ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ നിന്ന് മന്ത്രി പ്രസാദ് പിന്‍മാറി; കര്‍ഷക സംഘം പുറപ്പെടും

തിരുവനന്തപുരം | കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ നിന്ന് മന്ത്രി പി പ്രസാദ് പിന്മാറി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സർക്കാർ അനുമതി നൽകി. 20 കര്‍ഷകര്‍ അടക്കം 22 പേരാണ് സംഘത്തിലുള്ളത്.

നേരത്തേ നിശ്ചയിച്ച ഫെബ്രുവരി 12ന് സംഘം ഇസ്രയേലിലേക്ക് പുറപ്പെടും. ആദ്യ സംഘത്തിൽ നിന്ന് മാധ്യമപ്രവർത്തകരെയും ഒഴിവാക്കി. രണ്ട് മാധ്യമപ്രവർത്തകരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്. നൂതന കൃഷിരീതികളും സാങ്കേതികവിദ്യകളും മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് സംഘം ഇസ്രയേലിലേക്ക് പോകുന്നത്. സി പി എം കേന്ദ്ര കമ്മിറ്റിയുടെ ഇടപെടല്‍ കാരണമാണ് മന്ത്രി പ്രസാദിന്റെ പിന്‍മാറ്റം.

ഫലസ്തീനികള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തുന്ന ഇസ്രയേലിനെ ഫാസിസ്റ്റ്- ഭീകര രാജ്യമായാണ് സി പി എം കാലങ്ങളായി കാണുന്നത്. ഇസ്രയേലിനെതിരെ അതിരൂക്ഷമായി പ്രതികരിക്കുന്ന സി പി എം, ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാറുമുണ്ട്. ഈ പശ്ചാത്തലത്തില്‍, സി പി എം മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് നിന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ പഠന യാത്ര നടത്തുന്നത് നയതന്ത്ര ഔദ്യോഗികതയും തെറ്റായ സന്ദേശവും നല്‍കുമെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.



source https://www.sirajlive.com/minister-prasad-pulls-out-of-israel-visit-the-farming-team-will-leave.html

Post a Comment

Previous Post Next Post