വർഗീയ പ്രസംഗങ്ങളും അത്തരത്തിലുള്ള ലേഖനങ്ങളുമായി കളം നിറഞ്ഞൊരാൾ ഹൈക്കോടതി ജഡ്ജിയായി നിയമിതയായിരിക്കുന്നു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ലജ്ജാകരമായ ഒരു മുഹൂർത്തമായിരുന്നു മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ജഡ്ജിയായി വിക്ടോറിയ ഗൗരി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. വിദ്വേഷ പ്രഭാഷകർക്കെതിരെ സുപ്രീം കോടതി ശക്തമായ ഭാഷയിൽ തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നു ഈയടുത്ത കാലത്തെല്ലാം. അപ്പോഴാണ് അവ്വിധം പശ്ചാത്തലമുള്ള, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലുള്ള ഒരാളെ ന്യായാധിപയായി ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. അതിലെ നീതിയും ന്യായവും ജനാധിപത്യ ഇന്ത്യയോട് വിശദീകരിക്കാൻ സുപ്രീം കോടതി കൊളീജിയത്തിന് നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും സഹാംഗങ്ങൾക്കും കുറച്ചേറെ വിയർക്കേണ്ടി വരും. കളങ്കിതയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമുള്ളയാളെ രാജ്യ ചരിത്രത്തിലില്ലാത്ത വിധം ഭരണഘടനാ കോടതിയിലെ ന്യായാധിപ പദവിയിലെത്തിക്കുകയെന്നത് നമ്മുടെ നീതിബോധങ്ങളെയെല്ലാം റദ്ദാക്കുന്ന നടപടിയാണ്.
വിക്ടോറിയ ഗൗരിയുടെ കൊളീജിയം നാമനിർദേശത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരിൽ ചിലർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി ചൊവ്വാഴ്ച രാവിലെ 09.15ന് കേൾക്കുമെന്നായിരുന്നു പുറത്തുവന്ന റിപോർട്ട്. മദ്രാസ് ഹൈക്കോടതിയിൽ വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് അന്നേ ദിവസം 10.35ന് ആയിരുന്നു. പക്ഷേ പരമോന്നത നീതിപീഠം ഹരജി വിചാരണക്കെടുത്തത് പത്തരയോടെയാണ്. അതേസമയം മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ജഡ്ജിയായി വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ ഹൈക്കോടതിയിൽ നടക്കുകയും ചെയ്തു. കേസിലെ ഹരജിക്കാർക്ക് ലഭിച്ച വിവര പ്രകാരം നിശ്ചയിച്ച സമയത്ത് സുപ്രീം കോടതിയിൽ വിചാരണ തുടങ്ങിയില്ലെന്ന് മാത്രമല്ല ഹരജി സുപ്രീം കോടതിയിൽ കേൾക്കാനിരിക്കെ സത്യപ്രതിജ്ഞക്ക് തീരുമാനിച്ച സമയം മാറ്റാൻ മദ്രാസ് ഹൈക്കോടതി തയ്യാറായതുമില്ല. ലോകത്തെ ഉന്നത ജനാധിപത്യ മൂല്യങ്ങൾ ഉൾവഹിക്കുന്ന ഭരണഘടനയുടെ കാവലാളായ ഇന്ത്യയിലെ പരമോന്നത നീതിപീഠം കാഴ്ചവസ്തുവായി മാറിയ വിഷമസന്ധിയിലൂടെയാണ് കഴിഞ്ഞ ദിവസം രാജ്യം കടന്നുപോയത്.
വിക്ടോറിയ ഗൗരിയുടെ ന്യായാധിപ നിയമനത്തിനെതിരായ ഹരജിയിലെ സുപ്രീം കോടതി വിചാരണ ആത്മാർഥതയോടെ ഉള്ളതായിരുന്നില്ലെന്ന വിമർശം വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന് മുമ്പാകെയായിരുന്നു ഹരജി ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ജസ്റ്റിസ് എം എം സുന്ദരേഷിനോട് വിക്ടോറിയ ഗൗരിയുടെ ന്യായാധിപ നിയമനത്തിൽ കൊളീജിയം ചർച്ച നടത്തിയിരുന്നു എന്ന വസ്തുത നിലനിൽക്കെ അദ്ദേഹം ഹരജി കേൾക്കുന്നതിൽ നിന്ന് പിൻമാറി. പകരം ഡിവിഷൻ ബഞ്ചിൻ്റെ ഭാഗമായത് ജസ്റ്റിസ് ബി ആർ ഗവായ് ആണ്. ഇരുവരും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ശേഷം മുഖ്യ ന്യായാധിപ പദവിയിൽ സീനിയോറിറ്റി മാനദണ്ഡപ്രകാരം എത്താനിരിക്കുന്നവരാണ്. വിക്ടോറിയ ഗൗരിയുടെ കാര്യത്തിൽ പ്രത്യേക താത്പര്യമെടുത്ത കേന്ദ്ര സർക്കാർ വേഗം നാമനിർദേശം അംഗീകരിക്കുകയായിരുന്നെന്ന വസ്തുത നിലനിൽക്കെ ചീഫ് ജസ്റ്റിസ് പദവിയിൽ എത്താനിരിക്കുന്ന ന്യായാധിപർ സമ്മർദമനുഭവിക്കുക സ്വാഭാവികമാണ്. ചീഫ് ജസ്റ്റിസിൻ്റെ ഒന്നാം നമ്പർ കോടതിയിൽ കേൾക്കുമെന്ന് അറിയിച്ചിരുന്ന ഹരജി പൊടുന്നനെ ഏഴാം നമ്പർ കോടതിയിലേക്ക് മാറ്റുകയായിരുന്നു എന്ന റിപോർട്ടും മുമ്പിലുണ്ട്. രാജ്യത്തെ ജുഡീഷ്യറിക്ക് എക്‌സിക്യൂട്ടീവിന് മുമ്പിൽ പരുവപ്പെട്ടുനിൽക്കേണ്ട നിസ്സഹായതയുടെ നിഴലാട്ടവും കഴിഞ്ഞ ദിവസത്തെ വിചാരണയിലും അനുബന്ധ സംഭവവികാസങ്ങളിലുമുണ്ട്.
വിചാരണയിൽ സംഭവിച്ചത്
വിക്ടോറിയ ഗൗരിക്കെതിരായ കാര്യങ്ങൾ നാമനിർദേശത്തിന് ശേഷം മാത്രമാണ് സുപ്രീം കോടതി കൊളീജിയത്തിൻ്റെ ശ്രദ്ധയിൽ വന്നതെന്ന് അവരുടെ നിയമനം വിവാദമായ പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദീകരിച്ചിരുന്നു. എന്നാൽ ഹരജിയിൽ വിചാരണ നടത്തിയ ഡിവിഷൻ ബഞ്ച് അതിന് വിരുദ്ധമായ നിരീക്ഷണമാണ് മുന്നോട്ടുവെച്ചത്. ഗൗരിക്കെതിരായ വസ്തുതകൾ കൊളീജിയം അറിഞ്ഞില്ലെന്ന് കരുതാനാകില്ല. 2018 മുതൽ അവർ നടത്തിയ വിവാദ പ്രസംഗങ്ങളുണ്ട്. അത് കൊളീജിയം അറിഞ്ഞിട്ടുണ്ടാകണം എന്നായിരുന്നു ബഞ്ചിൻ്റെ അഭിപ്രായപ്രകടനം. തുടർന്ന് കൊളീജിയം തീരുമാനത്തിൽ ഇടപെടാനുള്ള പ്രയാസം സൂചിപ്പിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഹരജി തള്ളിയത്. ഹരജി മാത്രമല്ല മുഖ്യ ന്യായാധിപനെ കൂടിയാണ് ഹരജി കേട്ട ന്യായാധിപർ തള്ളിയത്. കേന്ദ്ര സർക്കാറിൻ്റെ നിയമന വിജ്ഞാപനത്തിന് ശേഷം പ്രസ്താവിത വിഷയത്തിൽ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഒരു നീതിന്യായ ഇടപെടൽ അസാധ്യമല്ല. പക്ഷേ വർത്തമാനകാല ഇന്ത്യനവസ്ഥയിൽ പരമോന്നത നീതിപീഠത്തിൽ നിന്ന് അത്രതന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കൂടി പറയുന്നുണ്ട് കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങൾ. ഹൈക്കോടതി ജഡ്ജിയായി നിയമന വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം സത്യപ്രതിജ്ഞക്ക് മുമ്പ് നിയമനം റദ്ദാക്കിയ വിശേഷവും സുപ്രീം കോടതിയുടെ ചരിത്രത്തിലുണ്ട്. കൊളീജിയം സംവിധാനം ആരംഭിക്കുന്നതിന് മുമ്പ് 1992ൽ ആയിരുന്നു അത്. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിച്ച കെ എൻ ശ്രീവാസ്തവയുടെ കാര്യത്തിലാണ് സുപ്രീം കോടതി വീണ്ടുവിചാരം നടത്തിയത്. അഴിമതി ആരോപണമായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന പ്രധാന ആക്ഷേപം. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയോ ജുഡീഷ്യൽ ഓഫീസറാകുകയോ ചെയ്യാത്ത ശ്രീവാസ്തവക്ക് ഭരണഘടനയുടെ 217ാം അനുഛേദ പ്രകാരം ഹൈക്കോടതി ജഡ്ജിയാകാനുള്ള യോഗ്യതയില്ലെന്ന പരാതിയാണ് ഉയർന്നത്.
വിക്ടോറിയ ഗൗരിക്ക് ഹൈക്കോടതി ജഡ്ജിയാകാനുള്ള യോഗ്യതയുണ്ടോ എന്നതിലല്ല അതിൻ്റെ ഔചിത്യത്തിലാണ് തർക്കമെന്ന് പറഞ്ഞ ഡിവിഷൻ ബഞ്ച് അത് പരിശോധിക്കാൻ ഇതല്ല സമയമെന്ന നിരീക്ഷണവും നടത്തി. അവർ ഒരു അഡീഷനൽ ജഡ്ജി മാത്രമാണ്. അവരുടെ സ്ഥിരപ്പെടുത്തൽ തീരുമാനിക്കുന്ന സമയത്ത് അവർക്കെതിരായ ആക്ഷേപങ്ങൾ പരിഗണിക്കാൻ കഴിയുമെന്ന് പ്രസ്താവിച്ചാണ് സുപ്രീം കോടതി ഡിവിഷൻ ബഞ്ച് ഹരജി തള്ളിയത്. തങ്ങളുടെ വിധിയിൽ ബഞ്ചിന് തന്നെ ആത്മവിശ്വാസമില്ലെന്ന് കൂടിയാണ് മേൽപ്പറഞ്ഞതിൻ്റെ സാരം. സാധാരണ നിലയിൽ ആക്ടിംഗ് ജഡ്ജിയെ സ്ഥിരപ്പെടുത്തുന്നതിലെ തീരുമാനമെടുക്കാൻ രണ്ട് വർഷം വരെയാകാറുണ്ട്. അക്കാലം വരെ രാജ്യത്തെ ഭരണഘടനാ കോടതികളിലൊന്നിൽ ആ പദവിക്ക് അനുയോജ്യയല്ലാത്ത ന്യായാധിപ നിയമ വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കട്ടെ എന്ന് പരമോന്നത നീതിപീഠം തന്നെ കരുതുന്നതിലെ അപകടം എത്ര വലുതാണെന്ന് ചിന്തിച്ചു നോക്കൂ.
ഭരണകൂടത്തിന് വിജയച്ചിരി
പ്രധാനമന്ത്രിയെ വിമർശിക്കുന്ന ലേഖനം സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്തു എന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ മടക്കിയ ജോൺ സത്യൻ്റെ നാമനിർദേശം കഴിഞ്ഞ ജനുവരി 17ന് വീണ്ടുമയച്ചു സുപ്രീം കോടതി കൊളീജിയം. അക്കൂട്ടത്തിലെ നാമനിർദേശങ്ങളിൽ ഒന്ന് വിക്ടോറിയ ഗൗരിയുടെതായിരുന്നു. ഇരുവരെയും നാമനിർദേശം ചെയ്തത് മദ്രാസ് ഹൈക്കോടതിയിലേക്കുമായിരുന്നു. പുതിയ നാമനിർദേശങ്ങളിൽ ഉൾപ്പെട്ടവരേക്കാൾ സീനിയോറിറ്റിയിൽ മുൻഗണന ജോൺ സത്യന് നൽകണമെന്ന നിർദേശവും സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാറിന് മുമ്പിൽ വെച്ചിരുന്നു. എന്നാൽ ജോൺ സത്യൻ്റെ ശിപാർശയിൽ തീരുമാനമെടുക്കാത്ത ഭരണകൂടം മഹിളാ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ തന്നെ വിക്ടോറിയ ഗൗരിയുടെ കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അംഗീകാരം നൽകി നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രിയുടെ പ്രചാരണ വാക്യമായിരുന്നു അവരുടെ ട്വിറ്റർ ഹാൻഡിലിൽ കഴിഞ്ഞ ദിവസം വരെ കണ്ടിരുന്നത് എന്നുമോർക്കണം. വിക്ടോറിയ ഗൗരിയുടെ ന്യായാധിപ പദവിയോടെ സുപ്രീം കോടതി കൊളീജിയം ഗുരുതരമായ അപചയത്തിലാണകപ്പെട്ടിരിക്കുന്നത്. അവർക്ക് ന്യായാധിപയാകാൻ അവസരമൊരുക്കിയതിലൂടെ കളങ്കിതർക്ക് നീതിപീഠങ്ങളിൽ ഇരിപ്പിടം കണ്ടെത്താൻ വഴിമരുന്നിട്ട കൊളീജിയം നടപടി മാപ്പർഹിക്കാത്തതാണ്.
മാറ്റം അനിവാര്യം
വിക്ടോറിയ ഗൗരിയുടെ പശ്ചാത്തലത്തെക്കുറിച്ച് സുപ്രീം കോടതി കൊളീജിയത്തിന് നേരത്തേ അറിവില്ലായിരുന്നു എന്ന ചീഫ് ജസ്റ്റിസിൻ്റെ വിശദീകരണം മുഖവിലക്കെടുക്കാമെങ്കിൽ ഭരണഘടനാ കോടതികളിലെ ന്യായാധിപ നിയമനത്തിലെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ അതുയർത്തുന്നുണ്ട്. നാമനിർദേശം ചെയ്യപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ കൊളീജിയം ഭരണകൂട മിഷനറികളെ മാത്രം അവലംബിക്കുന്നതിൽ പുനരാലോചന അനിവാര്യമാണ്. നാമനിർദേശം ചെയ്യപ്പെടുന്നവരുടെ നീതിന്യായ യോഗ്യതകൾ അറിയാൻ സുപ്രീം കോടതി കൊളീജിയത്തിന് പ്രയാസമുണ്ടാകില്ല. അതേസമയം അവരെക്കുറിച്ചുള്ള മറ്റു വിവരങ്ങൾക്ക് ഇൻ്റലിജൻസ് ബ്യൂറോ റിപോർട്ടിനെയാണ് കൊളീജിയം ആശ്രയിക്കുന്നത്. വിക്ടോറിയ ഗൗരിയുടെ വിദ്വേഷ പ്രസംഗങ്ങളും ലേഖനങ്ങളും കാണാതിരിക്കുകയും ജോൺ സത്യൻ പ്രധാനമന്ത്രിക്കെതിരായ ലേഖനം ഷെയർ ചെയ്തത് കാണുകയും ചെയ്ത ഐ ബി റിപോർട്ടുകളെ അധികകാലം കൊളീജിയത്തിന് കൊള്ളാനാകില്ല.
source https://www.sirajlive.com/collegium-is-a-great-achievement.html
Post a Comment