‘നമസ്‌കാരം, വാര്‍ത്തകള്‍ വായിക്കുന്നത് ആര്‍ എസ് എസ്..’

 

മെിസമൃമിൃമഷലല്@ഴാമശഹ.രീാ
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആകാശവാണിയും ദൂരദര്‍ശനും ഉടമകളോടുള്ള കൂറും വിശ്വസ്തതയും പുലര്‍ത്തുന്നതില്‍ അതിന്റെ തുടക്കം മുതല്‍ പിന്നാക്കമായിരുന്നില്ല. ഉടമയുടെ താത്പര്യ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്തന്നെ ജനോപകാരപ്രദമായ പരിപാടികള്‍ അവതരിപ്പിക്കാനും വിവരങ്ങളുടെ പ്രസരണം നടത്താനുമാണ് അവ ശ്രമിച്ചിരുന്നത്. സ്വകാര്യ ഉടമസ്ഥതയില്‍ പത്രങ്ങള്‍ ധാരാളമുണ്ടായിരുന്നുവെങ്കിലും വാര്‍ത്തകള്‍ക്കും അതിന്റെ ആധികാരികത ഉറപ്പിക്കാനും ആകാശവാണിയെ ജനം ആശ്രയിച്ചിരുന്നു. ദൂരദര്‍ശന്റെ തുടക്ക കാലത്തും ഇതേ പ്രവണതയുണ്ടായിരുന്നു. വിവരങ്ങള്‍ കലര്‍പ്പില്ലാതെ അവതരിപ്പിക്കുന്ന സ്ഥാപനങ്ങളെന്ന പ്രതീതി, സര്‍ക്കാറിന്റെ ഔദ്യോഗിക ജിഹ്വയായിരിക്കെത്തന്നെ, ജനിപ്പിക്കാന്‍ അവക്ക് സാധിച്ചിരുന്നു.

പത്രങ്ങള്‍ വൈവിധ്യവത്കരിക്കപ്പെടുകയും ഭിന്നമായ രാഷ്ട്രീയ താത്പര്യങ്ങളെ അധികരിച്ച് സര്‍ക്കാറുകളെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കാന്‍ ശ്രമിക്കുകയും തുടങ്ങിയതോടെ ആകാശവാണിയെയും ദൂരദര്‍ശനെയും മറികടന്ന് അവയെ ജനം കൂടുതല്‍ ആശ്രയിച്ചു തുടങ്ങി. സ്വകാര്യ ചാനലുകള്‍ പ്രവര്‍ത്തനം തുടങ്ങുകയും മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍, എണ്ണിയാല്‍ തീരാത്തത്ര, സജീവമാകുകയും ചെയ്തതോടെ ദൂരദര്‍ശന്റെ പ്രഭാവത്തിനും ഇടിവുണ്ടായി. എങ്കിലും വാര്‍ത്താവിതരണത്തിലെ ആധികാരിക സ്രോതസ്സായി ആകാശവാണിയെയും ദൂരദര്‍ശനെയും കാണുന്ന കോടിക്കണക്കിനാളുകള്‍ ഇപ്പോഴുമുണ്ട് രാജ്യത്ത്.

ആ സ്റ്റാറ്റസ് ഇപ്പോഴും നിലനിര്‍ത്തുന്ന ആകാശവാണിയും ദൂരദര്‍ശനും തീവ്ര ഹിന്ദുത്വ വാദികള്‍ അധികാരം പിടിക്കുന്നതിന് മുമ്പ് തന്നെ ഹിന്ദുത്വ അജന്‍ഡകളുടെ വാഹകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകാനന്തരം രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് സര്‍വകാല ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന കാലത്താണ് രാമാനന്ദ സാഗറിന്റെ സംവിധാനത്തില്‍ രാമായണം ദൂരദര്‍ശനില്‍ ഖണ്ഡശ്ശയായി സംപ്രേഷണം ചെയ്യപ്പെട്ടത്. ആ പരമ്പര ഏതുവിധത്തിലാണ് സംഘ്പരിവാരത്തിന്റെ ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുക എന്ന ഇഷ്ട പ്രൊജക്ടിന് ഗതിവേഗം കൂട്ടിയത് എന്നത് അത്ര പഴകിയ ചരിത്രമല്ല. 1987 ജനുവരിയില്‍ തുടങ്ങി 1988 ആഗസ്റ്റോടെ അവസാനിച്ച പരമ്പര, രണ്ട് വര്‍ഷത്തിനിപ്പുറം എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ അയോധ്യയിലേക്കുള്ള രഥയാത്രക്ക് നല്‍കിയ ഊര്‍ജം ചെറുതായിരുന്നില്ല. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കാനുള്ള വി പി സിംഗ് സര്‍ക്കാറിന്റെ തീരുമാനം ഉണ്ടാക്കാന്‍ ഇടയുള്ള പിന്നാക്ക വിഭാഗക്കാരുടെ രാഷ്ട്രീയമായ ഉയിര്‍ത്തെഴുന്നേല്‍ക്കലിന് തടയിട്ട്, സവര്‍ണാധിപത്യത്തിന്‍ കീഴിലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയുറപ്പാക്കുക എന്നതായിരുന്നു രഥയാത്രയുടെ ലക്ഷ്യം. അതിനായി ഭൂരിപക്ഷ വര്‍ഗീയത തിളപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രാമായണ പരമ്പരയുണ്ടാക്കിയ വൈകാരിക അന്തരീക്ഷം വലിയ സഹായം ചെയ്തു. വിജയദശമി ദിനത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നാഗ്പൂരിലെ ആസ്ഥാനത്ത് സര്‍സംഘ്ചാലക് നടത്തുന്ന പ്രഭാഷണം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത് 2014ന് ശേഷമാണെന്നതും ഓര്‍ക്കുക.

അവ്വിധം ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുത്വ അജന്‍ഡക്ക് വേരോട്ടമുണ്ടാക്കിയ സംവിധാനത്തെ ഹിന്ദു രാഷ്ട്രത്തിന്റെ ഔദ്യോഗിക ജിഹ്വയാക്കി മാറ്റുക എന്ന പദ്ധതിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആകാശവാണിക്കും ദൂരദര്‍ശനും എല്ലാ പ്രധാന കേന്ദ്രങ്ങളിലും സ്വന്തം ലേഖകരുണ്ടെങ്കിലും ഇതര മേഖലകളില്‍ നിന്നുള്ള വാര്‍ത്തക്കും ചിത്രത്തിനും ദൃശ്യത്തിനുമൊക്കെ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയെയും യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയെയുമാണ് ആശ്രയിച്ചിരുന്നത്. ഇപ്പോഴും വിശ്വാസ്യത നിലനിര്‍ത്തുന്ന രാജ്യത്തെ രണ്ട് പ്രധാന വാര്‍ത്താ ഏജന്‍സികള്‍. ഇതില്‍ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയെ നേരത്തേ ഒഴിവാക്കിയ പ്രസാര്‍ഭാരതി (ദൂരദര്‍ശന്റെയും ആകാശവാണിയുടെയും നടത്തിപ്പിനുള്ള സ്വയംഭരണസ്ഥാപനം) ഇപ്പോള്‍ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയെയും ഒഴിവാക്കി ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന സംഘ്പരിവാര്‍ ഏജന്‍സിയെ വാര്‍ത്തക്കായി പൂര്‍ണമായും ആശ്രയിക്കുകയാണ്. 2017 മുതല്‍ പ്രസാര്‍ ഭാരതിക്ക് സൗജന്യമായി വാര്‍ത്തയും ദൃശ്യങ്ങളുമൊക്കെ നല്‍കിയിരുന്ന ഹിന്ദുസ്ഥാന്‍ സമാചാറിനെ 7.7 കോടി വരിസംഖ്യയായി നല്‍കി 25 മാസത്തേക്ക് ഏക ഔദ്യോഗിക ഏജന്‍സിയാക്കി. 12 ഭാഷകളിലുള്ള വാര്‍ത്താ ഫീഡാണ് ഇക്കാലയളവില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രസാര്‍ഭാരതിക്ക് നല്‍കേണ്ടത്.
ആര്‍ എസ് എസ് പ്രചാരകായിരുന്ന ശിവറാം ശങ്കര്‍ ആപ്‌തെ (വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ആപ്‌തെ) ഹിന്ദുത്വ ദേശീയതയെ പ്രോത്സാഹിപ്പിക്കും വിധത്തിലുള്ള വാര്‍ത്തകളുടെ വിതരണത്തിന് വേണ്ടി 1948ല്‍ ആരംഭിക്കുകയും വേണ്ടത്ര വരിക്കാരെ ലഭിക്കാത്തത് മൂലം മുടന്തിനീങ്ങി ഒരുവേള പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്ത ഹിന്ദുസ്ഥാന്‍ സമാചാര്‍, 1999 മുതല്‍ 2004 വരെ അധികാരത്തിലിരുന്ന എ ബി വാജ്പയി സര്‍ക്കാറിന്റെ കാലത്താണ് സജീവമാകുന്നത്.

അപ്പോഴേക്ക് ബി ജെ പി ആര്‍ജിച്ച അധികാര അവസരങ്ങള്‍ മുതലെടുത്ത് ഹിന്ദുസ്ഥാന്‍ സമാചാര്‍ വളര്‍ന്നു. ബി ജെ പിയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് ചാഞ്ഞുതുടങ്ങിയ സ്വകാര്യ മാധ്യമ സ്ഥാപനങ്ങള്‍ പലതും ഹിന്ദുസ്ഥാന്‍ സമാചാറിന്റെ വരിക്കാരായി. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട്, 2013ല്‍ നരേന്ദ്ര മോദി പ്രചാരണം തുടങ്ങിയതോടെ, മുമ്പ് മുതല്‍ തന്നെ സംഘ്പരിവാര്‍ അജന്‍ഡകള്‍ മൃദുവായി പിന്തുടര്‍ന്നിരുന്ന മാധ്യമങ്ങളില്‍ പലതും അതിന്റെ തീവ്ര പ്രചാരകരാകുകയും ആ പ്രചാരണത്തിന് ഉപയുക്തമായ ഉള്ളടക്കത്തിന് ഹിന്ദുസ്ഥാന്‍ സമാചാറിനെ ആശ്രയിക്കുകയും ചെയ്തു. 2014ല്‍ നരേന്ദ്ര മോദി പരമപദം പൂകിയതോടെ മാധ്യമങ്ങളുടെ ചേരിമാറ്റം ഏതാണ്ട് പൂര്‍ണമാകുകയും ചെയ്തു. അതിന് ശേഷവും പേരിനെങ്കിലുമുള്ള സ്വതന്ത്രാധികാരം നിലനിര്‍ത്തിയിരുന്ന പ്രസാര്‍ഭാരതി, വൈകാതെ ഇതര സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലെ സംഘ്പരിവാര്‍ വഴിയേ ചലിക്കാന്‍ തുടങ്ങി. സര്‍ക്കാറിന്റെ ഔദ്യോഗിക ജിഹ്വയായി പ്രവര്‍ത്തിക്കുക എന്നതാണ് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതല എന്നതിനാല്‍ നരേന്ദ്ര മോദി സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ക്ക് പ്രയാസമേതും തോന്നേണ്ടതുമില്ലായിരുന്നു. ആ ചേരിമാറ്റം പൂര്‍ത്തിയാകുന്നതാണ്, പി ടി ഐയെയും യു എന്‍ ഐയെയും ഒഴിവാക്കി ഹിന്ദുസ്ഥാന്‍ സമാചാറിനെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായി പ്രസാര്‍ ഭാരതി സ്വീകരിക്കുമ്പോള്‍ കാണുന്നത്.

ലഡാക്കില്‍, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ചൈനീസ് സൈന്യം കടന്നുകയറുന്നുവെന്ന റിപോര്‍ട്ടുകള്‍ വരുമ്പോള്‍, ഇന്ത്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമാണെന്നും ഒരിഞ്ച് ഭൂമി പോലും അന്യാധീനപ്പെട്ടിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിരുന്നത്. ആ സമയത്താണ് ചൈനയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ അഭിമുഖം പി ടി ഐ പ്രസിദ്ധീകരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയിലേക്ക് ചൈനയുടെ സൈന്യം വേഗം പിന്മാറി അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് നയതന്ത്ര പ്രതിനിധി ആ അഭിമുഖത്തില്‍ പറഞ്ഞു. ഒരിഞ്ച് ഭൂമി പോലും അന്യാധീനപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ നിരാകരിക്കുന്നതായി ഈ അഭിമുഖത്തിലെ പരാമര്‍ശം മാറി. ഇതിന് തൊട്ടുപിറകെ ഇന്ത്യയിലെ ചൈനീസ് നയതന്ത്ര പ്രതിനിധിയുടെ അഭിമുഖവും പി ടി ഐ നല്‍കി. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഇന്ത്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ രണ്ട് അഭിമുഖങ്ങളും രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും പി ടി ഐ അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ദേശീയതക്ക് വിരുദ്ധമായ പ്രവര്‍ത്തനം തുടര്‍ന്നാല്‍ പി ടി ഐയുടെ സേവനം വേണ്ടെന്നുവെക്കുമെന്നും പ്രസാര്‍ ഭാരതി അന്നേ പറഞ്ഞിരുന്നു. വസ്തുതകളേക്കാള്‍ വലുത് നിറം പിടിപ്പിച്ച നുണകളാല്‍ അലങ്കരിക്കപ്പെടുന്ന ദേശീയതയാണെന്ന് പ്രചരിപ്പിക്കുകയും അതുപയോഗപ്പെടുത്തി അധികാരമുറപ്പാക്കുകയും ചെയ്യുന്ന ഭരണകൂടത്തിനും അവരുടെ വിധേയരായ പ്രസാര്‍ ഭാരതിക്കും വല്ലപ്പോഴുമെങ്കിലും വസ്തുത പറയുന്ന വാര്‍ത്താ ഏജന്‍സികളെപ്പോലും സഹിക്കുക പ്രയാസം. സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞ് പി ടി ഐയെ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാറൊപ്പിടുന്നത് അതുകൊണ്ട് മാത്രമാണ്.

ആകാശവാണിയും ദൂരദര്‍ശനും ഇതുവരെ സര്‍ക്കാര്‍ ഭാഷ്യം പറയുന്ന, സര്‍ക്കാറിന് ഹിതകരമല്ലാത്തതൊക്കെ തമസ്‌കരിക്കുന്ന മാധ്യമങ്ങളായിരുന്നുവെങ്കില്‍ പുതിയ കരാറോടെ അവ രണ്ടും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നേരിട്ടുള്ള ജിഹ്വകളായി മാറുകയാണ്. ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യം വൈകാതെ കൈവരിക്കപ്പെടുമെന്ന് വ്യാമോഹിക്കുന്ന ആര്‍ എസ് എസിന്, അപ്പോഴേക്ക് നടത്തേണ്ട പ്രചാരണത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സ്വകാര്യ മാധ്യമ സംരംഭങ്ങളേതാണ്ട് പൂര്‍ണമായും കീഴ് വഴങ്ങി നില്‍ക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സംവിധാനങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തോളം ഫലപ്രദമാകില്ലെന്ന് അവര്‍ കരുതുന്നു. അതുകൊണ്ടാണ് പ്രസാര്‍ ഭാരതിയുടെ വാര്‍ത്താ ഉള്ളടക്കത്തെ ഏതാണ്ട് മുഴുവനായും നിയന്ത്രിക്കാന്‍ പാകത്തില്‍, ഹിന്ദുസ്ഥാന്‍ സമാചാറിനെ ഔദ്യോഗിക ഏജന്‍സിയാക്കുന്നത്.

ഭരണഘടനയെ അവഗണിക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്ന, ഭരണഘടനാ സ്ഥാപനങ്ങളെ വിധേയരാക്കുകയോ വരുതിയില്‍ നില്‍ക്കാത്തവയെ സമ്മര്‍ദത്തിലാക്കുകയോ ചെയ്യുന്ന, (കൊളീജിയം ശിപാര്‍ശകളിന്മേല്‍ അടയിരുന്ന് സംഘാനുകൂലികളെ നീതിപീഠത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ഉദാഹരണം) പാഠ്യപദ്ധതി മുഴുവന്‍ കാവിയില്‍ മുക്കുന്ന, കേന്ദ്രാധികാരത്തിന്റെ സാമന്തന്മാര്‍ മാത്രമായി സംസ്ഥാന സര്‍ക്കാറുകളെ മാറ്റുന്ന തീവ്ര ഹിന്ദുത്വ ഭരണ സംവിധാനം അതിന്റെയൊക്കെ പ്രചാരണത്തിനും വിദ്വേഷ പ്രചാരണത്തിന്റെ ആക്കം കൂട്ടുന്നതിനും പ്രസാര്‍ ഭാരതിയെ ഉപയോഗിക്കുന്ന കാഴ്ചയാകും ഇനി കാണുക. സര്‍ക്കാറിന്റെ നാവ് എന്നതില്‍ നിന്ന് ആര്‍ എസ് എസിന്റെ നാവായി ആകാശവാണിയും ദൂരദര്‍ശനും ഔപചാരികമായി മാറിയിരിക്കുന്നു, ഹിന്ദുസ്ഥാന്‍ സമാചാറുമായുള്ള കരാറൊപ്പിടലോടെ.

 



source https://www.sirajlive.com/39-hello-reading-news-rss-39.html

Post a Comment

أحدث أقدم