സൗഹൃദത്തിന്റെ പുതിയ മേച്ചിൽപ്പുറം

ധ്യപൂർവ ദേശത്തെ പ്രാദേശിക രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവമാണ് കഴിഞ്ഞ ദിവസം രൂപപ്പെട്ട സഊദി- ഇറാൻ കരാർ. ചൈനയുടെ മധ്യസ്ഥതയിൽ വിരിഞ്ഞ ഈ സമവാക്യം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ മേച്ചിൽപ്പുറങ്ങൾ തുറക്കുമെന്നതിൽ സംശയമില്ല. പരമാധികാരത്തെ മാനിക്കാമെന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും എംബസികൾ രണ്ട് മാസത്തിനുള്ളിൽ തുറക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് മുൻകൈയെടുത്ത് നടത്തിയ അഞ്ച് ദിവസം നീണ്ട മാരത്തോൺ ചർച്ചകളിലൂടെയാണ് തീരുമാനം. 2001 ഏപ്രിൽ 17ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച സുരക്ഷാ സഹകരണ കരാറും സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാങ്കേതിക, ശാസ്ത്ര, സാംസ്‌കാരിക, സ്പോർട്സ്, യുവജന മേഖലകളിൽ പരസ്പര സഹകരണത്തിന് 1998 മെയ് 27ന് ഒപ്പുവെച്ച പൊതുകരാർ നടപ്പാക്കാനും ധാരണയിലെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിൽ മേഖലാ, ആഗോള സുരക്ഷയും സമാധാനവും ശക്തമാക്കാൻ നടക്കുന്ന മുഴുവൻ ശ്രമങ്ങളും നീക്കങ്ങളും സൗഹൃദങ്ങളും ശ്രദ്ധേയവും മാനിക്കപ്പെടേണ്ടതുമാണ്. പതിറ്റാണ്ടുകൾ നീണ്ട രക്തരൂക്ഷിതമായ അധ്യായത്തിന്റെ അവസാനത്തിന്റെ തുടക്കമായിരിക്കണം ഈ കരാറെന്ന് മധ്യപൂർവ ദേശത്തെ രാഷ്ട്രീയവും ആഗോള സ്ഥിഗതികളും നോക്കിക്കാണുന്ന എല്ലാവരും ആഗ്രഹിക്കുക സ്വാഭാവികമാണ്.

സഊദിയുടെ നീക്കത്തെ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് അളക്കുന്നവരുണ്ട്. യു എസിലെയും യൂറോപ്പിലെയും രാഷ്ട്രീയ വിദഗ്ധർ പുതിയ സമാധാന ശ്രമങ്ങളെപ്പറ്റി വിവിധ നിരീക്ഷണങ്ങളാണ് പങ്കിടുന്നത്. കരാറിലെത്തുന്നതിൽ ചൈനയുടെ പങ്കും യു എസിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും വിശകലനം ചെയ്യുകയാണവർ. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ഏതെങ്കിലും ചേരിയിൽ നിലനിൽക്കുന്നതിലോ ചേരികൾ കെട്ടിപ്പടുക്കുന്നതിലോ അറബ് രാഷ്ട്രീയം അധികം താത്പര്യം കാണിക്കാറില്ലെന്ന് അതിന്റെ രാഷ്ട്രീയ പശ്ചാത്തലം സൂക്ഷ്മമായി വിലയിരുത്തുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്. സഊദിയുടെ തന്ത്രപ്രധാന സഖ്യകക്ഷികളിൽ ഏറ്റവും പ്രധാനപ്പെട്ട അമേരിക്കയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുമ്പോൾ തന്നെ റഷ്യയുമായി അടുപ്പം സൂക്ഷിക്കുന്ന ഈ നയതന്ത്രത്തെ ഏത് വ്യാഖ്യാനത്തിലൂടെ വീക്ഷിച്ചാലും അറബ് സമൂഹത്തിന്റെ വിശാലമായ കാഴ്ചപ്പാടും മേഖലയിലെ ജനങ്ങളുടെ നന്മയിലുള്ള താത്പര്യവുമാണ് കാണിക്കുന്നത്.

അയൽരാജ്യമായ ഇറാനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ആവശ്യമായിരുന്നു. 2016ൽ തെഹ്‌റാനിലെ സഊദി എംബസിയിലും മറ്റൊരിക്കൽ മശ്ഹദ് നഗരത്തിലെ സഊദി കോൺസുലേറ്റിലും ഉണ്ടായ ആക്രമണത്തെ തുടർന്ന് അറ്റുപോയതാണ് നയതന്ത്ര ബന്ധം. സംഘർഷഭരിതമായിരുന്നു തുടർനാളുകൾ. സഊദിയിലെ എണ്ണ വിതരണ കേന്ദ്രങ്ങളിലും സിവിലിയൻ മേഖലയിലും ഹൂതി വിമതർ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇതിന് പിന്നിൽ ഇറാൻ സഹായമുണ്ടെന്ന് സഊദി വ്യക്തമാക്കി. ഹൂതികൾക്ക് നേരെ സഊദി അറേബ്യയും തിരിച്ചടിച്ചു. അറബ് മേഖലയിലെ യു എ ഇ, ബഹ്റൈൻ അടക്കമുള്ള സഹോദര രാജ്യങ്ങളുടെ പിന്തുണ സഊദിക്കുണ്ടായിരുന്നു. വലിയ രീതിയിൽ ധനനഷ്ടവും സമയ നഷ്ടവുമുണ്ടാക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കണമെന്നത്, സഊദി അറേബ്യയെ പരിവർത്തിപ്പുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ആവശ്യമായിരുന്നു.

വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന ഇറാൻ ഭരണകൂടത്തിനും സമ്പദ്്വ്യവസ്ഥയിലെ സുസ്ഥിരതക്കും ഭരണപരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അയൽപ്രദേശവുമായി നിലനിൽക്കുന്ന പ്രശ്‌നം അവസാനിപ്പിക്കുക അനിവാര്യമായിരുന്നു. സമാധാനത്തിലൂടെ മാത്രമാണ് സമൃദ്ധിയും അഭിവൃദ്ധിയുമെന്ന തിരിച്ചറിവ് അവർക്കുണ്ടായി. തീർച്ചയായും മേഖലക്കും, ലോകത്തിനും ഇത്തരമൊരു നീക്കം എന്നത്തേക്കാളും വേണ്ടതാണെന്നതിൽ രണ്ടഭിപ്രായവുമില്ല.

ചർച്ചകളിൽ ഇടനിലക്കാരായി വന്ന ചൈനയുടെ താത്പര്യങ്ങളേക്കാൾ രണ്ട് രാജ്യങ്ങളുമായും ഉള്ളിൽ സൂക്ഷിക്കുന്ന സ്ഥായിയായ ബന്ധത്തിന്റെ ബഹിർസ്ഫുരണമാണ് ഇപ്പോഴത്തെ കരാർ. ചൈനയുമായും അറബ് രാജ്യങ്ങൾക്ക് നല്ല ബന്ധമുണ്ട്. പ്രതിദിനം 1.75 ദശലക്ഷം ബാരൽ എണ്ണ വാങ്ങുന്ന ചൈനക്ക് സുരക്ഷിതമായ ഊർജ പ്രവാഹം ഉറപ്പാക്കാൻ അവർക്ക് താത്പര്യമുണ്ടെങ്കിൽ പോലും അത് കരാറിൽ ഏർപ്പെട്ട ഇരു രാജ്യങ്ങളുടെ കൂടി തീരുമാനത്തിന്റെ പുറത്താണെന്നത് തന്നെയാണ് വാസ്തവം. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തോടുള്ള പ്രതിബദ്ധത, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള ശ്രദ്ധ, സുരക്ഷാ സഹകരണം തുടങ്ങിയവയുടെ ഗുണഭോക്താക്കൾ മൂന്നാം കക്ഷിയേക്കാൾ അതാത് പ്രദേശങ്ങൾ തന്നെയാണ്.

പ്രശ്‌നങ്ങൾ രാഷ്ട്രീയമായും ചർച്ചയിലൂടെയും പരിഹരിക്കുന്നതിന് മുൻഗണന നൽകുകയെന്ന തങ്ങളുടെ കാഴ്ചപ്പാടിനെയാണ് ഇറാനുമായി പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധം എടുത്തുകാണിക്കുന്നതെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ അഭിപ്രായപ്പെടുകയുണ്ടായി. ഒരേ തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന മേഖലയിലെ രാജ്യങ്ങൾ സമൃദ്ധിയുടെയും സ്ഥിരതയുടെയും മാതൃക ഒരുമിച്ച് കെട്ടിപ്പടുത്ത ചരിത്രപരമായ ഈ നീക്കത്തെ മേഖല സന്തോഷം പകരുന്ന സംഭവമായി പരക്കേ സ്വാഗതം ചെയ്യുമ്പോൾ, മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ചൈന സ്വാധീനം നേടുമോ എന്ന ആശങ്കയിലാണ് അമേരിക്ക. ഇസ്റാഈൽ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ലെങ്കിലും മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ പ്രതികരണം അത്ര സുഖകരമല്ല.

സഊദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം പുനരാരംഭിക്കുന്നത് മേഖലയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് വ്യക്തമാക്കി ഒമാൻ വിദേശകാര്യ മന്ത്രാലയം കരാറിനെ സ്വാഗതം ചെയ്തു.

ഇറാഖ്, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം തുറക്കട്ടെയെന്ന് ആശംസിച്ചു കൊണ്ടാണ് കരാറിനെ സ്വാഗതം ചെയ്തത്. ഒരു ഘട്ടത്തിൽ ഇറാഖ് ഇത്തരമൊരു സമവായ ശ്രമത്തിന് മുന്നിൽ നിന്നിരുന്ന രാജ്യമാണ്. പ്രഖ്യാപിത കരാറിനെ താത്പര്യത്തോടെ നോക്കികാണുന്നതായും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത ശക്തിപ്പെടുത്തുന്നതിനും അറബ് ദേശീയത സംരക്ഷിക്കുന്നതിനും കരാർ സഹായിക്കുമെന്നും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് മുതൽക്കൂട്ടാവുമെന്ന് വ്യക്തമാക്കി ജോർദാനും കരാറിനൊപ്പം ചേർന്നിട്ടുണ്ട്.

യമനിലെ യുദ്ധവും സഊദിക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും അവസാനിച്ചു കാണുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് അമേരിക്കയുടെ പ്രതികരണം. ഇറാൻ വാക്ക് പാലിക്കുമോ എന്ന് നിരീക്ഷിക്കുമെന്നും അമേരിക്കൻ ദേശീയ സുരക്ഷാ സമിതി വക്താവ് ജോൺ കിർബി പറഞ്ഞു.

ആഗോള രാഷ്ട്രീയത്തിൽ പോലീസ് വേഷം കെട്ടുന്നവർക്ക് അത്ര സുഖകരമായി തോന്നുന്നില്ലെങ്കിലും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രാദേശിക സൗഹൃദത്തിൽ വന്ന വിള്ളലിനെ ഇല്ലാതാക്കുന്നതിലൂടെ മേഖലയിൽ ആശ്വാസത്തിന്റെ ഇളങ്കാറ്റ് പരക്കുമെന്നതിൽ സംശയമില്ല. ഈ ഊഷ്മളമായ ബന്ധം സഊദിയുടെ സഖ്യ രാജ്യങ്ങളിലേക്ക് കൂടി പടരുമ്പോൾ അത് മിഡിൽ ഈസ്റ്റ് മേഖലയിൽ പുതു രാഷ്ട്രീയ പിറവിക്ക് കാരണമാകുക തന്നെ ചെയ്യും.



source https://www.sirajlive.com/beyond-the-new-pastures-of-friendship.html

Post a Comment

أحدث أقدم