ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ ആവേശം പകരുന്ന ഐതിഹാസികമായ പ്രക്ഷോഭമാണ് ഇസ്റാഈലില്‍ അരങ്ങേറുന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ ഒരിടവേളക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍, അറബ് ജനതയെ രാഷ്ട്രരഹിതരാക്കാനും ഉന്‍മൂലനം ചെയ്യാനുമുള്ള സയണിസ്റ്റ് പദ്ധതികള്‍ അത്യന്തം ക്രൗര്യത്തോടെ നടപ്പാക്കുകയാണ്. അത് ചോദ്യം ചെയ്യുന്ന ജനാധിപത്യ ശക്തി ഇസ്റാഈലിനകത്ത് തന്നെ വളര്‍ന്നു വരുന്നുവെന്ന പ്രതീക്ഷയാണ് കഴിഞ്ഞ പത്ത് ആഴ്ചയായി ടെല്‍ അവീവ് അടക്കമുള്ള നഗരങ്ങളില്‍ കണ്ട ജനസാഗരം. പതിനായിരങ്ങള്‍ തെരുവിലിറങ്ങി നെതന്യാഹു സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. റോഡുകള്‍ മുഴുവന്‍ ഉപരോധിച്ചതിനാല്‍ നെതന്യാഹുവിന് വിദേശത്തേക്ക് യാത്ര തിരിക്കാന്‍ വ്യോമസേനാ ഹെലികോപ്റ്ററില്‍ വിമാനത്താവളത്തിലെത്തേണ്ട ഗതി വന്നു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വരുതിയിലാക്കാനുള്ള നെതന്യാഹു സര്‍ക്കാറിന്റെ നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ ആധാരമെങ്കിലും വംശീയ നയങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാറിന്റെ സര്‍വ നയവൈകല്യങ്ങളെയും ചോദ്യം ചെയ്യുന്ന നിലയിലേക്ക് അത് വളര്‍ന്നിട്ടുണ്ട്. ജനുവരി ആദ്യമാണ് നെതന്യാഹു മന്ത്രിസഭയിലെ നീതിന്യായ മന്ത്രി യാരിന്‍ ലെവിന്‍ വിവാദ ജുഡീഷ്യല്‍ പരിഷ്‌കരണ ബില്‍ അവതരിപ്പിച്ചത്. ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ കൂട്ടുകയാണ് ബില്ലിന്റെ പ്രാഥമിക ലക്ഷ്യം. രാഷ്ട്രീയ നേതാക്കളും ജഡ്ജിമാരും അഭിഭാഷകരുമടങ്ങിയ സമിതിയാണ് ഇപ്പോള്‍ ന്യായാധിപരെ തിരഞ്ഞെടുക്കുന്നത്. ഈ സംവിധാനത്തില്‍ നിയമജ്ഞര്‍ക്കാണ് ഭൂരിപക്ഷം. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് ഭൂരിപക്ഷമാകും. ഇത് ജുഡീഷ്യറിയെ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാറിന് അവസരമൊരുക്കും. നിയമത്തിലെ മറ്റൊരു നിര്‍ദേശം ഇതിനേക്കാള്‍ അപകടകരമാണ്. 120 അംഗ നെസ്സറ്റില്‍ (ഇസ്റാഈല്‍ പാര്‍ലിമെന്റില്‍) കേവല ഭൂരിപക്ഷം അഥവാ 61 പേരുടെ പിന്തുണയുണ്ടെങ്കില്‍ സുപ്രീം കോടതിയുടെ ഏത് വിധിയും അസാധുവാക്കാനാകുമെന്നതാണ് ആ വ്യവസ്ഥ. ഫലസ്തീന്‍ ഭൂമി കൈയേറ്റം, ജൂത കൈയേറ്റ സമുച്ചയങ്ങളുടെ നിര്‍മാണം, അല്‍ അഖ്സ പള്ളിയിലെ ജൂത തീവ്രവാദികളുടെ കടന്നു കയറ്റം, ശൈഖ് ജര്‍റാഹിലെ വീടുകള്‍ പൊളിക്കല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇടപെട്ട് സുപ്രീം കോടതി നടത്തിയ തിളക്കമാര്‍ന്ന വിധികളുടെ മഷിയുണങ്ങും മുമ്പാണ് ഈ നിയമനിര്‍മാണം. പുതിയ ബില്‍ നിയമമാകുന്നതോടെ, കോടതി ഇത്തരം വിധികളുമായി വന്നാല്‍ പാര്‍ലിമെന്റിന് അവയെടുത്ത് ചവറ്റുകൊട്ടയിലിടാന്‍ സാധിക്കും. പാര്‍ലിമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കാനും ആവശ്യമെങ്കില്‍ അസാധുവാക്കാനുമുള്ള കോടതിയുടെ അധികാരവും എടുത്തു കളയും.
ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള ഈ നീക്കത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഏറ്റവും ശക്തമായതാണ് ശനിയാഴ്ച രാജ്യത്തുടനീളം നടന്നത്. മൊത്തം അഞ്ച് ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തുവെന്നാണ് ഹാരറ്റ്സ് റിപോര്‍ട്ട് ചെയ്തത്. ടെല്‍ അവീവില്‍ മാത്രം രണ്ടര ലക്ഷം പേര്‍ അണി നിരന്നു. ഇസ്റാഈലില്‍ സ്വേച്ഛാധിപത്യം അനുവദിക്കില്ല, നെതന്യാഹു സര്‍ക്കാറിനെ നിലക്കു നിര്‍ത്തുമെന്ന് യുവാക്കള്‍ മുദ്രാവാക്യം മുഴക്കി. ബിസിനസ്സ് രംഗത്തെ പ്രമുഖര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, മുന്‍ പ്രധാനമന്ത്രി എഹൂദ് ബാരകിനെ പോലുള്ള നേതാക്കള്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എല്ലാം പ്രക്ഷോഭത്തില്‍ അണി നിരക്കുന്നുണ്ട്. പ്രക്ഷോഭകരുടെ ആവശ്യം ന്യായമാണെന്നും നിര്‍ദിഷ്ട നിയമം പിന്‍വലിക്കണമെന്നും പ്രസിഡന്റ് ഇസാക് ഹെര്‍സോഗിന് തന്നെ പറയേണ്ടി വന്നു. ഇസ്റാഈല്‍ അനുഭവിക്കുന്ന എക്കാലത്തേക്കും വലിയ പ്രതിസന്ധിയെന്നാണ് ബി ബി സി ഈ സമരത്തെ വിശേഷിപ്പിച്ചത്. വ്യോമസേനയിലെ പോര്‍വിമാന പൈലറ്റുമാര്‍ പരിശീലനത്തിന് ഹാജരാകാതെ പ്രതിഷേധം രേഖപ്പെടുത്തിയതായി റിപോര്‍ട്ടുണ്ട്.
ഭൂരിപക്ഷത്തില്‍ വിശ്വസിക്കുന്ന ജനാധിപത്യ രാജ്യമാണ് ഇസ്റാഈലെന്നും അതിനാല്‍ നീതിന്യായ വ്യവസ്ഥയേക്കാള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് സര്‍ക്കാറിനെ പിന്തുണക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍ ഇസ്‌റാഈലില്‍ ഉദാര ജനാധിപത്യം വേണമെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. പാര്‍ലിമെന്റിന് മേല്‍ ശക്തമായ നീതിന്യായ പരിശോധന ആവശ്യമാണ്. അതിവേഗം വളരുന്ന തീവ്രവലത് ചിന്താഗതിക്കെതിരെയുള്ള അവസാന പ്രതിരോധ മാര്‍ഗമാണ് കോടതിയെന്നും ഇവര്‍ പറയുന്നു. രാജ്യത്തെ 66 ശതമാനം പേര്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ പരിഷ്‌കരണം ആവശ്യമില്ലെന്ന അഭിപ്രായമുള്ളവരാണെന്ന് ഏറ്റവും പുതിയ സര്‍വേ വ്യക്തമാക്കുന്നു.
ഇവിടെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ നിന്ന് നോക്കുമ്പോള്‍ അക്കാര്യങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് പ്രധാനമന്ത്രി നെതന്യാഹു. അദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞു ശ്രമിച്ചത് തന്നെ കേസുകള്‍ തേച്ചുമാച്ചു കളയാനാണ്. കോടതിയില്‍ നിന്ന് പിടിമുറുകുമെന്നത് അദ്ദേഹത്തിന് നന്നായറിയാം. അതുകൊണ്ട് ജുഡീഷ്യറിയെ നിയന്ത്രണത്തിലാക്കുകയും തന്റെ ഇഷ്ടക്കാരെ ജഡ്ജിമാരാക്കുകയും മാത്രമാണ് പോംവഴി. ഇന്ത്യയിലും ജുഡീഷ്യല്‍ നിയമനത്തില്‍ ഇടപെടാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടല്ലോ. എന്തെല്ലാം കുറവുകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ സ്വതന്ത്രമായി നടക്കുന്ന സംവിധാനമാണ് കൊളീജിയം. അതിനെതിരെ കേന്ദ്ര നിയമ മന്ത്രിയും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും ദിനംപ്രതി പ്രസ്താവനകളിറക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയ നയങ്ങള്‍ അതിവേഗം നടപ്പാക്കാന്‍ ഇറങ്ങുമ്പോള്‍ കോടതി ഒരു തടസ്സമാകരുതല്ലോ. ഇസ്റാഈലില്‍ തീവ്ര സയണിസ്റ്റുകളും ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വ വാദികളും ഒരു പോലെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു. ഒരു വ്യത്യാസമേയുള്ളൂ. ഇവിടെ മഹാ പ്രക്ഷോഭങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുന്നില്ല. തെരുവില്‍ ഐക്യപ്പെടുന്നില്ല.
source https://www.sirajlive.com/democracy-protests-in-israel.html
إرسال تعليق