മനുഷ്യ ജീവിതത്തിന്റെ മാര്‍ഗ രേഖയാണ് വിശ്വാസവും കര്‍മങ്ങളും. ഏത് സാഹചര്യങ്ങളില്‍ ജീവിക്കുമ്പോഴും ചുറ്റുമുള്ള സമൂഹത്തെ അടുത്തറിഞ്ഞ് ജീവിക്കാനുള്ള സമഗ്രമായ പദ്ധതിയാണത്. വിശ്വാസ മണ്ഡലങ്ങളിലെ കണിശതയോടൊപ്പം സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഇടപെടലുകള്‍ ഇസ്ലാമിനെ മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
മനുഷ്യന്റെ സാമൂഹിക ജീവിതത്തിലെ സകലമാന പ്രശ്നങ്ങള്‍ക്കും ഇസ്ലാമില്‍ പ്രതിവിധികളുണ്ട്. നശ്വരമായ ജീവിത ചുറ്റുപാടുകളില്‍ നിന്ന് അനശ്വരമായ പാരത്രിക ജീവിതത്തിലേക്ക് വഴി നടക്കുന്ന മനുഷ്യന് വ്യക്തമായ പാന്താവുകള്‍ ഇസ്ലാം കാണിച്ച് കൊടുക്കുന്നുമുണ്ട്.
കാരുണ്യവും അനുകമ്പയുമാണ് ഇസ്ലാമിക അധ്യാപനങ്ങളുടെ വേരായി നിലകൊള്ളുന്നത്. ഈ ലോകത്ത് തിരുനബി (സ)യെ അല്ലാഹു തആല അയച്ചത് മുഴുവന്‍ സൃഷ്ടികള്‍ക്കും കാരുണ്യമായിട്ടാണ്. സമൂഹത്തില്‍ ആഴ്ന്നിറങ്ങാനും അവരുടെ വേദനകള്‍ അറിയാനും പരിഹരിക്കാനും മനുഷ്യനെ ഈ വ്യവസ്ഥിതി പരിശീലിപ്പിക്കുന്നു. ഇസ്ലാമിക കര്‍മങ്ങളുടെ അടിസ്ഥാന നിര്‍മിതി പരിശോധിച്ചാല്‍ തന്നെ സഹവര്‍ത്തിത്വത്തിന്റെയും സമാശ്വാസത്തിന്റെയും അന്തസ്സത്ത അടങ്ങിയിരിക്കുന്നത് കാണാം. അയല്‍ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും കുറിച്ചുള്ള തിരുനബി അധ്യാപനങ്ങള്‍ പരസ്പര സ്നേഹത്തിനും സമാശ്വാസത്തിനും ഇസ്ലാം എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് കാണിച്ച് തരുന്നു. സ്വന്തം സഹോദരന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുകയും തന്റെ ഇഷ്ടങ്ങളെല്ലാം തന്റെ സഹോദരന്റെ കൂടി ഇഷ്ടങ്ങളായി മാറുകയും ചെയ്യുന്നത് വരെ ഒരാളുടെയും വിശ്വാസം പൂര്‍ണമാകുകയില്ല എന്നാണ് തിരുനബി (സ) പഠിപ്പിക്കുന്നത്. ഞാന്‍ എന്ന തലത്തില്‍ നിന്ന് മാറി നമ്മള്‍ എന്ന പരിപ്രേക്ഷ്യത്തിലേക്ക് ചിന്തിക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പൂര്‍ണമാകുന്നത്. നമ്മുടെ ഇഷ്ടങ്ങള്‍ മറ്റുള്ളവരുടെ കൂടെ ഇഷ്ടങ്ങളാകുകയും അവരുടെ പ്രയാസങ്ങള്‍ നമ്മുടെ കൂടെ പ്രയാസങ്ങളാകുകയും ചെയ്യുമ്പോഴാണ് ഈ പൂര്‍ണത കൈവരിക്കാന്‍ സാധിക്കുന്നത്.
വിശ്വാസികളെ പരസ്പരം ഒരു കെട്ടിടത്തോട് ഉപമിച്ചിട്ടുള്ള ഹദീസ് സൂചിപ്പിക്കുന്നതും ഇതേ ആശയമാണ്. കെട്ടിടം പോലെയാണ് മനുഷ്യ സമൂഹം. അതിലൊരു ഭാഗത്തിന് പരുക്കേല്‍ക്കുമ്പോള്‍ കെട്ടിടത്തിന്റെ മുഴുവന്‍ ഭംഗിയും നഷ്ടപ്പെടും. വിശ്വാസികള്‍ ഒരു ശരീരം പോലെയാണെന്ന അധ്യാപനവും ലോകം പലയാവര്‍ത്തി പഠിക്കേണ്ട ഒന്നാണ്. ഭക്ഷണം കഴിക്കുന്നത് വായയാണെങ്കിലും ഊര്‍ജം ലഭിക്കുന്നത് ശരീരത്തിന് മുഴുവനുമാണ്. വേദനയുള്ളത് കാലിലാണെങ്കിലും ഉറക്കൊഴിക്കുന്നത് ശരീരം മൊത്തമാണ്. ഈയൊരു സാമൂഹിക പാഠത്തിലൂടെയാണ് തിരുനബി (സ) മനുഷ്യരോട് പരസ്പര സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നത്.
പരസ്പര സഹവര്‍ത്തിത്വത്തിന്റെ പ്രസക്തി ഈ ലോകത്ത് എപ്പോഴും നിലനില്‍ക്കുന്ന ഒന്നാണ്. സ്വന്തം സഹജീവികളോട് കരുണ കാണിക്കുകയും ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ താങ്ങാകുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക രീതി. കരുണയുടെ ഇസ്ലാമിക പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, പ്രയാസങ്ങള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്ക് താങ്ങായി പ്രവര്‍ത്തിച്ചു വരുന്ന ഒരു കാരുണ്യ സംരംഭമാണ് സുന്നി യുവജന സംഘത്തിന് കീഴിലുള്ള ‘സാന്ത്വനം’ പദ്ധതി. ഇസ്ലാമിലെ കാരുണ്യ പാഠങ്ങളെ സമൂഹത്തില്‍ പ്രായോഗികവത്കരിക്കാന്‍, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സുന്നി യുവജന സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രബോധന മേഖലയില്‍ കാലികമായ ഇടപെടലുകള്‍ സംഘടന നടത്തിക്കൊണ്ടിരിക്കുന്നു. സംഘടനക്ക് കീഴില്‍ നിരവധി സ്ഥിരം പദ്ധതികളുണ്ട്. അവ പ്രബോധന രംഗങ്ങളില്‍ വ്യത്യസ്തമായ ഇടപെടലുകള്‍ കാഴ്ച വെക്കുന്നു. സാന്ത്വനത്തിനു പുറമെ, മീഡിയാ മിഷന്‍, സുന്ന ക്ലബ്, റേഷനല്‍ ക്ലബ് തുടങ്ങിയ ഓണ്‍ലൈന്‍ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും അവരെ അഭിമുഖീകരിക്കാനും സംഘടനക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.
സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഓരോ മത വിശ്വാസിയുടെയും ദൗത്യവും ബാധ്യതയുമാണ്. ഇസ്ലാമിക ഉത്ഭവം മുതല്‍ ഇതുവരെയുള്ള വിശ്വാസി സമൂഹങ്ങള്‍ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ വളരെയേറെ ശ്രദ്ധാലുക്കളുമായിരുന്നു. ലോക മുസ്ലിംകള്‍ ചെയ്തു പോരുന്ന പുണ്യ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ എളുപ്പമാക്കുക എന്ന ആശയത്തോട് കൂടി തുടങ്ങിയതാണ് സാന്ത്വനം. അനേകം മനുഷ്യരിലേക്ക് സഹായ ഹസ്തങ്ങളും സ്നേഹ വായ്പ്പുകളും എത്തിക്കാന്‍ ഇത് വഴി എസ് വൈ എസിന് സാധിച്ചു.
കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട ആശുപത്രികളിലും എസ് വൈ എസിന്റെ സേവന സത്രങ്ങളുണ്ട്. വേദന അനുഭവിക്കുന്നവര്‍ക്ക് താങ്ങായി, അശരണര്‍ക്ക് തണലായി, മരുന്നായും സാമ്പത്തിക സഹായമായും എസ് വൈ എസിന്റെ വളണ്ടിയര്‍മാര്‍ കൂടെയുണ്ട്. തിരുവനന്തപുരം ആര്‍ സി സിയുടെ സമീപത്തുള്ള സാന്ത്വന കേന്ദ്രവും കേരളത്തിന്റെ മറ്റു നഗര- ഗ്രാമ പ്രദേശങ്ങളിലെ എസ് വൈ എസ് സാന്ത്വന കേന്ദ്രങ്ങളും അശരണരുടെ കണ്ണീരൊപ്പുന്നുണ്ട്. വ്യത്യസ്ത ദൗത്യ പൂര്‍ത്തീകരണങ്ങളിലൂടെ കേരളാ പാലിയേറ്റീവ് രംഗത്ത് നല്ലൊരു മുന്നേറ്റം നടത്താന്‍ എസ് വൈ എസിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. തിരുവനന്തപുരത്ത് അര്‍ബുദ രോഗികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ലഭ്യമാക്കുന്ന സ്നേഹ വീടുകള്‍ മുതല്‍ ഡയാലിസിസ്, മെഡിക്കല്‍ കാര്‍ഡ് സംവിധാനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ഒരുപാട് പദ്ധതികള്‍ സാന്ത്വനം വഴി നടപ്പില്‍ വരുത്തിയിട്ടുണ്ട്. പ്രളയ, കൊവിഡ് തരംഗങ്ങള്‍ കേരളത്തെ ഭീതിയില്‍ നിര്‍ത്തിയപ്പോള്‍ കേരള ജനതക്ക് കൈത്താങ്ങായി എത്തിയ സാന്ത്വനം വളണ്ടിയര്‍മാര്‍ എസ് വൈ എസ് സേവന പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ചകളാണ്.
സേവനങ്ങള്‍ക്ക് സഹായം ചെയ്യുന്നത് അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്നതിന് കാരണമാകുന്ന കാര്യമാണ്. കോടിക്കണക്കിന് രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എസ് വൈ എസിനെ അകമഴിഞ്ഞ് സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. സാമൂഹിക സേവനങ്ങള്‍ക്ക് വേണ്ടി തന്റെ ജീവിതത്തിന്റെ ഭാഗം മാറ്റിവെക്കുക വഴി അശരണര്‍ക്ക് തങ്ങാകുന്നതിലൂടെ നമുക്കുള്ള ജീവിത വഴികളും തെളിഞ്ഞു വരും. അസുഖ ശയ്യയിലുള്ള ഇതര മതസ്ഥനെ സഹായിച്ചത് മുതല്‍, ഇസ്ലാമിന്റെ കഠിന ശത്രുവായ അബൂജഹല്‍ രോഗബാധിതനായി കിടന്നപ്പോള്‍ സന്ദര്‍ശിക്കാന്‍ ഇറങ്ങിത്തിരിച്ച തിരുനബി(സ)യും, രാത്രികളുടെ അവസാന യാമങ്ങളില്‍ മദീനയുടെ പ്രാന്ത പ്രദേശങ്ങളില്‍ താമസിക്കുന്ന വൃദ്ധയുടെ രോഗവിവരങ്ങള്‍ അന്വേഷിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചു കൊടുത്തിരുന്ന സിദ്ദീഖ് തങ്ങളും പഠിപ്പിക്കുന്ന സാന്ത്വനത്തിന്റെ ഇസ്ലാമിക പാഠങ്ങള്‍ നാം നെഞ്ചേറ്റണം.
source https://www.sirajlive.com/be-compassionate.html
إرسال تعليق