അരിക്കൊമ്പന്‍: സര്‍ക്കാരിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവിനെതിരായ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി | അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിനപ്പുറം സംസ്ഥാന സര്‍ക്കാരിന് പോകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

ഇടുക്കിയില്‍ നിന്നും അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന തീരുമാനം മുന്നോട്ടുവച്ചത് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി സമിതിയാണ്. ഇത് തികച്ചും യുക്തിസഹമായ തീരുമാനമാണെന്നും സ്വയം നിയോഗിച്ച സമിതിയുടെ തീരുമാനം സംസ്ഥാനം മറികടക്കരുതെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ഏഴ് മനുഷ്യരെ കൊലപ്പെടുത്തിയ ആനയാണെന്നും പറമ്പിക്കുളത്തേക്കു മാറ്റുന്നതും കോളര്‍ ഘടിപ്പിക്കുന്നതും പ്രായോഗികമല്ലെന്നുള്ള സംസ്ഥാനത്തിന്റെ വാദങ്ങള്‍ അംഗീകരിക്കാന്‍ പരമോന്നത കോടതി തയ്യാറായില്ല. വിദഗ്ധ സമിതിയിലെ അംഗങ്ങള്‍ ആന വിദഗ്ധരല്ലെന്ന അഡ്വ. വി കെ ബിജുവിന്റെ വാദമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഹരജി നാളെ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയിട്ടുണ്ട്.

 



source https://www.sirajlive.com/arikomban-a-blow-to-the-government-the-supreme-court-dismissed-the-appeal-against-the-high-court-order.html

Post a Comment

Previous Post Next Post