മാലിന്യ പ്ലാന്റ് അനുമതിക്കായി വന്‍ തുക വാങ്ങി കബളിപ്പിച്ചു; യു ഡി എഫ് നേതാക്കള്‍ക്കെതിരെ ലീഗ് പ്രവര്‍ത്തകന്‍

താമരശ്ശേരി | കട്ടിപ്പാറയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് പറഞ്ഞ് യു ഡി എഫ് നേതാക്കള്‍ ഭീമമായ സംഖ്യ കൈപ്പറ്റി കബളിപ്പിച്ചതായി പരാതി. പ്രവാസിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ തച്ചംപൊയില്‍ കൊല്ലരുകണ്ടി ഷെരീഫാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കട്ടിപ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട ചമല്‍ മുരിങ്ങും കൊടി ഭാഗത്ത് വാടകക്കെടുത്ത സ്ഥലത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കാമെന്ന് പറഞ്ഞ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയെന്നാണ് ആരോപണം. ഒരാള്‍ 70,000 രൂപയും ഒരാള്‍ 50,000 രൂപയും ഒരാള്‍ 16, 000 രൂപയും മറ്റൊരാള്‍ 10,000 രൂപയും കൈക്കലാക്കി കബളിപ്പിച്ചുവെന്നാണ് ആരോപണം.

പണം നല്‍കിയാല്‍ ഒരാഴ്ച കൊണ്ട് ഭരണ സമിതിയില്‍ അവതരിപ്പിച്ച് അനുമതി നല്‍കാമെന്നായിരുന്നു പറഞ്ഞതെന്നും എന്നാല്‍, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ നല്‍കുകയോ അനുമതി ലഭ്യമാക്കുകയോ ചെയ്തില്ലെന്നും ഷെരീഫ് പറയുന്നു.

പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷമാണ് പഞ്ചായത്തില്‍ രേഖകള്‍ സമര്‍പ്പിച്ചത്. എന്നാല്‍, പ്ലാന്റിലേക്കുള്ള റോഡിന് എഴ് മീറ്റര്‍ വീതി വേണമെന്ന കാരണം പറഞ്ഞാണ് അനുമതി നല്‍കാത്തത്. റോഡിന് വീതിയില്ലെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും ഇത് മറച്ചുവെച്ച് പണം വാങ്ങി എടുക്കുകയായിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു. പണം തിരികെ നല്‍കാത്തതിനാല്‍ നിയമ നടപടി സ്വീകരിക്കാനും ഷെരീഫ് ആലോചിക്കുന്നുണ്ട്.

 



source https://www.sirajlive.com/the-waste-plant-was-duped-into-buying-huge-sums-of-money-for-permits-league-worker-against-udf-leaders.html

Post a Comment

Previous Post Next Post