ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് സച്ചിന്‍ പൈലറ്റ് നിരാഹാര സമരത്തിനിറങ്ങിയതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസ്സ് പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. അഴിമതി അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് പൈലറ്റ് നിരാഹാര സമരം നടത്തിയത്. ഈ വര്‍ഷം സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ ആ വാഗ്ദാനം നടപ്പാക്കിയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് സമരത്തിന് ന്യായീകരണമായി പൈലറ്റ് ചൂണ്ടിക്കാട്ടുന്നത്. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതില്‍ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സച്ചിന്‍ കുറ്റപ്പെടുത്തിയിരുന്നു.
സമരം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കുമെന്ന് ദേശീയ നേതൃത്വം മുന്നറിയിപ്പ് നല്‍കിയ സ്ഥിതിക്ക് ഹൈക്കമാന്‍ഡിന്റെ അടുത്ത നീക്കമെന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അച്ചടക്ക നടപടിയിലേക്ക് നീങ്ങിയാല്‍ പാര്‍ട്ടിക്ക് അത് കടുത്ത ക്ഷീണം സൃഷ്ടിക്കുകയും അധികാരത്തുടര്‍ച്ചയെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യും. നിലവിലെ ഗെഹ്‌ലോട്ട് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആസന്നമായ തിരഞ്ഞെടുപ്പില്‍ വിജയം നേടാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
അഴിമതിക്കെതിരെയുള്ള പോരാട്ടമല്ല, ഗെഹ്‌ലോട്ടുമായി കാലങ്ങളായി തുടരുന്ന ഭിന്നതയും മുഖ്യമന്ത്രി പദത്തിലുള്ള കണ്ണുമാണ് സച്ചിന്‍ പൈലറ്റിന്റെ പുതിയ പുറപ്പാടിനു പിന്നിലെന്ന് വ്യക്തം. 2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ എത്തിച്ചതില്‍ സച്ചിന്‍പൈലറ്റിന് വലിയ പങ്കുണ്ട്. ഇതടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പദത്തിന് സച്ചിന്‍ വിഭാഗം അവകാശമുന്നയിച്ചു. പക്ഷേ ഗെഹ്‌ലോട്ട് സമ്മതിച്ചില്ല. മുഖ്യമന്ത്രി പദത്തിന് അദ്ദേഹവും അവകാശവാദമുന്നയിച്ചു. മുതിര്‍ന്ന നേതാവായ ഗെഹ്‌ലോട്ടിനെ തഴയുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതൃത്വം സച്ചിനെ അനുനയിപ്പിച്ച് ഗെഹ്‌ലോട്ടിന് മുഖ്യമന്ത്രി പദവും സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കി. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ സച്ചിന്‍ പൈലറ്റ് 19 എം എല്‍ എമാരുമായി ചേര്‍ന്ന് കലാപം തുടങ്ങി. ഗെഹ്‌ലോട്ട് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആസന്നമായ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് വീണ്ടും അധികാരത്തിലേറിയാല്‍ വിജയത്തിന്റെ ക്രെഡിറ്റ് ഗെഹ്‌ലോട്ട് അവകാശപ്പെടുമെന്നും അടുത്ത തവണയും താന്‍ തഴയപ്പെടുമെന്നും സച്ചിന്‍ പൈലറ്റ് ആശങ്കിക്കുന്നു. ഇതാണ് ഹൈക്കമാന്‍ഡിന്റെ വിലക്കിനെയും മുന്നറിയിപ്പിനെയും അവഗണിച്ച് പൈലറ്റ് സമരത്തിനിറങ്ങിയതിനു പിന്നില്‍.
രാജസ്ഥാന്‍ ഭരണത്തില്‍ സച്ചിന്‍ പൈലറ്റിന് ഒരു അവസരം നല്‍കേണ്ടതുണ്ടെന്ന് ദേശീയ നേതൃത്വത്തിന് അഭിപ്രായമുണ്ടെങ്കിലും സംസ്ഥാനത്ത് എട്ട് മാസത്തിനിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ നേതൃമാറ്റത്തിന് തുനിയുന്നത് പഞ്ചാബിലെ ദുര്‍ഗതി ക്ഷണിച്ചുവരുത്തുമെന്ന് ഹൈക്കമാന്‍ഡ് ഭയപ്പെടുന്നു. പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിംഗും യുവ നേതാവ് നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള ഭിന്നത രൂക്ഷമായതും അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ചരണ്‍ജിത് സിംഗിനെ മുഖ്യമന്ത്രിയാക്കിയതും അവിടെ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയായിരുന്നു. കടുത്ത അമര്‍ഷത്തോടെ, മുറിവേറ്റാണ് താന്‍ മടങ്ങുന്നതെന്ന് തുറന്നടിച്ചാണ് അമരീന്ദര്‍ പടിയിറങ്ങിയത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പരാജയമായിരുന്നു ഫലം.
ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് നിരാഹാര സമരം നടത്തിയെങ്കിലും സച്ചിന്‍ പൈലറ്റിനെതിരെ ഹൈക്കമാന്‍ഡ് തിരക്കിട്ട് നടപടി സ്വീകരിക്കാന്‍ സാധ്യത കുറവാണ്. കരുത്തനായ കോണ്‍ഗ്രസ്സ് നേതാവായിരുന്ന രാജേഷ് പൈലറ്റിന്റെ മകനായ സച്ചിനുമുണ്ട് പാര്‍ട്ടി അണികള്‍ക്കിടയില്‍, വിശേഷിച്ച് യുവസമൂഹത്തില്‍ നല്ല സ്വാധീനം. മോദി പ്രഭാവത്തിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് രാജസ്ഥാന്‍ തിരിച്ചു പിടിച്ചത് സച്ചിന്റെ കൂടി കഠിനാധ്വാനത്തിലും സ്വാധീനത്തിന്റെ പിന്‍ബലത്തിലുമായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സച്ചിനെ പിണക്കുന്നത് പാര്‍ട്ടിയുടെ വിജയ സാധ്യതയെ ബാധിക്കും. നേരത്തേയും പലതവണ ഗെഹ്‌ലോട്ടുമായി പോരിനിറങ്ങിയ പൈലറ്റിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ട് അനുനയിപ്പിച്ചാണ് പിന്തിരിപ്പിച്ചിരുന്നത്. നേതൃത്വം ഇത്തവണയും ആ മാര്‍ഗം സ്വീകരിക്കാനാണ് സാധ്യത.
കേന്ദ്രത്തിലെ അധികാരത്തിന്റെ പിന്‍ബലത്തില്‍ ബി ജെ പി നടത്തിയ രാഷ്ട്രീയക്കളിയില്‍ സംസ്ഥാന ഭരണം ഒന്നൊന്നായി നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ് ഇപ്പോള്‍ രാജസ്ഥാനിലും ഛത്തിസ്ഗഢിലും മാത്രമാണ് അധികാരത്തിലുള്ളത്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ്സിനെ പുറംതള്ളാന്‍ ബി ജെ പി ചാണക്യസൂത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. സച്ചിന്റെ പുതിയ പുറപ്പാട് ബി ജെ പിയുടെ വഴി സുഗമമാക്കും. സച്ചിന്റെ ഭാഗത്ത് ന്യായവാദങ്ങളേറെയുണ്ടെങ്കിലും ഈയൊരു ഘട്ടത്തില്‍ അദ്ദേഹം പരസ്യമായ പോരിനിറങ്ങിയത് ന്യായീകരിക്കാനാകില്ല. രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ്സ് നേതാവ് സുഖ്‌വീന്ദര്‍ സിംഗ് രണ്‍ധാവെ ചൂണ്ടിക്കാട്ടിയതു പോലെ സര്‍ക്കാറിനെതിരായി പരാതിയുണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് മുന്നിലും പൊതുവേദികളിലുമല്ല പാര്‍ട്ടി വേദികളിലാണ് പ്രകടിപ്പിക്കേണ്ടത്.
സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ വിവേകപൂര്‍വം അത് കൈകാര്യം ചെയ്യാന്‍ കെല്‍പ്പുറ്റ ഒരു ദേശീയ നേതൃത്വമില്ലെന്നതാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നം. 2017ല്‍ കോണ്‍ഗ്രസ്സ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതല ഏറ്റെടുത്തപ്പോള്‍ അണികള്‍ക്കിടയില്‍ ആവേശവും പ്രതീക്ഷയുമുണ്ടായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ അധ്യക്ഷ പദവി ഒഴിഞ്ഞതോടെ പാര്‍ട്ടി അനാഥമായി. ആറ് മാസം മുമ്പ് മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ പുതിയ പ്രസിഡന്റായി അധികാരമേറ്റെങ്കിലും പാര്‍ട്ടിയിലെ ആഭ്യന്തര കുഴപ്പങ്ങള്‍ക്കു മുമ്പില്‍ അദ്ദേഹം നിസ്സംഗനാണ്.
source https://www.sirajlive.com/sachin-pilot-39-s-new-career.html
Post a Comment