വിദ്യാർഥികൾക്ക് പരീക്ഷാ കാലം; അധ്യാപകർക്ക് പരീക്ഷണ കാലം

കോഴിക്കോട്| എസ് എസ് എൽ സി കാലം വിദ്യാർഥികൾക്ക് പരീക്ഷയാകുമ്പോൾ അധ്യാപകർക്ക് പരീക്ഷണ കാലമാകുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം എസ് എസ് എൽ സി ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ ഇതേ സ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷ കൂടി നടത്തണം. സാധാരണ എസ് എസ് എൽ സി പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷ നടക്കാറില്ല. എന്നാൽ ഇപ്രാവശ്യം ഈ മൂന്ന് ക്ലാസ്സുകളിലെയും പരീക്ഷ ഒരേ ദിവസങ്ങളിലാണ്. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ ഉടനെ അധ്യാപകർ അടുത്ത പരീക്ഷക്ക് തയ്യാറാകണം. സ്‌കൂളിന് പുറത്തു നിന്നുള്ള അധ്യാപകർ എന്നതായിരുന്നു എസ് എസ് എൽ സി പരീക്ഷയുടെ പ്രത്യേകത.

എന്നാൽ, എട്ട്, ഒമ്പത് ക്ലാസ്സുകളിൽ കൂടി പുറത്ത് നിന്നുള്ള അധ്യാപകരെ ഉപയോഗിച്ച് പരീക്ഷ നടത്തുമ്പോൾ എസ് എസ് എൽ സിക്ക് പുറത്തുനിന്നുള്ള ഇൻവിജിലേറ്റർമാർ എന്ന പ്രാധാന്യം ഇല്ലാതാകും. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ശേഷം നാളെ മുതൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷകളും ആരംഭിക്കുകയാണ്. ഈ ഡ്യൂട്ടിയും പുറത്ത് നിന്ന് എസ് എസ് എൽ സി പരീക്ഷാ ചുമതലയുള്ള ഇൻവിജിലേറ്റർമാർ ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇത്തരം അധ്യാപകർ ഇതേ സ്‌കൂളിലെ യു പി, ഹൈസ്‌കൂൾ പരീക്ഷകൾ കൂടി നടത്തണമെന്നാണ് നിർദേശം. നേരത്തേ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പരീക്ഷകൾ എസ് എസ് എൽ സി പരീക്ഷ തുടങ്ങുന്നതിന് മുമ്പോ ശേഷമോ ആയിരുന്നു നടത്തിയിരുന്നത്.

എസ് എസ് എൽ സിയുടെ പ്രത്യേകത കണക്കിലെടുത്തായിരുന്നു ഇത്. ഇപ്രാവശ്യം എസ് എസ് എൽ പരീക്ഷ രാവിലെ 9.30ന് തുടങ്ങി 11.15, 12.15 എന്നീ സമയങ്ങളിൽ കഴിയുന്ന രീതിയിലാണ് നടത്തുന്നത്. 12.15ന് പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകൾ ക്രമപ്പെടുത്തി നൽകുമ്പോൾ 12.45 കഴിയും. തുടർന്ന് 1.30ന് മുമ്പ് തന്നെ മറ്റ് പരീക്ഷകൾക്കും ഒരുങ്ങേണ്ടതുണ്ട്. ഭക്ഷണം കഴിക്കാനോ മറ്റ് കാര്യങ്ങൾ നിർവഹിക്കാനോ വേണ്ടത്ര സമയം ലഭിക്കില്ലെന്ന് അധ്യാപകർ പറയുന്നു.



source https://www.sirajlive.com/exam-period-for-students-a-testing-time-for-teachers.html

Post a Comment

أحدث أقدم