കൊച്ചി | ഗുണമേന്മയുള്ള പഴം, പച്ചക്കറികൾ എന്നിവ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് സംഭരിച്ച് ഉപഭോക്താക്കളിലെത്തിക്കാനായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ (വി എഫ് പി സി കെ) നേതൃത്വത്തിൽ ആരംഭിച്ച തളിർ, തളിർ ഗ്രീൻ ഔട്ട്‌ലെറ്റുകളിൽ മിക്കതും പ്രവർത്തനരഹിതം. റീബിൽഡ് കേരള പദ്ധതിയുടെ സഹായത്തോടെ ലക്ഷങ്ങൾ ചിലവിട്ട് വിവിധ ജില്ലകളിലായി തുടങ്ങിയ വിപണന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും നിലവിൽ പ്രവർത്തിക്കുന്നില്ല. വിഷരഹിത പച്ചക്കറികൾ മാത്രം വിപണനം ചെയ്യാനായി തുടങ്ങിയ ഔട്ട്‌ലെറ്റുകളിൽ ചിലത് ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് മീനും ഇറച്ചിയുമടക്കം കച്ചവടം ചെയ്യുന്ന കേന്ദ്രങ്ങളായും മാറി. കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച പഴം, പച്ചക്കറികൾ തളിർ എന്ന ബ്രാൻഡിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന പദ്ധതിയും പാളി.
റീബിൽഡ് കേരള വഴി 20 കോടിയോളം രൂപ ചിലവിട്ട പദ്ധതികളാണ് എങ്ങുമെത്താതെ പോയത്. നടത്തിപ്പിലെ പിടിപ്പുകേട് കാരണമാണ് സാധാരണക്കാരായ കർഷകർക്കും അതിലേറെ ഉപഭോക്താക്കൾക്കും ഗുണപ്രദമാകുമായിരുന്ന പദ്ധതികൾക്ക് താഴിടേണ്ടി വന്നത്. സംസ്ഥാനത്താകെ വിവിധ ജില്ലകളിലായി നൂറിൽ താഴെ വിപണന കേന്ദ്രങ്ങളാണ് ആരംഭിച്ചിരുന്നത്. തളിർ, തളിർ ഗ്രീൻ എന്നീ രണ്ട് പേരുകളിൽ ഔട്ട്്ലെറ്റുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും മാസങ്ങൾ മാത്രമേ മിക്ക ഔട്ട്‌ലെറ്റുകൾക്കും ആയുസ്സുണ്ടായുള്ളൂ. കൊച്ചിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇടപ്പള്ളിയിലെ തളിർ ഔട്ട്‌ലെറ്റ് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പോലും തികച്ച് പ്രവർത്തിച്ചില്ല.
കർഷകരുടെ ഉത്പന്നങ്ങൾ കൃത്യമായി സംഭരിച്ച് എത്തിക്കാൻ സംവിധാനമില്ലാതിരുന്നതും വിപണിയിൽ ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നതിലുള്ള കാര്യക്ഷമതക്കുറവുമെല്ലാം തളിർ ഔട്ട്‌ലെറ്റുകളുടെ അടച്ചുപൂട്ടലിന് കാരണമായി. വി എഫ് പി സി കെയുടെ തലപ്പത്ത് നടന്ന അഴിച്ചുപണിയും അനർഹരായ പലർക്കും ഔട്ട്്ലെറ്റുകൾ അനുവദിച്ചതും പദ്ധതികളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലാകാൻ കാരണമായതായി ആക്ഷേപമുണ്ട്. വിവിധ ജില്ലകളിൽ ഉത്തമ കൃഷിരീതി സ്വീകരിക്കുന്ന തിരഞ്ഞെടുത്ത കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിപണനം നടത്താനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്.
വിഷരഹിതമായ പച്ചക്കറികൾ ശുചീകരിച്ച് പാക്കറ്റിലാക്കി ഇവയുടെ വിൽപ്പന തളിർ ഔട്ട്‌ലെറ്റുകളിലൂടെയും വി എഫ് പി സി കെ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന 30 ജൈവ വളങ്ങളും, ഉൽപാദനോപാധികളും, വിത്ത്, തൈകൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയും “സേഫ് ടു ഈറ്റ്’ പഴം പച്ചക്കറികളും രണ്ട് വിഭാഗങ്ങളിലായി തളിർ ഗ്രീൻ ഷോപ്പുകളിലും ലഭ്യമാക്കാനായിരുന്നു തീരുമാനം. ഇതോടൊപ്പം തളിർ ബ്രാൻഡിൽ ഉത്പന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കാനും പരിപാടി ആവിഷ്‌കരിച്ചു. ഇതൊന്നും നടത്താനായില്ല. ഏഴര ടൺ നേന്ത്രക്കായ തളിർ ബ്രാൻഡിൽ ഒരു തവണ കയറ്റുമതി ചെയ്‌തെങ്കിലും പിന്നീട് അതിനും സാധിച്ചില്ല.
source https://www.sirajlive.com/vegetable-and-fruit-promotion-council-not-greening-quot-shoot-quot-outlets.html
Post a Comment