പഞ്ചാബിൽ സർക്കാർ- ഗവർണർ പോര് പുതിയ തലത്തിലേക്ക്; മുഖ്യമന്ത്രിയുടെ കത്തിൽ ഗവർണർക്ക് കടുത്ത അതൃപ്തി

ചണ്ഡീഗഢ് | ബി ജെ പി ഇതര പാർട്ടികൾ ഭരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെന്ന പോലെ പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാറും ഗവർണർ ബൻവാരിലാൽ പുരോഹിതും തമ്മിലുള്ള പോര് കൂടുതൽ കടുക്കുന്നു. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത മാസം മൂന്നിന് വിളിച്ചുചേർക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന കത്തിൽ തീരുമാനമെടുക്കാൻ വൈകുമെന്ന സൂചനയാണ് രാജ്ഭവൻ നൽകുന്നത്. കത്തിൽ മുഖ്യമന്ത്രി ഭഗ്‌വന്ത് മാൻ ഉപയോഗിച്ച ഭാഷയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവർണർ, നിയമോപദേശം തേടിയ ശേഷം മാത്രമേ ബജറ്റ് സമ്മേളനം വിളിച്ചുചേർക്കുന്നതിൽ തീരുമാനമെടുക്കൂവെന്ന് വ്യക്തമാക്കി. ഭരണഘടനാവിരുദ്ധവും അങ്ങേയറ്റം നിന്ദ്യമായതുമായ ഭാഷയാണ് മുഖ്യമന്ത്രി ഉപയോഗിച്ചതെന്ന് ഗവർണർ ആരോപിച്ചു.

കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർ- സർക്കാർ പോര് അനുസ്മരിപ്പിക്കും വിധം ആം ആദ്മി സർക്കാർ കൈക്കൊണ്ട പല തീരുമാനങ്ങളിലും എതിർപ്പ് പ്രകടിപ്പിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചതോടെയാണ് പുതിയ പോര് ആരംഭിച്ചത്.
സംസ്ഥാനത്തെ സ്‌കൂൾ പ്രിൻസിപ്പൽമാരുടെ വിദേശ പര്യടനം സംബന്ധിച്ചാണ് തർക്കത്തിന്റെ തുടക്കം. ഈ മാസം ആറ് മുതൽ പത്ത് വരെ സിംഗപ്പൂരിൽ നടന്ന പ്രൊഫഷനൽ അധ്യാപക പരിശീലന സെമിനാറിലേക്ക് പഞ്ചാബ് സർക്കാർ 36 സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽമാരെ അയച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽമാരെ തിരഞ്ഞെടുത്തതിൽ ക്രമക്കേടുകളുണ്ടായെന്നും വിശദീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. എന്നാൽ കത്തിന് മറുപടി പറയില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ഗവർണറെ കൂടുതൽ ചൊടിപ്പിച്ചു.

ബഹുമാനപ്പെട്ട ഗവർണർ സർ, താങ്കളുടെ കത്ത് ലഭിച്ചത് മാധ്യമങ്ങളിലൂടെയാണ്. കത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സംസ്ഥാന വിഷയങ്ങളാണ്. ഭരണഘടനയനുസരിച്ച് ഞാനും എന്റെ സർക്കാറും കോടി പഞ്ചാബികളോടാണ് ഉത്തരവാദികൾ. കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ട കാര്യം എനിക്കില്ല. ഇത് എന്റെ മറുപടിയായി പരിഗണിക്കൂ എന്നായിരുന്നു ഭഗ്‌വന്ത് മാന്റെ പ്രതികരണം. ഇക്കാര്യം ട്വിറ്ററിൽ പങ്കുവെക്കുക കൂടി ചെയ്തതോടെയാണ് ഗവർണർ നിലപാട് കടുപ്പിച്ചത്.

ജനങ്ങളാണ് നിങ്ങളെ തിരഞ്ഞെടുത്തത് എന്നതിനോട് ഞാൻ പൂർണമായി യോജിക്കുന്നുവെന്ന് പറഞ്ഞ ഗവർണർ, ഭരണനിർവഹണം നടത്തേണ്ടത് ഭരണഘടന അനുസരിച്ചാണെന്നും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കതീതമായല്ല ഭരണം നടത്തേണ്ടതെന്നും തിരിച്ചടിച്ചു.

കഴിഞ്ഞ വർഷം സെപ്തംബറിലും ഗവർണറും സർക്കാറും തമ്മിലുള്ള പോര് രൂക്ഷമായിരുന്നു. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യം ഗവർണർ തള്ളിയതാണ് തർക്കത്തിന് ആധാരമായത്. ആദ്യം അനുമതി നൽകിയ ഗവർണർ പിന്നീട് പിന്മാറുകയായിരുന്നു. സഭാചട്ടങ്ങൾ അനുവദിക്കുന്നതല്ല പ്രത്യേക സമ്മേളനമെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി രാജ്ഭവനെ സമീപിച്ചതോടെയാണ് ഗവർണർ തീരുമാനം മാറ്റിയത്.



source https://www.sirajlive.com/government-governor-war-in-punjab-reaches-new-level-the-governor-is-deeply-dissatisfied-with-the-chief-minister-39-s-letter.html

Post a Comment

Previous Post Next Post