അങ്കാറ/ അലെപ്പോ | ഭൂചലനങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 15,000 കവിഞ്ഞു. മൊത്തം 15,383 മരണമാണ് സ്ഥിരീകരിച്ചത്. തുര്‍ക്കിയില്‍ മാത്രം 12,391 പേരും സിറിയയില്‍ 2,992 പേരും മരിച്ചു.
അതിനിടെ ദുരന്തം സംഭവിച്ചയുടനെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സമ്മതിച്ചു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഇതുപോലുള്ള ദുരന്തത്തിന് മുന്‍കൂട്ടി സജ്ജമായിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം ഏറെയുണ്ടായ കഹ്‌റമന്‍മറാസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഉര്‍ദുഗാനാണ് ഇതിന് ഏക ഉത്തരവാദിയെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് കെമാല്‍ കിലിച്ദാരോഗ്ലു പറഞ്ഞിരുന്നു. ഇതുപോലുള്ള ദുരന്ത വേളകളില്‍ എല്ലാവരും ഒരിമിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയ താത്പര്യത്തിന് മോശം പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഉര്‍ദുഗാന്‍ മറുപടി നല്‍കി. രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇരകളുടെ ബന്ധുക്കളും നാട്ടുകാരും ക്ഷോഭിച്ചിരുന്നു.
സിറിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏറെ സങ്കീര്‍ണമാണ്. പതിറ്റാണ്ട് നീണ്ട പോരാട്ടത്തില്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നിട്ടുണ്ട്. തുര്‍ക്കി- സിറിയ അതിര്‍ത്തിയായ ബാബ് അല്‍ ഹവ അടച്ചിട്ടിരിക്കുകയാണ്. ഭൂകമ്പത്തില്‍ റോഡുകള്‍ തകര്‍ന്നതാണ് പ്രശ്‌നം. രണ്ട് അതിര്‍ത്തികള്‍ തുറക്കാനുള്ള ഒരുക്കത്തിലാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കാവുസോഗ്ലു പറഞ്ഞു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. രക്ഷപ്പെട്ടെത്തിയ ആയിരങ്ങൾക്ക് ഭക്ഷണം, വെള്ളം, കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. ആയിരങ്ങളാണ് ഭവനരഹിതരായത്. ഒമ്പതിനായിരത്തോളം വരുന്ന സൈനികർക്ക് പുറമേ പന്ത്രണ്ടായിരത്തിലധികം വരുന്ന രക്ഷാപ്രവർത്തകരാണ് രംഗത്തുള്ളത്. വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ദുരിതാശ്വാസ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ടെങ്കിലും ദുരിതബാധിത പ്രദേശങ്ങളിൽ അവയെത്തിക്കാൻ കഴിയാത്തവിധം കാലാവസ്ഥ പ്രതികൂലമാണ്.
എന്നാൽ, തങ്ങൾക്ക് യാതൊരു സഹായവും ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് സിറിയയിലെ രക്ഷാപ്രവർത്തന രംഗത്ത് സജീവമായ സന്നദ്ധ സംഘടനയായ വൈറ്റ് ഹെൽമറ്റ്‌സ് അധികൃതർ അറിയിച്ചു. ഈജിപ്തിൽ നിന്നുള്ള ഇരുപതംഗ സംഘം മാത്രമാണ് സഹായത്തിനുള്ളതെന്നാണ് ഇവർ പറയുന്നത്. യൂറോപ്യൻ യൂനിയൻ്റെ സഹായം സിറിയ തേടിയിട്ടുണ്ട്. 250 ഓളം സ്‌കൂളുകളാണ് സിറിയയിൽ തകർന്നത്. ഹലബ്, ഇദ്‌ലിബ്, ത്വർത്വൂസ്, ലദ്ഖായ എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
source https://www.sirajlive.com/turkey-syria-earthquake-death-toll-exceeds-15000-erdogan-admits-shortcomings.html
Post a Comment