ഇത്തവണയും കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞു. സംസ്ഥാനത്തിൻ്റെ ദീര്‍ഘകാല ആവശ്യമായ എയിംസി(ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്)നെക്കുറിച്ചു ഈ ബജറ്റിലും മൗനം. റെയില്‍ പദ്ധതികളിലും കേരളത്തെ പരിഗണിച്ചില്ല. കൊവിഡ് പ്രതിസന്ധി മൂലം സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമേകുന്ന പദ്ധതികളുമില്ല. മൂലധന ചെലവിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശരഹിത വായ്പ ഈ വര്‍ഷവും തുടരുമെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം.
കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള ചികിത്സ ലഭ്യമാക്കുകയും ആരോഗ്യരംഗത്ത് വിപുലമായ പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുകയും ചെയ്യുന്ന എയിംസ് രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും സ്ഥാപിതമായിട്ടുണ്ട്. 22 സംസ്ഥാനങ്ങളില്‍ ഇത് നിലവില്‍ വന്നു കഴിഞ്ഞു. കേരളം എയിംസ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ദശാബ്ദത്തിലേറെയായി. യു പി എ സര്‍ക്കാറിൻ്റെ കാലത്താണ് കേരളത്തില്‍ എയിംസ് എന്ന ആവശ്യം ഉയര്‍ന്നത്. യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമ്മതം മൂളിയെങ്കിലും അനുവദിച്ചില്ല. എന്‍ ഡി എ സര്‍ക്കാറിൻ്റെ മുന്നില്‍ ആവശ്യം ഉന്നയിച്ചപ്പോള്‍ അനുയോജ്യമായ സ്ഥലം നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയും അതനുസരിച്ച് കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ സ്ഥലം കണ്ടെത്തി കേന്ദ്രത്തെ വിവരം അറിയിക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പിന് മുമ്പത്തെ അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ഇത്തവണയെങ്കിലും എയിംസ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുെമന്നായിരുന്നു കേരളത്തിൻ്റെ പ്രതീക്ഷ.
ബജറ്റിനു മുന്നോടിയായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി, ജോലി നഷ്ടപ്പെട്ട് തിരികെ സംസ്ഥാനത്തേക്ക് വരുന്ന പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രത്യേക പാക്കേജ്, മലബാര്‍ ക്യാന്‍സര്‍ സെൻ്ററിനെ ആരോഗ്യ നിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സാങ്കേതിക മേഖലയില്‍ സെമി ഹൈസ്പീഡ് ട്രെയിനുകളുടെ നിര്‍മാണ യൂനിറ്റുകള്‍, കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കാള്‍ പദവി, നികുതി കാര്യത്തില്‍ കൂടുതല്‍ ഉദാരത തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍വെച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനം, റിലീഫ് പാക്കേജുകള്‍, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ വികസനം കൊണ്ടുവരുന്നതിനാവശ്യമായ സമീപനവും കേരളം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക റെയില്‍വേ സോണ്‍ തുടങ്ങി വര്‍ഷങ്ങളായുള്ള സംസ്ഥാനത്തിൻ്റെ മറ്റു ആവശ്യങ്ങളും ഇനിയും പൂവണിയാതെ അവശേഷിക്കുന്നു.
കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ അവഗണന സമീപ കാല രാഷ്ട്രീയ നിലപാടല്ല. സംസ്ഥാനം രൂപപ്പെട്ട കാലം തൊട്ടേ കേരളം അനുഭവിക്കുന്നതാണ് ഈ അവഗണനയും വിവേചനവും. വിഭവ വിഹിതത്തിൻ്റെ കാര്യത്തില്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി കേന്ദ്രഭരണം കൈയാളിയവരില്‍ നിന്ന് നീതിപൂര്‍വവും അര്‍ഹവുമായ പരിഗണന ലഭിച്ചിട്ടില്ല കേരളത്തിന്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുള്‍പ്പെടെ ദശകങ്ങള്‍ പഴക്കമുള്ള എത്രയെത്ര കേന്ദ്ര വാഗ്ദാനങ്ങളാണ് ഇന്നും കേവലം വാഗ്ദാനമായി തുടരുന്നത്. 1982ല്‍ കോട്ടമൈതാനത്ത് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. എന്നാല്‍ പഞ്ചാബില്‍ ഖലിസ്ഥാന്‍ തീവ്രവാദം ആളിക്കത്തിയപ്പോള്‍, അവരെ പ്രീണിപ്പിക്കാനായി കേരളത്തിന് വാഗ്ദാനം ചെയ്ത ഈ ഫാക്ടറി കപൂര്‍ത്തലയിലേക്ക് മാറ്റുകയായിരുന്നു. ഫാക്ടറിക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി സ്ഥലം വാഗ്ദാനം ചെയ്തിട്ടും ഇന്നും അതൊരു സ്വപ്‌നമായി അവശേഷിക്കുകയാണ്. കേരള കോണ്‍ഗ്രസ്സ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗത്തിൻ്റെ പശ്ചാത്തലം കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം കേരളത്തോട് കാണിച്ച വഞ്ചനയായിരുന്നല്ലോ.
ഫെഡറലിസത്തില്‍ അനിവാര്യമാണ് പ്രാദേശിക സമതുലിതമെങ്കിലും കേന്ദ്ര ഭരണകൂടം ഇക്കാര്യം തീരെ പരിഗണിക്കാറില്ല. സംസ്ഥാനത്തെ ഭരണ കക്ഷിയുടെ സ്വഭാവം, സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം തുടങ്ങി കക്ഷി രാഷ്ട്രീയ, സങ്കുചിത താത്പര്യങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് പദ്ധതികളും ധനസഹായവും അനുവദിക്കുന്നതില്‍ കേന്ദ്രം അനുവര്‍ത്തിച്ചു വരുന്ന മാനദണ്ഡങ്ങള്‍. സംസ്ഥാന തിരഞ്ഞെടുപ്പ് ലാക്കാക്കിയാണല്ലോ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മേഘാലയക്കും ത്രിപുരക്കും കര്‍ണാടകക്കും വാരിക്കോരി നല്‍കിയത്. കര്‍ണാടകക്ക് വരള്‍ച്ചയുടെ പേരില്‍ 5,300 കോടി രൂപ സഹായധനം അനുവദിച്ച കേന്ദ്രം, കേരളം മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ അര്‍ഹമായ സഹായധനം അനുവദിച്ചില്ലെന്നു മാത്രമല്ല, പുറത്ത് നിന്നുള്ള സഹായങ്ങള്‍ക്ക് അള്ളുവെക്കുകയും ചെയ്തു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ബജറ്റ് വിഹിതത്തിനു പുറമെയും പലപ്പോഴായി പദ്ധതികളും സഹായങ്ങളും അനുവദിക്കുമ്പോള്‍, ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നേരേ പുറംതിരിഞ്ഞു നില്‍ക്കുക മാത്രമല്ല അവരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയുമാണ്. നികുതി, പദ്ധതി നടത്തിപ്പ്, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളും അവകാശങ്ങളും പതിയെപ്പതിയെ ഇല്ലാതാകുകയാണ്. വികേന്ദ്രീകരണത്തിലൂടെ വിഭവങ്ങള്‍ സംസ്ഥാനങ്ങളുമായി പങ്കുവെക്കണമെന്ന ഭരണഘടനാ ധാരണ പോലും അട്ടിമറിക്കപ്പെടുന്നു.
വിദ്യാഭ്യാസ മേഖലയിലും മനുഷ്യവികാസ സൂചികയിലുമെല്ലാം കേരളം മുന്നിലാണെങ്കിലും റെയില്‍, റോഡ് ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വ്യവസായത്തിലും പിന്നിലാണ്. മഹാപ്രളയത്തിൻ്റെയും കൊവിഡിൻ്റെയും ദുരിതങ്ങള്‍ ഇനിയും വിട്ടുമാറിയിട്ടില്ലാത്ത, പ്രവാസ വരുമാനം അടിക്കടി കുറഞ്ഞു വരുന്ന കേരളത്തിന് ഈ രംഗങ്ങളില്‍ മതിയായ തുക മുടക്കാന്‍ പ്രയാസമുണ്ട്. കേന്ദ്രത്തിൻ്റെ സഹായവും സഹകരണവും പിന്തുണയുമാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇത് ഔദാര്യമല്ല, കേരളത്തിൻ്റെ അവകാശമാണ്.
source https://www.sirajlive.com/central-budget-and-kerala.html
Post a Comment