കോഴിക്കോട് | ദേശീയ പാത 766ല്‍ മലാപ്പറമ്പ്- പുതുപ്പാടി റീച്ചിലെ പാത വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 454.01 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് ദേശീയപാതാ വിഭാഗം സമര്‍പ്പിച്ച പദ്ധതി പരിഗണിച്ചാണ് സാമ്പത്തിക അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ പാത 766ല്‍ ഈ റീചില്‍ 35 കിലോ മീറ്റര്‍ നവീകരിക്കുന്നതിനുള്ള പദ്ധതി നിര്‍ദേശമാണ് സമര്‍പ്പിച്ചിരുന്നത്.
പേവ്ഡ് ഷോള്‍ഡറോട് കൂടിയ രണ്ട് വരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള സാമ്പത്തികാനുമതിയാണ് ലഭ്യമായിരിക്കുന്നത്. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളില്‍ ബൈപാസ് നിര്‍മിക്കുന്നതിനുള്ള ആവശ്യവും പരിഗണിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ പാത 766ന്റെ വികസനം പ്രത്യേകമായി ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിന് ഭൂമി ഏറ്റെടുക്കല്‍ തുക അനുവദിച്ചതോടെ പദ്ധതി പൂര്‍ണ രൂപത്തില്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാകും. ഫണ്ട് അനുവദിച്ചതില്‍ നിധിന്‍ ഗഡ്കരിക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
നവീകരണം സമയബന്ധിതമായി സാധ്യമാക്കാനുള്ള എല്ലാ ഇടപെടലും പൊതുമരാമത്ത് വകുപ്പ് നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒന്നാം റീച്ചില്‍ വനഭൂമി വിട്ടുകിട്ടുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് പ്രത്യേക ഇടപെടല്‍ നടത്തും. പാത നവീകരണം കോഴിക്കോട്, വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിന് ഗുണകരമാകും. കാര്‍ഷിക മേഖലയുടെ ടൂറിസം മേഖലയുടെയും വികസനത്തിന് നവീകരണം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
source https://www.sirajlive.com/highway-766-454-01-crore-has-been-sanctioned-for-land-acquisition-for-the-development-of-malaparam-puthupadi-section-said-the-minister.html
إرسال تعليق