കിറ്റിൽ ചുവടൊന്ന് പിഴച്ചു; വ്യാപാരികൾക്ക് നഷ്ടം മൂന്നിരട്ടി

കോഴിക്കോട് | റേഷന്‍ വ്യാപാരികളില്‍ നിന്ന് നഷ്ടപ്പെട്ട കിറ്റുകളുടെ പേരില്‍ ഇരട്ടി തുക ഈടാക്കാന്‍ ശ്രമിക്കുന്നതായി പരാതി. കൊവിഡ് കാലത്ത് വിതരണത്തിന് എത്തിയ കിറ്റുകളില്‍ റേഷന്‍ കടകളില്‍ നിന്ന് നഷ്ടപ്പെട്ടവക്ക് 1,000 രൂപ വരെ ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടിയാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

റേഷന്‍ വ്യാപാരികള്‍ക്ക് കുടിശ്ശിക വന്ന മുഴുവന്‍ കിറ്റുകളുടേയും കമ്മീഷന്‍ നല്‍കണമെന്ന് കോടതി നിർദേശം വന്നതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്ന് ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ പരാതിപ്പെട്ടു.

കൊവിഡ് കാലത്ത് ശരാശരി 95 ശതമാനം കിറ്റുകളായിരുന്നു റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്നത്. പല റേഷന്‍ കടയിലേക്കും കിറ്റിനോടൊപ്പം മുന്‍കൂട്ടി തയ്യാറാക്കിയ രസീതാണ് മാവേലി സ്റ്റോറുകാര്‍ നല്‍കിയിരുന്നത്. ഈ കണക്കില്‍ രേഖപ്പെടുത്തിയിരുന്ന കിറ്റുകള്‍ ഇറക്കുന്ന വേളയില്‍ വെളിച്ചെണ്ണ പൊട്ടിയൊലിച്ചത് മൂലം മറ്റു സാധനങ്ങള്‍ ഉപയോഗ ശൂന്യമായതിനാല്‍ കിറ്റുകള്‍ സപ്ലൈക്കോ തിരിച്ചു കൊണ്ടു പോയിരുന്നു. എന്നാല്‍ മുന്‍കൂട്ടി നല്‍കിയ ബില്ല് പട്ടികയില്‍ മാറ്റം വരുത്താതെയാണ് കിറ്റുകള്‍ തിരിച്ചെടുത്തത്.

എന്‍ എസ് എഫ് എ ഗോഡൗണുകളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ ഇ-ബയോമെട്രിക് സംവിധാനത്തിലൂടെയാണ് ഇ-പോസിലൂടെ നേരിട്ട് കടക്കാര്‍ വരവ് സ്വീകരിക്കാറുള്ളത്. എന്നാല്‍ കിറ്റിൻ്റെ രസീത് സപ്ലൈ ഓഫീസില്‍ നിന്ന് നേരിട്ട് വരവ് പിടിക്കുകയാണ് ചെയ്തിരുന്നത്. ഇത്തരം കാരണങ്ങള്‍ കൊണ്ടും വ്യാപാരികളുടെ അശ്രദ്ധ കാരണവും ചില കടകളില്‍ നിന്ന് ഒന്നോ രണ്ടോ കിറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.

ഇത്തരത്തില്‍ നഷ്ടപ്പെട്ട കിറ്റിന് മാര്‍ക്കറ്റ് വിലയായ പരമാവധി 350 രൂപ വരെ അടക്കുന്നതിന് തയ്യാറാണെന്ന് വ്യാപാരികള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരു കിറ്റിന് മൂന്നിരട്ടി ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും നെടുമങ്ങാട് താലൂക്കുകളില്‍ 1,000 രൂപ വീതം ഈടാക്കിത്തുടങ്ങിയെന്നും വ്യാപാരികള്‍ പരാതിപ്പെട്ടു.

ഈ നീക്കം വട്ടിപ്പലിശക്കാരനെ പോലും നാണിപ്പിക്കുന്ന നടപടിയാണെന്നും ഭക്ഷ്യ വകുപ്പ് ഈ നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി മുഹമ്മദലി, സംഘടനാ വക്താവ് സി മോഹനന്‍ പിള്ള ആവശ്യപ്പെട്ടു.



source https://www.sirajlive.com/a-step-in-the-kit-went-wrong-traders-lose-threefold.html

Post a Comment

Previous Post Next Post