കൊട്ടപ്പുറം സംവാദത്തിന് നാൽപ്പതാണ്ട്

കോഴിക്കോട് | കേരള മുസ്‌ലിം ചരിത്രത്തിൽ ശ്രദ്ധേയമായ കൊട്ടപ്പുറം സംവാദത്തിന് നാൽപ്പതാണ്ട്. 1983 ഫെബ്രുവരി ഒന്ന് മുതൽ നാല് വരെയായിരുന്നു കൊണ്ടോട്ടി പുളിക്കലിനടുത്ത് കൊട്ടപ്പുറത്ത് സുന്നി-മുജാഹിദ് സംവാദം സംഘടിപ്പിച്ചിരുന്നത്.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി പണ്ഡിതരും എ പി അബ്ദുൽ ഖാദിർ മൗലവിയുടെ നേതൃത്വത്തിൽ മുജാഹിദ് മൗലവിമാരും കൊട്ടപ്പുറം പഴയ ജുമുഅ മസ്ജിദിന് സമീപത്ത് ഒരേ വേദിയിലിരുന്നാണ് സംവാദത്തിൽ പങ്കെടുത്തത്. നാല് ദിവസത്തേക്ക് നിശ്ചയിച്ച സംവാദത്തിൻ്റെ ആദ്യ ദിനത്തിൽ മുജാഹിദ് പക്ഷത്തിന് പതർച്ച നേരിട്ടു.

ശിർക്കിൻ്റെ നിർവചനം എന്ത് എന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. സുന്നികൾ ശിർക്ക് ചെയ്യുന്നവരാണെന്ന് നാട്ടിലുടനീളം പ്രചരിപ്പിക്കുന്ന മുജാഹിദ് പക്ഷത്തിന് ആ വാദത്തെ ന്യായീകരിക്കാൻ തക്ക രൂപത്തിലുളള ഒരു നിർവചനം ഖുർആനിൻ്റെയോ ഹദീസിൻ്റെയോ അടിസ്ഥാനത്തിൽ ഉദ്ധരിക്കാൻ കഴിഞ്ഞില്ല. പകരം ഖുർആൻ ശിർക്കിനെ നിർവചിക്കാൻ വേണ്ടി അവതരിച്ച ഗ്രന്ഥമല്ല എന്ന വിചിത്ര വാദമായിരുന്നു അവർ ഉയർത്തിയത്.

‘തവസ്സുലും ‘ഇസ്തിഗാസ’യുമായിരുന്നു പ്രധാന വിഷയങ്ങൾ. സംവാദത്തിലെ പല ഘട്ടങ്ങളിലും വിഷയവുമായി ബന്ധമില്ലാത്ത തെളിവുകളായിരുന്നു മുജാഹിദ് പക്ഷം അവതരിപ്പിച്ചിരുന്നത്. ഓരോ ഭാഗത്തും പത്ത് പണ്ഡിതന്മാർ. അവർക്കു പിന്നിൽ ഉമറാക്കളായ 15 പ്രതിനിധികളടക്കം ഇരുപക്ഷത്തുമായി അമ്പതു പേര്‍‌ സ്റ്റേജിലുണ്ടായിരുന്നു. നറുക്കെടുപ്പ് പ്രകാരമായിരുന്നു വിഷയാവതരണത്തിനുള്ള ക്രമം നിശ്ചയിച്ചത്. മുജാഹിദ് പക്ഷത്തെ സി പി ഉമർ സുല്ലമിക്കായിരുന്നു ആദ്യ അവസരം. രണ്ടാം ദിനത്തിൽ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ വിഷയം അവതരിപ്പിച്ചു. അണ്ടോണ മുഹിയുദ്ദീൻ മുസ്‌ലിയാർ ആയിരുന്നു മൂന്നാമത്തെ ദിവസം സുന്നി പക്ഷത്ത് നിന്നും വിഷയാവതരണം നടത്തിയത്. രാത്രി എട്ട് മുതൽ 12 വരെയായിരുന്നു സമയം.

കൊട്ടപ്പുറത്ത് മുജാഹിദ് വിഭാഗം സംഘടിപ്പിച്ച പ്രസംഗ പരമ്പരയോടെയാണ് സംവാദത്തിന് പശ്ചാത്തലമൊരുങ്ങിയത്. സുന്നികളെ അധിക്ഷേപിക്കുന്ന രൂപത്തിലുള്ള പ്രസംഗമായിരുന്നു അവർ നടത്തിയത്. തൊട്ടടുത്ത ദിവസം മറുപടി പ്രസംഗം നടത്തിയ കല്ലൂർ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ മുജാഹിദുകളെ ആശയ സംവാദത്തിന് പരസ്യമായി വെല്ലുവിളിച്ചു. ഇതോടെ, പുളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി മോയിൻകുട്ടിയുടേയും പി വി കുഞ്ഞിക്കോയ മാസ്റ്ററുടേയും മധ്യസ്ഥതയിൽ സംവാദത്തിന് വേദിയൊരുങ്ങി.

സുന്നി പക്ഷത്ത് കോട്ടുമല ടി അബൂബക്കർ മുസ്‌ലിയാർ, കെ വി മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട്, കെ കെ അബൂബക്കർ മുസ്‌ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ടി കെ ബാവ മുസ്‌ലിയാർ, മുസ്തഫൽ ഫൈസി, നാട്ടിക വി മൂസ മൗലവി എന്നിവരും അണിനിരന്നു. കെ പി മുഹമ്മദ് മൗലവി, ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി തുടങ്ങിയവരായിരുന്നു മുജാഹിദ് പക്ഷത്ത് നിന്നും സംവാദത്തിൽ പങ്കെടുത്ത മറ്റുള്ളവർ.

വാദ പ്രതിവാദം കേൾക്കുന്നതിനായി നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്ന് ജനങ്ങളൊഴുകിയെത്തി. ഹോണുകൾക്ക് താഴെ ടേപ്പ് റെക്കോർഡുകളുമായി നിരവധി പേർ ഒത്തുകൂടി. നാല് ദിവസത്തേക്ക് നിശ്ചയിച്ച സംവാദം മൂന്നാം ദിവസം തന്നെ അവസാനിച്ചു. പരിപാടിയിലെ തിരിച്ചടി മുജാഹിദ് വിഭാഗത്തെ പൊതുസംവാദങ്ങളിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുന്ന രീതിയിലേക്ക് എത്തിച്ചു. മുജാഹിദുകൾ സ്വന്തം പ്രസിദ്ധീകരണത്തിൽ സംവാദത്തിൻ്റെ ലിഖിത രൂപം ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാൻ തുടങ്ങിയെങ്കിലും പാതിവെച്ചു നിർത്തി. കൊട്ടപ്പുറത്ത് മുജാഹിദ് പക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മുജാഹിദ് പക്ഷത്തു നിന്ന് സംവാദത്തിൽ പങ്കെടുത്ത എ അബ്ദുസ്സലാം സുല്ലമി തന്നെ പിന്നീട് തുറന്നുസമ്മതിച്ചിരുന്നു.

സുന്നികളുടെ പേരിൽ ശിർക്ക് (ബഹുദൈവത്വം) ആരോപിച്ച് കൊട്ടപ്പുറത്ത് ഒരുമിച്ചു നിന്നവർ പിന്നീട് പരസ്പരം ആശയ വ്യതിയാനം ആരോപിക്കുകയും പല ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ശിർക്ക് ആരോപണം നടത്തുകയും ചെയ്യുകയാണിപ്പോൾ. അന്ന് വിഷയം അവതരിപ്പിച്ച സി പി ഉമർ സുല്ലമി മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് മർകസുദ്ദഅ്‌വ വിഭാഗത്തിലാണ്.
പരേതനായ അബ്ദുസ്സലാം സുല്ലമിയെ കെ എൻ എം വിഭാഗം “ഹദീസ് നിഷേധി’ എന്നാണ് അഭിസംബോധന ചെയ്യുന്നത്. മറ്റൊരു വിഭാഗം ജിന്നിനോട് സഹായം തേടാം എന്നൊരു വാദവുമായി രംഗത്തെത്തി.

ഇരുകൂട്ടരും എ പി അബ്ദുൽ ഖാദിർ മൗലവിയിൽ ആശയ വ്യതിയാനം ആരോപിച്ചു. ശിർക്കിൻ്റെ നിർവചനം സംബന്ധിച്ച കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ കോട്ടപ്പുറം സംവാദ വേദിയിലെ ചോദ്യമായിരുന്നു മുജാഹിദ് സംഘടനകൾക്കിടയിൽ പിൽക്കാലത്ത് സംഭവിച്ച വിഭാഗീയതക്കും പിളർപ്പിനും വഴിയൊരുക്കിയത്.



source https://www.sirajlive.com/forty-years-for-the-kottapuram-debate.html

Post a Comment

Previous Post Next Post