ബെംഗളൂരു | കര്‍ണാടകയില്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബി ജെ പി. 23 സ്ഥാനാര്‍ഥികളുള്ള പട്ടികയാണ് രണ്ടാം ഘട്ടമായി ബി ജെ പി പുറത്തിറക്കിയിരിക്കുന്നത്.
224 അംഗ അസംബ്ലിയിലേക്കുള്ള 189 സ്ഥാനാര്‍ഥികളുള്ള ഒന്നാം പട്ടിക ബി ജെ പി നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 23 സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചത്. അതേസമയം, വിവാദം തുടരുന്ന ഹുബ്ബള്ളി ഉള്‍പ്പെടെ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല.
സിറ്റിംഗ് എം എല്‍ എയും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഹുബ്ബള്ളിയിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം വിവാദമായത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കാനാണ് ഷെട്ടാറിന്റെ നീക്കം.
രണ്ടാംഘട്ട പട്ടികയില്‍ രണ്ട് വനിതകള്‍ കൂടി ഉള്‍പ്പെടുന്നു. അഴിമതി ആരോപണം നേരിടുന്ന വീരുപക്ഷപ്പ ഉള്‍പ്പെടെ നാല് സിറ്റിംഗ് എം എല്‍ എമാര്‍ക്ക് രണ്ടാം പട്ടികയില്‍ ഇടം ലഭിച്ചിട്ടില്ല. നേരത്തെ കോണ്‍ഗ്രസ്സ് വിട്ടുവന്നവരുള്‍പ്പെടെയുള്ളവര്‍ക്ക് വീതം വെക്കാന്‍ വേണ്ടിയാണ് 12 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. അതോടൊപ്പം, പാര്‍ട്ടിക്കുള്ളിലെ അപശബ്ദങ്ങളെയും ഒതുക്കേണ്ടതുണ്ട്. നേരത്തെ, രണ്ട് ഘട്ടമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
166 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സും കര്‍ണാടക അംഗത്തിനായുള്ള സജീവ ഒരുക്കത്തിലാണ്.
source https://www.sirajlive.com/karnataka-bjp-with-the-second-list-of-23-candidates.html
Post a Comment