കോഴിക്കോട് | കോർപറേഷൻ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണിക്കൂട്ടം നിരാശരായി. സൂപ്പർ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെംഗളൂരു എഫ് സിയുമായി സമനിലയിൽ (1-1) കുരുങ്ങിയ കേരള ബ്ലാസ്റ്റഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു നിർണായക മത്സരത്തിൽ ശ്രീനിധി ഡെക്കാൻ റൗണ്ട്ഗ്ലാസ്സ് പഞ്ചാബിനോട് തോൽവി വഴങ്ങിയതോടെ ബെംഗളൂരു ഗ്രൂപ്പ് എയിൽ നിന്ന് സെമിയിലെത്തി.
ബെംഗളൂരുവിന് വേണ്ടി റോയ് കൃഷ്ണയും (23) ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ദിമിത്രിയോസ് ഡയമന്റാകോസുമാണ് (72) ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. വലതു വിംഗിലൂടെ സൗരവിന്റെ നേതൃത്വത്തിൽ ശക്തമായ രണ്ട് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. 23ാം മിനുട്ടിൽ റോയ് കൃഷ്ണ ബെംഗളൂരുവിന് വേണ്ടി വല കുലുക്കിയതോടെ ടീമിന് കൂടുതൽ ആത്മവിശ്വാസം കൈവന്നു.
76ാം മിനുട്ടിൽ ദിമിത്രിയോസിന്റെ ഹെഡർ ആണ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. സെമിയിലേക്ക് കടക്കാൻ ജയം അനിവാര്യമായിരുന്ന ബ്ലാസ്റ്റേഴ്സിന് വിജയ ഗോൾ നേടാൻ കഴിഞ്ഞില്ല. ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായാണ് ബെംഗളൂരു സെമിയിലെത്തിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഓരോ ജയവും സമനിലയും തോൽവിയുമായി ശ്രീ നിധിയും ബ്ലാസ്റ്റേഴ്സും നാല് പോയിന്റ്നേടി.
source https://www.sirajlive.com/blasters-are-out-in-the-tie-trap.html
إرسال تعليق