സമുദ്ര സംരക്ഷണം: കപ്പല്‍ കരക്കടുക്കുമ്പോള്‍

ഹൈ സീസ് ഉടമ്പടിയിലൂടെ സമുദ്ര സംരക്ഷണത്തിനായുള്ള ചരിത്രപരമായ തീരുമാനത്തിലെത്തിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ. ഇരുനൂറോളം രാഷ്ട്രങ്ങള്‍ പങ്കെടുത്ത നീണ്ട പത്ത് വര്‍ഷത്തെ നിരന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ് ഐക്യരാഷ്ട്ര സഭ ഹൈ സീസ് കരാറിലെത്തിച്ചേര്‍ന്നത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന, നൂറോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത, മുപ്പത്തിയെട്ട് മണിക്കൂര്‍ നീണ്ട ഐക്യരാഷ്ട്ര സഭാ കോണ്‍ഫറന്‍സിലാണ് കരാറിന് അന്തിമ ധാരണയായത്. നമ്മുടെ കപ്പല്‍ കരക്കടുത്തു എന്നായിരുന്നു ഐക്യരാഷ്ട്ര സഭാ സമ്മേളന ശേഷം അധ്യക്ഷ റീനാ ലീ പ്രതികരിച്ചത്.
ഒരു രാജ്യത്തിന്റെയും അധികാര പരിധിയില്‍ വരാത്ത തുറന്ന സമുദ്രത്തെയാണ് ഹൈ സീസ് (ഉയര്‍ന്ന സമുദ്രങ്ങള്‍) സൂചിപ്പിക്കുന്നത്. ഓരോ രാഷ്ട്രവും സാധാരണയായി തങ്ങളുടെ തീരങ്ങളില്‍ നിന്ന് 200 നോട്ടിക്കല്‍ മൈല്‍ വരെ നീളുന്ന വെള്ളത്തെയും തീരത്തെയുമാണ് നിയന്ത്രിക്കുന്നത്. അതിനപ്പുറമുള്ള സമുദ്ര മേഖലകള്‍ ഒരു രാജ്യത്തിന്റെയും നിയമങ്ങള്‍ക്കോ നിയന്ത്രണങ്ങള്‍ക്കോ വിധേയമല്ലാത്ത, മനുഷ്യരാശിയുടെ പൊതു പൈതൃകമാണ്. സമുദ്രത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഭൂമിയുടെ പകുതിയും ഹൈ സീസ് ഉള്‍ക്കൊള്ളുന്നതാണ്.

1982ല്‍ സമുദ്ര നിയമം സംബന്ധിച്ച് നടന്ന യു എന്‍ കണ്‍വെന്‍ഷനില്‍ വെച്ച് ഹൈ സീസ് എന്ന സംരക്ഷിത സമുദ്ര മേഖല സ്ഥാപിക്കുകയും മത്സ്യബന്ധനം, ഗവേഷണം, കപ്പല്‍ ഗതാഗതം എന്നിവക്കെല്ലാം എല്ലാ രാജ്യങ്ങള്‍ക്കും അവകാശം നല്‍കുകയും ചെയ്തു.നിയമ, നിയന്ത്രണങ്ങളുടെ അഭാവം മൂലം നിരന്തരം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന സമുദ്ര മേഖലയുടെ 1.2 ശതമാനം മാത്രമേ ഇപ്പോള്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ. അതില്‍ തന്നെ ഉയര്‍ന്ന സംരക്ഷിത മേഖല 0.8 ശതമാനം മാത്രമാണ്.

അമിതമായ വാണിജ്യവും മത്സ്യബന്ധനവും ജീവജാലങ്ങള്‍ക്കും അവയുടെ ആവാസ വ്യവസ്ഥകള്‍ക്കും അത്യന്തം ഹാനികരമാണ്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ കണക്കനുസരിച്ച് സ്രാവ് വര്‍ഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ അമിതമായ മത്സ്യബന്ധനം മൂലം ഭീഷണിയിലാണ്. സമുദ്രത്തിലെ മിക്കവാറും എല്ലാ ജീവിവര്‍ഗങ്ങളും രാസവസ്തുക്കളില്‍ നിന്നും പ്ലാസ്റ്റിക്കില്‍ നിന്നുമുള്ള മലിനീകരണം നേരിടുന്നുണ്ടെന്നും പലപ്പോഴും രാസവസ്തുക്കളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും കടലിലെ ജീവിവര്‍ഗങ്ങള്‍ വിഴുങ്ങുകയോ അതില്‍ കുടുങ്ങിപ്പോകുകയോ ചെയ്യുന്നുണ്ടെന്നും സംഘടന കണ്ടെത്തി. ഉയര്‍ന്ന കടലുകളുടെ സംരക്ഷിത മേഖലക്ക് പുറത്തുള്ള ഭാഗങ്ങള്‍ അമിത മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം, കപ്പല്‍ ഗതാഗതം എന്നിവ കാരണം ഇപ്പോഴും അപകടാവസ്ഥയിലാണ്. മനുഷ്യരുടെ പ്രകൃതിയിലുള്ള അമിതവും ചൂഷണപൂര്‍ണവുമായ ഇടപെടല്‍ കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം സമുദ്രം കൂടുതല്‍ ചൂടാകുന്നതിന് കാരണമാകുന്നു. ഈ പ്രതിഭാസം സമുദ്ര ജീവികള്‍ക്കും തീരദേശ സമൂഹങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കാനും കാരണമാകുന്നു. ഏകദേശം 10 ശതമാനത്തോളം വരുന്ന സമുദ്ര ജീവികള്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. കര്‍ശനമായ നിയമങ്ങളുടെ അഭാവവും നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിച്ച അലംഭാവവുമാണ് സ്ഥിതി ഇത്രമാത്രം വഷളാക്കിയത്.

ആഴക്കടലിനെ സംരക്ഷിക്കുകയും 2030ഓടെ സമുദ്ര ഭാഗത്തിന്റെ 30 ശതമാനം സംരക്ഷിത മേഖലയാക്കുകയുമാണ് ഹൈ സീസ് ഉടമ്പടിയുടെ മുഖ്യ ലക്ഷ്യം. ധനസഹായം, മത്സ്യബന്ധന അവകാശം എന്നിവയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് ചര്‍ച്ചകള്‍ നീണ്ടുപോയത്. സമുദ്ര ജീവികളെ സംരക്ഷിക്കുന്നതിനും ഉയര്‍ന്ന സമുദ്രങ്ങളില്‍ സംരക്ഷിത പ്രദേശങ്ങള്‍ സ്ഥാപിക്കുന്നതിനുമായി ഒരു പുതിയ കൂട്ടായ്മക്ക് കരാര്‍ രൂപം നല്‍കും.

സമുദ്രങ്ങളിലെ വ്യാപാര-വാണിജ്യ ഇടപെടലുകള്‍, മത്സ്യബന്ധനം, ആഴക്കടല്‍ ഖനനം, കപ്പല്‍ ഗതാഗതം എന്നിവ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങളെ വിലയിരുത്തുകയും അതിനെ നിയന്ത്രിക്കാനാവശ്യമായ നിയമങ്ങള്‍ക്ക് കരാര്‍ രൂപം നല്‍കുകയും ചെയ്യുന്നു. സമുദ്ര സസ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നുമുള്ള ജൈവ വസ്തുക്കള്‍ പോലുള്ള സമുദ്ര ജനിതക വിഭവങ്ങള്‍ പങ്കിടുന്നതിനും സമുദ്രത്തിന്റെ വിശാല ഭാഗങ്ങളില്‍ സമുദ്ര ജീവികള്‍ക്ക് സംരക്ഷണമൊരുക്കുന്നതിനും കരാര്‍ വഴിയൊരുക്കും.

ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍, കടലാമകള്‍, നിരവധി മത്സ്യങ്ങള്‍ എന്നിവയുള്‍പ്പെടെ ചില സമുദ്ര ജീവികള്‍ ദേശീയ അതിര്‍ത്തികളും ഉയര്‍ന്ന കടലുകളും താണ്ടി നീണ്ട കുടിയേറ്റങ്ങള്‍ നടത്തുന്നവയാണ്. അവയെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ഭരണ സമിതികളുടെ ശ്രമങ്ങള്‍ പലപ്പോഴും പൂര്‍ണ വിജയത്തിലെത്താറില്ല. ഇത്തരം ജീവിവര്‍ഗങ്ങള്‍ നേരിടുന്ന ഭീഷണികളും വെല്ലുവിളികളും പരിഹരിക്കുന്നതിനും സമുദ്ര സംബന്ധിയായ വിവിധ പ്രാദേശിക ഉടമ്പടികളെ ബന്ധിപ്പിക്കുന്നതിനും ഹൈ സീസ് ഉടമ്പടി സഹായിക്കുമെന്നാണ് സമുദ്ര ശാസ്ത്ര വിദഗ്ധയായ മിസ് ബാറ്റില്‍ പറയുന്നത്.

കരാറിന് അന്തിമരൂപം കൈവന്നിട്ടുണ്ടെങ്കിലും അത് നടപ്പാക്കുക വലിയൊരു വെല്ലുവിളിയായി തന്നെ തുടരും. കരാര്‍ രാജ്യത്തിന്റെ ആഭ്യന്തര നിയമത്തിലേക്ക് ചേര്‍ത്തുവെക്കണോ എന്ന് തീരുമാനിക്കേണ്ടത് ഓരോ രാജ്യങ്ങളുമാണ്. ഏതെല്ലാം രാജ്യങ്ങള്‍ പുതിയ കരാര്‍ അംഗീകരിക്കും എന്നത് വലിയൊരു ആശങ്കയായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. 1982ല്‍ ഒപ്പുവെച്ച സമുദ്ര സംരക്ഷണത്തിനുള്ള അവസാന അന്താരാഷ്ട്ര കരാര്‍ സംബന്ധിച്ച യു എന്‍ കണ്‍വെന്‍ഷന്‍ അംഗീകരിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല.

സമുദ്ര ആരോഗ്യം നേരിടുന്ന വിനാശകരമായ പ്രവണതകളെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളുടെ വിജയമാണ് കരാറെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത്. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യ നഷ്ടം, മലിനീകരണം എന്നീ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കരാര്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദ്രത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഭൂമിയുടെ പകുതിയും ഹൈ സീസ് പരിധിയില്‍ വരുന്നതാണ്. കൂടാതെ പത്ത് ദശലക്ഷം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയുമാണ് ഹൈ സീസ് മേഖല. കോടിക്കണക്കിന് മനുഷ്യര്‍ ഭക്ഷണം, ഉപജീവനം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കും മറ്റു സാംസ്‌കാരികവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ക്കും സമുദ്രത്തെ ആശ്രയിക്കുന്നുണ്ട്.
സമുദ്രം ഒരു പരിധിയില്ലാത്ത വിഭവമല്ലെന്ന് ലോകത്തെ ആഴത്തില്‍ ഓര്‍മപ്പെടുത്തുന്ന, സമുദ്രത്തെ സുസ്ഥിരമായി വിനിയോഗിക്കുന്നതിന് ആഗോള സമൂഹത്തിന്റെ ആത്മാര്‍ഥമായ സഹകരണം ആവശ്യപ്പെടുന്ന ഹൈ സീസ് ഉടമ്പടി നടപ്പാക്കിയാല്‍ അത് സമുദ്ര സംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നതില്‍ സംശയമില്ല.



source https://www.sirajlive.com/maritime-security-when-the-vessel-is-seized.html

Post a Comment

Previous Post Next Post