സമ്മേളനത്തിനെത്തിയ 11 പേര്‍ സൂര്യാതപമേറ്റ് മരിച്ചു

മുംബൈ |മഹാരാഷ്ട്രയിൽ സർക്കാർ പരിപാടിയിൽ പങ്കെടുത്ത 11 പേർ സൂര്യാതപമേറ്റ് മരിച്ചു. ശാരീരികാസ്വസ്ഥ്യത്തെ തുടർന്ന് 600 ഓളം പേർ ചികിത്സ തേടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്ത മഹാരാഷ്ട്ര ഭൂഷൻ അവാർഡ് ചടങ്ങിനിടെയാണ് സൂര്യാതപമേറ്റത്.

കനത്ത ചൂടിൽ നവി മുംബൈയിലെ തുറന്ന വേദിയിലായിരുന്നു പരിപാടി. 38 ഡിഗ്രി സെൽഷ്യസ് ചൂടിൽ രാവിലെ 11.30 മുതൽ ഉച്ചക്ക് ഒന്ന് വരെയായിരുന്നു പരിപാടി.
അമിത് ഷാ വരുന്നതിനാൽ നവി മുംബൈയിലെ മൈതാനം ജനങ്ങളാൽ നിറഞ്ഞുകവിഞ്ഞിരുന്നു. ഇതിനിടെ നിരവധി പേര്‍ക്ക് സൂര്യാതപമേല്‍ക്കുകയായിരുന്നു. ജനത്തിരക്ക് മൂലം ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാതെ പോയി. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറിന് സാധിച്ചിരുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ വർധിക്കാനിടയുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കനത്ത ചൂടിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ ഇത്തരമൊരു പൊതു പരിപാടി സംഘടിപ്പിച്ച സർക്കാറിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
എന്നാൽ, സംഭവം ദൗർഭാഗ്യകരമാണെന്നും മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി ഷിൻഡെ വ്യക്തമാക്കി. ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെയും മരിച്ചവരുടെ കുടുംബത്തെയും മുഖ്യമന്ത്രിയും ഉപമുഖ്യന്ത്രിയും ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു.



source https://www.sirajlive.com/sunburn-13-people-who-came-to-the-award-ceremony-died.html

Post a Comment

أحدث أقدم