അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു

തിരുവനന്തപുരം | ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ ജനജീവിതത്തിനു ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു.

അരിക്കൊമ്പന്‍ ദൗത്യമേഖലയില്‍ ഉണ്ട്. ഒപ്പം മറ്റു രണ്ടാനകള്‍ കൂടിയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ചിട്ടുണ്ട്. ട്രാക്കിംഗ് ടീമ്മിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളത്.
കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും എന്നാണ് അറിയുന്നത്. അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ മയങ്ങിയാല്‍ കുങ്കിയാനകളുടെ സഹായത്തോടെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്കു കൊണ്ടുപോകാനുള്ള വാഹനം എത്തിയിട്ടുണ്ട്.

ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളില്‍ വിലസുന്ന ഈ കാട്ടാന അരിയോടു കാണിക്കുന്ന ഇഷ്ടമാണ് അരിക്കൊമ്പന്‍ എന്ന പേരുവരാന്‍ കാരണം. അരിക്കുവേണ്ടിയുള്ള യാത്രക്കിടയില്‍ വീടുകളും കടകളും കൃഷിയും തകര്‍ക്കുന്നതാണ് ജനത്തിനു ഭീഷണിയാവന്നത്.

ഈ ആനയുടെ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്കു ജീവലന്‍ നഷ്ടമായിട്ടുണ്ടെന്നാണു പറയപ്പെടുന്നത്.. 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തതെന്നാണു കണക്ക്. ശല്യക്കാരനായ ആനയെന്നാണു വനംവകുപ്പിന്റെ പട്ടികയില്‍ ഇവനെ രേഖപ്പെടുത്തിയത്.

2018 ല്‍ മയക്കുവെടിവെച്ച് പിടിക്കാന്‍ തീരുമാനമുണ്ടായെങ്കിലും നടപ്പായില്ല. ഈ വര്‍ഷം അരിക്കൊമ്പനെ തളയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൃഗസ്‌നേഹികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു.

താമസസ്ഥലവും ഭക്ഷണവും ഇല്ലാത്തതിനാലാണ് കാട്ടാന കാടിറങ്ങുന്നത്. അരിക്കൊമ്പന് സ്വാഭാവിക സാഹചര്യത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു മൃഗസ്‌നേഹികള്‍ കോടതിയില്‍ പറഞ്ഞത്. ഭക്ഷണത്തിന് വേണ്ടിയുള്ള അന്വേഷണം മാത്രമാണ് അരിക്കൊമ്പന്റെ പരാക്രമമെന്നാണു മൃഗസ്‌നേഹികളുടെ വാദം.

അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നതു കോടതി തടഞ്ഞു. ഉചിതമായ സ്വാഭാവിക പരിസ്ഥിതിയിലേക്ക് അരിക്കൊമ്പനെ മാറ്റുകയെന്ന നിര്‍ദ്ദേശമാണു കോടതി മുന്നോട്ടു വച്ചത്.

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു മറ്റൊരിടത്തേക്ക് മാറ്റുക എന്ന ദൗത്യമാണ് ഇപ്പോള്‍ നടക്കുന്നത്. നാടുകടത്തിയ ശേഷം ആനയെ നിരീക്ഷിക്കുക എന്ന ലക്ഷ്യമാണുള്ളത്. അരിക്കൊമ്പനെ എവിടെ വിട്ടാലും അരി തേടി അവന്‍ ജനവാസകേന്ദ്രത്തില്‍ എത്തും എന്ന ആശങ്ക നിലനില്‍ക്കുകയാണ്.



source https://www.sirajlive.com/the-mission-to-drug-arikomban-is-in-progress.html

Post a Comment

أحدث أقدم