അബൂദബി/റിയാദ് | സഊദി അറേബ്യയിലേക്കുള്ള പ്രവേശനത്തിന് തുടക്കമിട്ട് മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് കമ്പനികളിലൊന്നായ ലീജാം സ്‌പോര്‍ട്‌സുമായുള്ള സംയുക്ത സംരംഭം ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രഖ്യാപിച്ചു. സമഗ്ര റീഹാബിലിറ്റേഷന്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന 60ല്‍ അധികം ക്ലിനിക്കുകള്‍ സഊദിയിലുടനീളം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സംരംഭം.
സഊദി അറേബ്യയിലും യു എ ഇയിലുമായി ഫിറ്റ്നസ് ടൈം ബ്രാന്‍ഡിലുള്ള 155 ഫിറ്റ്നസ് സെന്ററുകളുടെ ഉടമയാണ് സഊദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ലീജാം സ്‌പോര്‍ട്‌സ്.
ഫിസിയോ തെറാപ്പി, റീഹാബിലിറ്റേഷന്‍ എന്നിവക്കൊപ്പം വിറ്റാമിന്‍ ഇന്‍ഫ്യൂഷന്‍, ഓക്‌സിചേമ്പര്‍, ക്രിപ്‌റ്റോതെറാപ്പി തുടങ്ങിയ വെല്‍നസ് സേവനങ്ങളും ആയുര്‍വേദവും പ്രകൃതിചികിത്സയും അടക്കമുള്ള കോംപ്ലിമെന്ററി മെഡിസിന്‍ സേവനങ്ങളും പുതിയ ക്ലിനിക്കുകളില്‍ ലഭ്യമാക്കും. വേദന, മസ്‌കുലോസ്‌കലെറ്റല്‍, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കുള്ള വിദഗ്ധ മെഡിക്കല്‍ സേവനങ്ങളാകും ഈ ഫിറ്റ്‌നസ് ക്ലിനിക്കുകളുടെ മറ്റൊരു സവിശേഷത.
അടുത്ത പാദത്തില്‍ റിയാദ് നഗരത്തിലെ ആറ് കേന്ദ്രങ്ങളില്‍ ക്ലിനിക്കുകള്‍ തുറക്കും. അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ സഊദിയിലെ ലീജാം ശൃംഖലയിലുടനീളം സേവനങ്ങള്‍ വിപുലീകരിക്കും. സഊദിയിലെ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടുള്ള സംരംഭം കായിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് യാഥാര്‍ഥ്യമാക്കുന്നത്.
കായിക മേഖലയെ നെഞ്ചേറ്റുന്ന സഊദിയിലേക്കുള്ള പ്രവേശനം ഉന്നത നിലവാരമുള്ള ഫിറ്റ്‌നസ് സേവനങ്ങളിലൂടെ ശ്രദ്ധേയമായ ലീജാമുമായി ചേര്‍ന്നാണെന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള കായിക താരങ്ങള്‍ക്കും കായിക മേഖലയില്‍ തത്പരരായ യുവാക്കള്‍ക്കും ആവശ്യമായ മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ സേവനങ്ങള്‍ നല്‍കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. കായിക താരങ്ങള്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രാപ്തരാക്കുന്ന മികച്ച പിന്തുണാ സംവിധാനം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും ഡോ. ഷംഷീര്‍ പറഞ്ഞു.
ആരോഗ്യ സംരക്ഷണവും ശാരീരിക ക്ഷമതയും ഉയര്‍ത്താനുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംരംഭമെന്ന് ലീജാം സ്പോര്‍ട്സ് ചെയര്‍മാന്‍ അലി അല്‍ സാഗ്രി പറഞ്ഞു. മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സംയോജിത സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ക്ലിനിക്കുകളിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഊദി നിയമപ്രകാരം സ്ഥാപിതമായ പുതുതായി രൂപീകരിച്ച കമ്പനിയിലൂടെയാണ് സംയുക്ത സംരംഭം പ്രവര്‍ത്തിക്കുക. ഇതില്‍ ബുര്‍ജീലിനും ലീജാമിനും തുല്യമായ 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. സഊദിയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനവും മെയിന്റനന്‍സും ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്.
source https://www.sirajlive.com/joint-venture-with-leejam-sports-burjeel-holdings-announces-saudi-entry.html
Post a Comment