അല്ലാഹുവിന്റെ എല്ലാ സൃഷ്ടികളും ഒരുപോലെയല്ല. അവരില്‍ വിശിഷ്ടമായ ആരോഗ്യം കൊണ്ട് അനുഗ്രഹം സിദ്ധിച്ചവരും അനാരോഗ്യം കൊണ്ട് പരീക്ഷിക്കപ്പെടുന്നവരും ഉണ്ട്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരും നിര്‍ധനരുമുണ്ട്. ആരോഗ്യവാന്മാരും സമ്പന്നരും അഹങ്കാരം നടിക്കരുത്. രോഗികള്‍ അക്ഷമ കാണിക്കാനോ നിര്‍ധനര്‍ നിഷിദ്ധമായ ധനാഗമന മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ പാടില്ല. അല്ലാഹുവിന്റെ വിധിയുമായി പൊരുത്തപ്പെട്ട് കഴിയാനുള്ള മനക്കരുത്ത് ആര്‍ജിക്കുകയാണ് വേണ്ടത്.
അതേസമയം, രോഗീ പരിചരണവും ശുശ്രൂഷയും മഹത്തായ സേവനങ്ങളായി ഇസ്‌ലാം പഠിപ്പിക്കുന്നു. ദരിദ്രര്‍ക്കും അശരണര്‍ക്കും കൈത്താങ്ങാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഗതിയും ഗത്യന്തരവുമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കണം. വിശക്കുന്നവന് ഭക്ഷണം നല്‍കലും മതിയായ താമസ സൗകര്യമില്ലാത്തവര്‍ക്ക് സുരക്ഷിതമായ കുടിലുകളൊരുക്കിക്കൊടുക്കലും സമൂഹത്തിന്റെ ബാധ്യതയാണ്.
ആവശ്യത്തിനുള്ള വരുമാനം പോലുമില്ലാത്ത നിത്യരോഗികള്‍, അപകടത്തില്‍ പെട്ട് ആരോഗ്യം ക്ഷയിച്ചവര്‍, മാറാവ്യാധി ബാധിച്ചവര്‍, മാരക രോഗത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന പാവങ്ങള്‍, ഡയാലിസിസിനും കീമോ തെറാപ്പിക്കും വിധേയമാക്കപ്പെടുന്ന സാധുക്കള്‍ തുടങ്ങിയ എല്ലാവരും സാന്ത്വന സ്പര്‍ശം അര്‍ഹിക്കുന്നവരാണ്. പിതാവ് നഷ്ടപ്പെട്ട മക്കള്‍, ആശ്രിതരില്ലാത്ത കുടുംബാംഗങ്ങള്‍, കുടുംബക്കാരും കുട്ടികളുമില്ലാത്ത വൃദ്ധര്‍, അഗതികള്‍, അനാഥകള്‍, ആലംബഹീനര്‍ എല്ലാവരിലേക്കും കാരുണ്യ ഹസ്തങ്ങള്‍ നീളേണ്ടതുണ്ട്.
ഇത് പരിശുദ്ധ റമസാനാണ്. ഇന്ന് പവിത്രമായ വെള്ളിയാഴ്ചയാണ്. ദാനധര്‍മങ്ങള്‍ക്ക് പ്രത്യേകം പുണ്യമുള്ള മാസവും ദിവസവുമാണിവയെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പഠിപ്പിച്ചിട്ടുണ്ട്.
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു കുടുംബത്തെ ഏറ്റെടുക്കാനോ ഒരു കുട്ടിക്കു വേണ്ട ചെലവ് വഹിക്കാനോ നമുക്ക് സാധിച്ചുകൊള്ളണമെന്നില്ല. പാവപ്പെട്ട രോഗിയുടെ ഒരു നേരത്തെ മരുന്നിന് വേണ്ട തുക പോലും നമുക്ക് പ്രയാസമായിരിക്കാം. പക്ഷേ, കഴിവിനനുസരിച്ച് സഹകരിക്കാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കുമല്ലോ. നമ്മള്‍ ഓരോരുത്തരും നല്‍കുന്ന ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടിയാല്‍ നിരവധി നിര്‍ധനരുടെ കണ്ണീരൊപ്പാനാകും. കുറേ കുടുംബങ്ങളെ സന്തോഷിപ്പിക്കാനാകും. ധാരാളം രോഗികള്‍ക്ക് മരുന്ന് വാങ്ങിക്കൊടുക്കാന്‍ പറ്റും. സാധുജന സേവനത്തിനായി നമ്മെ സമീപിക്കുന്നവരോട് നമുക്ക് ആത്മാര്‍ഥമായി സഹകരിക്കാം.
ദരിദ്രരെയും സാമ്പത്തിക ശേഷി കുറഞ്ഞവരെയും സഹായിക്കുന്നവര്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള പാരിതോഷികം അവന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പാവങ്ങള്‍ക്കു വേണ്ടി ധനം വിനിയോഗിച്ചതിന്റെ പേരില്‍ ഒരാളുടെയും സമ്പത്ത് കുറഞ്ഞുപോവുകയില്ലെന്നും അവന്‍ ഉറപ്പ് തരുന്നു.
സൂറതുല്‍ ബഖറയിലെ 27ാം സൂക്തത്തിലൂടെ അല്ലാഹു ദാന ധര്‍മത്തിന്റെ മഹത്വം പഠിപ്പിച്ചത് നോക്കൂ. ‘സമ്പത്തില്‍ നിന്ന് എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുന്നുവെങ്കില്‍ അതിന്റെ പ്രതിഫലം നിങ്ങള്‍ക്കുള്ളതാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടല്ലാതെ നിങ്ങള്‍ അത് ചെലവഴിക്കരുത്. സാമ്പത്തികമായി നിങ്ങള്‍ എന്ത് ചെലവഴിച്ചാലും അതിനുള്ള പ്രതിഫലം അല്ലാഹു പൂര്‍ത്തീകരിച്ച് തരും. സമ്പത്തില്‍ വല്ല കുറവും വരുത്തി നിങ്ങള്‍ അക്രമിക്കപ്പെടുകയുമില്ല.’ (ജലാലൈനി)
source https://www.sirajlive.com/your-compassionate-hand-is-also-needed-for-relief-efforts.html
إرسال تعليق