ഫലസ്തീനെ കുറിച്ച് മിണ്ടാന്‍ ആരുമില്ല

ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്റാഈല്‍ നടത്തുന്ന അധിനിവേശം ചരിത്രത്തിലെ ഏറ്റവും ക്രൂരമായ നിലയിലെത്തിയിരിക്കുകയാണ്. അധികാരത്തില്‍ തിരിച്ചെത്തിയ ബെഞ്ചമിന്‍ നെതന്യാഹു എല്ലാ അന്താരാഷ്ട്ര കരാറുകളെയും യു എന്‍ പ്രമേയങ്ങളെയും വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. പതിവ് പോലെ യു എസ് സമ്മര്‍ദത്തിന് വഴങ്ങിയും അവരുടെ ഉറപ്പ് മുഖവിലക്കെടുത്തും ഫലസ്തീന്‍ അതോറിറ്റി യു എന്നില്‍ കൊണ്ടുവരാനിരുന്ന പ്രമേയം പോലും പിന്‍വലിച്ചിരിക്കുന്നു. വല്ലാത്തൊരു നിസ്സഹായാവസ്ഥയാണ് ഫലസ്തീന്‍ ജനതയെ ചൂഴ്ന്ന് നില്‍ക്കുന്നത്. ലോകത്തിന്റെയാകെ പ്രതിഷേധം ഉയരുകയും മനസ്സാക്ഷിയുണരുകയും ചെയ്യേണ്ട ഘട്ടത്തിലും ആഗോള മാധ്യമങ്ങള്‍ ഇരട്ടത്താപ്പ് തുടരുകയാണെന്നതാണ് വസ്തുത. റഷ്യയുടെ യുക്രൈന്‍ അധിനിവേശം അവസാനിപ്പിക്കുന്നത് യു എന്നില്‍ വലിയ ചര്‍ച്ചയാകുകയും യൂറോപ്യന്‍ രാജ്യങ്ങളും യു എസുമെല്ലാം അക്കാര്യത്തില്‍ കൈകോര്‍ക്കുകയും ചെയ്യുമ്പോള്‍ ഫലസ്തീനെ കുറിച്ച് മിണ്ടാന്‍ ആരുമില്ല. യുക്രൈനിലെ ചോരക്കളി അവസാനിപ്പിക്കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ ഒരു നാട് പൂര്‍ണമായി കീഴടക്കാനായി നിരന്തരം അതിക്രമം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്റാഈലിനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചാണ് അധിനിവേശത്തെ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്നത് എന്നതാണ് വിരോധാഭാസം.

വെസ്റ്റ്ബാങ്കിലെ നാബ്്‌ലസില്‍ കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടക്കുരുതിയാണ് നടക്കുന്നത്. അതിനിടക്ക് ഗസ്സയില്‍ നിന്ന് തൊടുത്തു വിടുന്ന റോക്കറ്റുകള്‍ ഇസ്റാഈല്‍ അതിക്രമത്തിന് ന്യായീകരണമൊരുക്കാന്‍ അവസരമാകുന്നുവെന്ന ദുരവസ്ഥയുമുണ്ട്. വയലിലും മറ്റും പതിക്കുന്ന റോക്കറ്റുകള്‍ക്ക് മറുപടിയായി ഇസ്റാഈല്‍ തൊടുത്തു വിടുന്നത് തീതുപ്പും മിസൈലുകളാണ്. അത് പതിക്കുന്നത് ജനവാസ മേഖലയിലും. കനത്ത നാശനഷ്ടമാണ് അതുണ്ടാക്കുക. ചെക്ക് പോയിന്റുകള്‍ കൊണ്ട് നിറച്ച് ഫലസ്തീന്‍ ജനതയെ തുറന്ന ജയിലിലാക്കുകയാണ് ഇസ്റാഈല്‍. കുടിവെള്ളത്തിനോ നിത്യോപയോഗ സാധനങ്ങള്‍ക്കോ സാധാരണ സഞ്ചാരങ്ങള്‍ക്കോ പോലും ഫലസ്തീനികള്‍ക്ക് വഴിയില്ല. ഫലസ്തീന്‍ മണ്ണ് കവര്‍ന്നെടുക്കുക മാത്രമല്ല, കൊന്ന് തള്ളിയും ആട്ടിയോടിച്ചും അധിനിവേശം ഉറപ്പിക്കുകയാണ് നെതന്യാഹു ഭരണകൂടം.

നാബ്്‌ലസിലെ ഹുവാര പട്ടണത്തില്‍ നിരവധി ഫലസ്തീന്‍ വീടുകളും വാഹനങ്ങളും ഇസ്റാഈല്‍ കുടിയേറ്റക്കാര്‍ അഗ്നിക്കിരയാക്കി. ഫെബ്രുവരി ആദ്യം ഇതേ പട്ടണത്തില്‍ ഇസ്റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഫലസ്തീനികള്‍ കൊല്ലപ്പെടുകയോ അവര്‍ക്ക് പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. സൈനിക നടപടിക്കിടെ പ്രയോഗിച്ച കണ്ണീര്‍ വാതകം ശ്വസിച്ച് നൂറോളം പേര്‍ ചികിത്സയിലാണ്. സൈന്യത്തിന്റെ ആക്രമണം ഒരു വശത്ത്. ഭരണകൂടത്തിന്റെ പിന്തുണയോടെ ഇറങ്ങുന്ന ജൂത തീവ്രവാദികള്‍ മറുവശത്ത്. ഗതികെട്ട് ഏതെങ്കിലും ഫലസ്തീന്‍ യുവാവ് പ്രതികരിച്ചാല്‍ അത് ഒപ്പിയെടുത്ത് ലോകത്താകെ എത്തിക്കാന്‍ സയണിസ്റ്റ് ഗ്രൂപ്പുകള്‍ ഏല്‍പ്പിച്ചവരുമുണ്ടാകും. ഇത് ചൂണ്ടിക്കാട്ടിയാണ് അറബ് ഭീഷണിയില്‍ അരക്ഷിതമാണ് ഇസ്റാഈലെന്ന് പെരും നുണ ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇസ്റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണല്ലോ എല്ലാ അതിക്രമത്തിനും ന്യായമായി അമേരിക്ക അന്താരാഷ്ട്ര വേദികളില്‍ പറയാറുള്ളത്.

1949ലും 1967ലുമായി യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ പ്രമേയങ്ങള്‍ അധിനിവേശവും അതിന്റെ ഭാഗമായുള്ള മനുഷ്യാവകാശ ലംഘനങ്ങളും കര്‍ശനമായി വിലക്കിയതാണ്. ഫലസ്തീന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും ഓസ്ലോ കരാറും ദ്വിരാഷ്ട്ര സഹവര്‍ത്തിത്വമാണ് മുന്നോട്ട് വെക്കുന്നത്. ജോര്‍ദാന്റെ മധ്യസ്ഥതയില്‍ പിറന്ന നിരവധി ഉഭയകക്ഷി കരാറുകള്‍ വേറെയുമുണ്ട്. ഇതൊന്നും ഇസ്റാഈല്‍ അധിനിവേശം നിര്‍ബാധം തുടരുന്നതിന് തടസ്സമല്ല. നാബ്്‌ലസില്‍ നരനായാട്ട് തുടരുമ്പോഴും ജോര്‍ദാനില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നോര്‍ക്കണം. ചര്‍ച്ചയെ വില കുറച്ച് കാണുകയല്ല. നിഷ്ഫലമായ വ്യായാമം മാത്രമായി ചര്‍ച്ചകള്‍ കലാശിക്കുന്നുവെന്ന വേദന പങ്കുവെക്കുകയാണ് ചെയ്യുന്നത്.

ഇസ്റാഈല്‍ രാഷ്ട്ര സ്ഥാപനത്തിന് അസ്തിവാരമിട്ടത് ബാല്‍ഫര്‍ പ്രഖ്യാപനമാണല്ലോ. ബ്രിട്ടീഷ് മേധാവിത്വത്തിന്റെ സൃഷ്ടിയായ ആ പ്രഖ്യാപനത്തില്‍ പോലും ഫലസ്തീന്‍ ജനതയുടെ അവകാശത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ‘ഫലസ്തീനില്‍ ഇന്ന് നിലവിലുള്ള ജൂതരല്ലാത്ത എല്ലാ സമൂഹങ്ങളുടെയും പൗരാവകാശങ്ങള്‍ക്കും മതപരമായ അവകാശങ്ങള്‍ക്കും ദോഷം വരുത്തുന്ന യാതൊരു നടപടിയും കൈക്കൊള്ളാന്‍ പാടില്ല’ എന്നാണ് ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ പറയുന്നത്. എത്ര വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അല്‍ അഖ്സക്ക് ചുറ്റും നടക്കുന്ന സംഘര്‍ഷങ്ങളുടെയെല്ലാം ഹേതു ജൂത തീവ്രവാദികളുടെ കുത്തിത്തിരിപ്പുകളാണ്. ബ്രിട്ടനിലെ ആധുനിക ഭരണാധികാരികള്‍ക്ക് എന്ത് പറയാനുണ്ട്?

അനുദിനം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഫലസ്തീനിലേക്ക് കണ്ണുപായിക്കാന്‍ ആയിരം കുഞ്ഞുങ്ങളെങ്കിലും മരിച്ചു വീഴണം, സ്‌കൂളുകളും ആശുപത്രികളും നിലം പതിക്കണം എന്ന നിലയായിരിക്കുന്നു. സര്‍വ രാജ്യങ്ങളുമായും നിഗൂഢമായ ബന്ധങ്ങള്‍ സൃഷ്ടിച്ച് അതി ശക്തമായിക്കഴിഞ്ഞ ഇസ്റാഈലിനെതിരെ ഒരു വാക്ക് പോലും ഉരിയാടാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ആ രാജ്യത്തെ നിലക്ക് നിര്‍ത്താന്‍ ഒരു അന്താരാഷ്ട്ര കൂട്ടായ്മയും തയ്യാറാകുന്നില്ല. നേരത്തേ ഫലസ്തീന്‍ ലക്ഷ്യത്തിനായി നിലകൊണ്ട ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പിന്നാക്കം പോകുകയാണ്. ഈ സാഹചര്യത്തില്‍ ബി ഡി എസ് പ്രസ്ഥാനം പോലുള്ള സമാന്തര അധിനിവേശവിരുദ്ധ പോരാട്ടം കൂടുതല്‍ ശക്തിപ്പെട്ടു വരേണ്ടതുണ്ട്. ഇസ്റാഈലിനും അമേരിക്കക്കുമെതിരായ ബഹിഷ്‌കരണ പ്രസ്ഥാനമാണ് ബോയ്കോട്ട്, ഡിവസ്റ്റ്, സാംക്ഷന്‍ (ബി ഡി എസ്). ഫലസ്തീന്‍ ഗ്രൂപ്പൂകളായ ഹമാസും ഫത്തഹും ഒരുമിച്ച് നീങ്ങണം. അറബ് രാജ്യങ്ങള്‍ ഇസ്റാഈലുമായി ഉണ്ടാക്കിയെടുത്ത നയതന്ത്ര ബന്ധം ഫലസ്തീന്‍ ലക്ഷ്യത്തിനായി ഉപയോഗിക്കണം.

 



source https://www.sirajlive.com/there-is-no-one-to-talk-about-palestine.html

Post a Comment

أحدث أقدم