന്ന വെള്ളിക്കുളങ്ങര സ്വദേശി ശില്‍പയാണ് പിടിയിലായത്. മുഖത്തെ പരുക്കിന് തൃശൂര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വയോധികയെയാണ് പ്രതി കബളിപ്പിക്കാന്‍ ശ്രമിച്ചത്.
ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വയോധികയെ ആശുപത്രിയിലെ ജീവനക്കാരിയെന്ന പേരില്‍ ശില്‍പ സമീപിക്കുകയായിരുന്നു. എക്സ്റേ എടുക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുകയും വയോധികയെ എക്സ്റേ സെന്ററിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. കൈയില്‍ എക്സ്റേ എടുക്കാന്‍ ആഭരണങ്ങള്‍ ഊരിത്തരണമെന്ന് ശില്‍പ ആവശ്യപ്പെട്ടു. എന്നാല്‍ മുഖത്തെ പരുക്കിന് കൈയില്‍ എക്സ്റേ എടുക്കുന്നതില്‍ സംശയം തോന്നിയ വയോധിക ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മകളെ ഫോണില്‍ വിളിച്ചു. മകള്‍ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ശില്‍പ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ അഞ്ച് പവന്റെ സ്വര്‍ണം തട്ടിയെടുത്തതും ശില്‍പയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതി കൂടുതല്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
source https://www.sirajlive.com/an-attempt-was-made-to-deceive-an-elderly-woman-who-had-received-treatment-and-take-gold-the-woman-is-under-arrest.html
Post a Comment