സ്വവര്‍ഗ വിവാഹവും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലവും

രാജ്യത്തിന്റെ സാംസ്‌കാരിക, പാരമ്പര്യ നിലപാടിനെ ഉയര്‍ത്തിക്കാട്ടുന്നതാണ് സ്വവര്‍ഗ വിവാഹത്തെക്കുറിച്ച് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. ചില പാശ്ചാത്യന്‍ നാടുകളിലെ പോലെ ഇന്ത്യയിലും സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന ആവശ്യത്തോട് രൂക്ഷമായ വിയോജിപ്പ് പ്രകടിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തയ്യാറല്ലെന്നും കോടതിയെ അറിയിച്ചിരിക്കുകയാണ്. എതിര്‍ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ളതാണ് വിവാഹം എന്ന സങ്കല്‍പ്പം. ഈ നിര്‍വചനം സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായും വിവാഹത്തെക്കുറിച്ചുള്ള ആശയത്തിലും സങ്കല്‍പ്പത്തിലും വേരൂന്നിയതാണ്. ജുഡീഷ്യല്‍ വ്യാഖ്യാനത്താല്‍ അതിനെ ദുര്‍ബലപ്പെടുത്തുകയോ ലയിപ്പിക്കുകയോ ചെയ്യരുതെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം ആവശ്യപ്പെടുന്നു.

സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. സ്വവര്‍ഗരതി കുറ്റകരമാക്കിയിരുന്ന ഐ പി സി 377ാം വകുപ്പ് 2018ല്‍ സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി തേടിക്കൊണ്ടുള്ള ഹരജികള്‍ കോടതി മുമ്പാകെ എത്തിയത്. പ്രകൃതി വിരുദ്ധമാണ് സ്വവര്‍ഗ ലൈംഗികതയെന്ന് മനുഷ്യ പ്രകൃതിയെയും ലൈംഗികതയുടെ ധര്‍മത്തെയും കുറിച്ച് അറിയുന്ന ആരും സമ്മതിക്കും. മാനസികവും ശാരീരികവുമായ നിര്‍വൃതിയും സുഖാസ്വാദനവും മാത്രമല്ല, പ്രത്യുത്പാദനവും കൂടിയാണ് ലൈംഗികതയുടെ ധര്‍മവും മര്‍മവും. മനുഷ്യനുള്‍പ്പെടെ മുഴുവന്‍ ജീവജാലങ്ങളിലും ലൈംഗികത പ്രകൃത്യാ തന്നെ നിക്ഷേപിച്ചതിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് വംശങ്ങളുടെ നിലനില്‍പ്പാണ്. എതിര്‍ലിംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. അതിനനുസരിച്ച ശാരീരികവും മാനസികവുമായ ഘടനയോടെയാണ് സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടതും. മൃദുലവും മാംസളവുമാണ് സ്ത്രീശരീരം; ദൃഢവും പേശീനിര്‍മിതവുമാണ് പുരുഷന്റേത്. പുരുഷന്റെ ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കാന്‍ പോന്നതാണ് സ്ത്രീയുടെ ശാരീരിക ഘടന. ലൈംഗികാവയവങ്ങളെ പഠന വിധേയമാക്കുമ്പോഴും പുരുഷനും സ്ത്രീയും തമ്മില്‍ ഇണ ചേരാവുന്ന വിധത്തിലാണ് അവയുടെ ഘടനയെന്നും സ്വവര്‍ഗരതിക്ക് സഹായകമായ ജനിതക ഘടനയല്ലെന്നും കാണാം. ലൈംഗിക ബന്ധങ്ങളും വിവാഹവുമെല്ലാം എതിര്‍ലിംഗങ്ങള്‍ക്കിടയിലാണ് നടക്കേണ്ടതെന്ന വസ്തുതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.

അപക്വമായ മാനസികാവസ്ഥയുടെ ഫലമായുണ്ടാകുന്നതാണ് സ്വവര്‍ഗ പ്രണയവും രതിയും. സാമൂഹിക പരിഗണന നല്‍കേണ്ട ഒരു മനോവ്യതിയാനമാണ് സ്വവര്‍ഗ ലൈംഗികതാവാദം. അത്തരം വ്യതിയാനങ്ങളെ ചൂഷണം ചെയ്യുകയാണ് സ്വവര്‍ഗ ലൈംഗിക വാദികളെന്ന് ജര്‍മന്‍ അന്തസ്രാവ വ്യവസ്ഥാ ഗവേഷകന്‍ ഡോ. ഹാരി ബഞ്ചമിന്‍ സമര്‍ഥിക്കുന്നുണ്ട്. സ്വവര്‍ഗ രതിക്കാര്‍ തമ്മിലുള്ള ബന്ധത്തിന് ഏറെ ദൈര്‍ഘ്യമുണ്ടാകില്ലെന്നും പഠനങ്ങള്‍ കാണിക്കുന്നു. ബഹുഭൂരിഭാഗവും അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രമേ ഒന്നിച്ചു ജീവിച്ചിട്ടുള്ളൂവെന്നാണ് ഡേവിഡ് പാമാക്വേര്‍ട്ടര്‍, ആന്‍ഡ്രൂ എം മാറ്റിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് 156 പുരുഷ ജോഡികളെ പഠിച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത്. ശരാശരി മൂന്ന് വര്‍ഷം മാത്രമാണെന്ന് മറ്റൊരു പഠനത്തില്‍ പറയുന്നു. ദാമ്പത്യ ബന്ധത്തെ ഭദ്രമാക്കുന്നതിലും തകരാതെ നിലനിര്‍ത്തുന്നതിലും മക്കള്‍ക്ക് വലിയ പങ്കുണ്ട്. ദമ്പതികള്‍ക്കിടയിലെ ബന്ധം ദുര്‍ബലമാകുകയും പ്രണയം ലോലമാകുകയും അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമ്പോള്‍ ചേര്‍ത്തു നിര്‍ത്താറുള്ളത് ഇരുവരെയും കൂട്ടിയിണക്കുന്ന ശക്തമായ കണ്ണിയെന്ന നിലയില്‍ മക്കളാണ്. ഭര്‍ത്താവിന്റെയും ഭാര്യയുടെയും മക്കളോടുള്ള സ്‌നേഹവും അവരുടെ ഭാവിയെ സംബന്ധിച്ച ആകുലതകളും ബന്ധം പിരിയാതിരിക്കാന്‍ പ്രേരകമായിത്തീരുന്നു. സ്വവര്‍ഗ രതിയില്‍ മക്കളുണ്ടാകുന്നില്ലെന്നതാണ് ആ ബന്ധത്തിന് ദൈര്‍ഘ്യം കുറയാന്‍ പ്രധാന കാരണം.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ചൂണ്ടിയാണ് ഇന്ത്യയിലും അതനുവദിക്കണമെന്ന ആവശ്യമുയര്‍ത്തുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ തീര്‍ത്തും വ്യത്യസ്തമാണ് ഇന്ത്യയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും പാരമ്പര്യവും സാംസ്‌കാരവും. കുടുംബ ബന്ധങ്ങള്‍ക്ക് പിവിത്രത കല്‍പ്പിക്കാത്തവരാണ് പാശ്ചാത്യര്‍. വിദ്യാര്‍ഥിനികളുടെ ഗര്‍ഭധാരണവും പിതാവ് അറിയപ്പെടാത്ത കുട്ടികളുടെ ജനനവും അവിടങ്ങളില്‍ വ്യാപകമാണ്. അത് കടുത്ത സാമൂഹിക പ്രശ്‌നങ്ങളായി മാറിയതോടെയാണ് ഗര്‍ഭധാരണം നടക്കാതിരിക്കാന്‍ അവര്‍ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത്. മാത്രമല്ല, സെനറ്റര്‍മാര്‍, ജഡ്ജിമാര്‍, പാര്‍ലിമെന്റ് അംഗങ്ങള്‍, അഭിഭാഷകര്‍ തുടങ്ങി സമസ്ത മേഖലകളിലും പെട്ട ആളുകള്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നുണ്ട് പാശ്ചാത്യന്‍ സമൂഹത്തില്‍. സ്വാഭാവികമായും അവരുടെ പിന്തുണയാണ് അവിടെ ഇത് നിയമ വിധേയമാകാന്‍ കാരണവും. ഇന്ത്യയിലും സ്വവര്‍ഗ രതി നിയമ വിധേയമാക്കിയതിനു പിന്നില്‍, അതിനോടുള്ള ചില ജഡ്ജിമാരുടെ താത്പര്യം കൂടിയില്ലേ എന്ന് സംശയിക്കപ്പെടുന്നുണ്ട്. 2013ല്‍ സ്വവര്‍ഗ രതി പ്രശ്നം ജസ്റ്റിസ് സിംഗ്്വിയുടെയും എസ് ജെ മുഖോപാധ്യായയുടെയും നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ചിന്റെ പരിഗണനക്ക് വന്നപ്പോള്‍, അനുമതി നിഷേധിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗികത ശിക്ഷാര്‍ഹമാക്കുന്ന 377ാം വകുപ്പ് നിലനിര്‍ത്തുകയുമാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. സ്വവര്‍ഗരതി പോലുള്ള വ്യക്തിപരമായ താത്പര്യങ്ങള്‍, കുടുംബമെന്ന ശക്തമായ സാമൂഹിക സ്ഥാപനം നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ന്യായാധിപന്മാരെ ഒരു വിധത്തിലും സ്വാധീനിച്ചു കൂടാത്തതാണ്. മാനവരാശിയുടെയും നാഗരികതയുടെയും നിലനില്‍പ്പിന് നിദാനം ആണും പെണ്ണും ചേര്‍ന്ന കുടുംബ ജീവിതമാണെന്ന സത്യം ഉള്‍ക്കൊണ്ടായിരിക്കണം സര്‍ക്കാറും കോടതികളും സ്വവര്‍ഗരതി സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്.

 



source https://www.sirajlive.com/same-sex-marriage-and-central-government-affidavit.html

Post a Comment

Previous Post Next Post