ഇത് ബജറ്റോ വയറ്റത്തടിയോ?

കേരള ജനത നാളിതുവരെ അഭിമുഖീകരിക്കാത്ത വിധത്തിലുള്ള, സമാനതയില്ലാത്ത അഗ്നിപരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരുഭാഗത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ തീപിടിച്ച വില. മറുഭാഗത്ത് അമിതമായ നികുതി ഭാരം. നിത്യജീവിതത്തില്‍ അത്യാവശ്യമായ സകലതിനും വില കൂടിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന തെറ്റായ സാമ്പത്തിക നയങ്ങളുടെയും പൊതുമേഖലയിലെ സ്വകാര്യവത്കരണത്തിൻ്റെയും ബഹുരാഷ്ട്ര കുത്തകകളോടുള്ള ഉദാര സമീപനത്തിൻ്റെയും പരിണത ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുന്നതിൻ്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്.

കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് കൊല്ലുന്ന ബജറ്റായിരുന്നു കഴിഞ്ഞയാഴ്ച കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചിരുന്നത്. കേരളത്തിൻ്റെ വികസനത്തിനും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകരമായ നിര്‍ദേശങ്ങളൊന്നും കേന്ദ്രബജറ്റില്‍ ഉണ്ടായിരുന്നില്ല. കേരളം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചിരുന്നത് എയിംസിൻ്റെ കാര്യത്തിലാണ്. എയിംസ് കേരളത്തിന് അനുവദിക്കുന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശമൊന്നും ബജറ്റിലുണ്ടായിരുന്നില്ല. കേരളത്തില്‍ എയിംസ് എവിടെ അനുവദിക്കണമെന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പവും ഇതിനൊരു കാരണമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കൂടുതലുള്ള കാസര്‍കോട് ജില്ലക്ക് തന്നെ എയിംസ് അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന വാദം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ എയിംസിൻ്റെ കാര്യം കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ നിന്ന് പിറകോട്ട് പോകാന്‍ ഈ തര്‍ക്കം കാരണമായിട്ടുണ്ടോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊരു അവസരമാക്കി കേരളത്തിന് എയിംസ് നല്‍കാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ഒട്ടേറെ വികസന പദ്ധതികളാണ് കേരളം ആസൂത്രണം ചെയ്തിരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് കേരള സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. ബജറ്റില്‍ അതേക്കുറിച്ചൊന്നും പരാമര്‍ശമുണ്ടായില്ല. കൊവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചും ബജറ്റ് മൗനം പാലിച്ചു. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ജി എസ് ടി വരുമാനം 40ഃ60 എന്ന അനുപാതത്തില്‍ പങ്കിടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണത്തിനും നിപ്പാ പോലുള്ള വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള ഘടകങ്ങള്‍ ഉത്പാദിപ്പിക്കാന്‍ അത്യാധുനിക നിര്‍മാണ യൂനിറ്റിനും തുക വകയിരുത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം കൂടി നല്‍കുക, കേന്ദ്രം പിരിക്കുന്ന ആദായ നികുതി അടക്കമുള്ളവയില്‍ നിന്ന് വിഹിതം കൂട്ടുക, സെസ് സര്‍ചാര്‍ജ് ഒഴിവാക്കുക, കടമെടുപ്പ് പരിധി ജി ഡി പിയുടെ നാലര ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായവും വെട്ടിക്കുറച്ചിട്ടുണ്ട്.

കേരളത്തിലെ റബ്ബര്‍ കൃഷിക്ക് പ്രയോജനപ്പെടുന്ന നിര്‍ദേശമുണ്ടെന്നത് മാത്രമാണ് അല്‍പ്പം ആശ്വാസകരം. ഇറക്കുമതി ചെയ്യുന്ന റബ്ബറിൻ്റെ കോമ്പൗണ്ടിംഗ് ഇറക്കുമതി ചുങ്കം 25 ശതമാനമാക്കിയതാണ് റബ്ബര്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നത്. എന്നാല്‍ മറ്റ് തോട്ടം വിളകളുടെ ഉന്നമനത്തിനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. കേരളത്തിലെ ആരോഗ്യ മേഖലയുടെ പുരോഗതിക്കുള്ള നിര്‍ദേശങ്ങളുമുണ്ടായില്ല. കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, കേരളത്തില്‍ എയിംസിന് തുല്യമായ ആരോഗ്യ കേന്ദ്രം, മലബാര്‍ ക്യാന്‍സര്‍ സെൻ്ററിനെ കേന്ദ്ര രാഷ്ട്രീയ ആരോഗ്യ നിധിയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ കേരളത്തിൻ്റെ ആവശ്യങ്ങളില്‍ ഒന്ന് പോലും കേന്ദ്ര ബജറ്റില്‍ പരിഗണിച്ചില്ല. ഗ്രാമീണ മേഖലയിലെ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുകയും കേന്ദ്രം വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 89,400 കോടിയാണ് നല്‍കിയതെങ്കില്‍ ഇത്തവണ 60,000 കോടി രൂപമാത്രമാണ് നീക്കിവെച്ചത്. ഇതോടെ കേരളത്തില്‍ തൊഴില്‍ അരക്ഷിതാവസ്ഥ വര്‍ധിക്കുമെന്നാണ് ആശങ്ക. കേരളത്തിലെ പൊതുവിതരണ സംവിധാനങ്ങളെ ആകെ കേന്ദ്രം തകര്‍ക്കുകയാണ്. കേരളത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ വെട്ടിക്കുറച്ചു. വല്ലപ്പോഴും ലഭിച്ചിരുന്ന പുഴുക്കലരിയുടെ വിതരണം പോലും നിലച്ചു. കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് തീവില കൊടുത്ത് പുഴുക്കലരി വാങ്ങാന്‍ പൊതുജനങ്ങള്‍ നിര്‍ബന്ധിതമാകുകയാണ്.

കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ നല്ല നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം അധിക ബാധ്യത വരുത്തുന്ന നികുതി നിര്‍ദേശങ്ങള്‍ അതീവ ആശങ്കയോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതും നികുതികള്‍ ഇരട്ടിയാക്കിയതുമൊക്കെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകാന്‍ ഇടവരുത്തും. പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും നിലനിര്‍ത്താന്‍ ഇതൊക്കെ ആവശ്യമാണെന്ന് ധനമന്ത്രി പറയുന്നു. പെട്രോളിനും ഡീസലിനും വില കൂട്ടുമ്പോള്‍ അത് സാധാരണക്കാരായ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. ഓട്ടോ-ടാക്സി നിരക്കുകള്‍ അതിനനുസരിച്ച് കൂടും.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അടുത്തിടെയാണ് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. കൊവിഡിന് ശേഷം പല ബസ് സര്‍വീസുകളും നിര്‍ത്തിയതിനാല്‍ ജോലിക്ക് പോകുന്ന നല്ലൊരു ശതമാനം ആളുകളും സഞ്ചരിക്കാന്‍ ഉപയോഗിക്കുന്നത് സ്വന്തം ഇരുചക്ര വാഹനങ്ങളാണ്. ജോലി ചെയ്തുള്ള വരുമാനത്തില്‍ നിന്ന് പെട്രോളിന് നല്ലൊരു തുക ചെലവാകുന്നതിനാല്‍ ഇവര്‍ക്ക് വലിയ സാമ്പത്തികബാധ്യത നേരിടേണ്ടിവരുന്നു. കടത്തുകൂലി വര്‍ധിക്കുന്നതോടെ അവശ്യ സാധനങ്ങളുടെ വില വീണ്ടും വര്‍ധിക്കും. ഭൂമി ഇടപാടുകള്‍ക്ക് ഭാരിച്ച ചെലവ് വരുന്നതിനാല്‍ ഭൂമിവ്യാപാരത്തെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിര്‍മാണ സാധനങ്ങള്‍ക്ക് വില കൂടാനും ഇത് ഇടവരുത്തും. സാധാരണക്കാരുടെ വീടുപണി ദുഷ്‌കരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും.
ഇതിനെല്ലാം പുറമെയാണ് വെള്ളത്തിനും വില കൂട്ടിയിരിക്കുന്നത്. ബജറ്റില്‍ ഇതേക്കുറിച്ചുള്ള നിര്‍ദേശമൊന്നും ഉണ്ടായിരുന്നില്ല. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍ ഡി എഫ് കഴിഞ്ഞ മാസം 13ന് സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് ഏപ്രില്‍ മാസത്തിലാണ്. എന്നാല്‍ വെള്ളത്തിൻ്റെ നിരക്ക് വര്‍ധന നിലവില്‍ വന്നിരിക്കുകയാണ്. പുതിയ നിരക്ക് പ്രകാരം ആയിരം ലിറ്ററിന് 10 രൂപയാണ് വര്‍ധിക്കുക. എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും നിരക്ക് കൂടുന്നുണ്ട്. പുതിയ നിരക്കില്‍ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200-400 രൂപ അധികം നല്‍കേണ്ടി വരുമെന്ന് വ്യക്തമാണ്.

ഇപ്പോഴുള്ളതിൻ്റെ മൂന്നിരട്ടി വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലംഗ കുടുംബം പ്രതിമാസം ശരാശരി 15,000 മുതല്‍ 20,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നുണ്ട്. മാസം 5,000 ലിറ്റര്‍ വരെ മിനിമം താരിഫ് 22.05 രൂപയായിരുന്നു. ഇനി 72.05 രൂപ നല്‍കേണ്ടിവരും. വെള്ളം ഉപയോഗിച്ചില്ലെങ്കില്‍ പോലും പ്രതിമാസം 5,000 ലിറ്റര്‍ ഉപയോഗിക്കുന്നതായി കണക്കാക്കിയാണ് മിനിമം ചാര്‍ജ് അടക്കേണ്ടത്. 5,000 ലിറ്ററിന് മുകളില്‍ വരുന്ന ഓരോ 1,000 ലിറ്ററിൻ്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂപയാകും.
ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ ആത്മഹത്യ ചെയ്യുന്നവര്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ അത്തരക്കാരുടെ എണ്ണം പിന്നെയും കൂട്ടാന്‍ ഇടവരുത്തുന്ന നടപടികളില്‍ നിന്ന് അധികാരികള്‍ പിന്‍മാറിയേ മതിയാകൂ.



source https://www.sirajlive.com/547876.html

Post a Comment

Previous Post Next Post