കെ എസ് ആര്‍ ടി സി: മാര്‍ച്ചിലെ ശമ്പളം രണ്ടാംഗഡു നല്‍കിയില്ല; യൂണിയനുകള്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വൈകുന്നതിനെതിരെ പണിമുടക്ക് പ്രഖ്യാപിച്ച് ബി എം എസ്. മെയ് ഏഴിന് അര്‍ധ രാത്രി ആരംഭിച്ച് എട്ടിന് രാത്രി 12 വരെയാണ് ബി എം എസ് യൂണിയനിലെ തൊഴിലാളികള്‍ പണിമുടക്കുക. ഇത് സംബന്ധിച്ച് നാളെ കെഎസ് ആര്‍ ടി സി മാനേജ്‌മെന്റിന് ഔദ്യോഗിക അറിയിപ്പ് നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ശമ്പളം ഗഡുക്കളായി നല്‍കാതെ ഏപ്രില്‍ മാസത്തിലേത് മെയ് അഞ്ചിനകം നല്‍കണമെന്നാണ് ബി എം എസ് അനുകൂല സംഘടനയായ കെ എസ് ടി ഇ എസിന്റെ ആവശ്യം. ശമ്പളം ഗഡുക്കളായി നല്‍കുന്നതും അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണവും ഉള്‍പ്പടെയുള്ള വിഷയങ്ങളുന്നയിച്ച് കെ എസ് ആര്‍ ടി സി ചീഫ് ഓഫീസില്‍ അംഗീകൃത യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്ത സമരം ആരംഭിച്ചിട്ടുണ്ട്.

ഭരണപക്ഷ യൂണിയനായ സി പി എം അനുകൂല സംഘടന കെ എസ് ആര്‍ ടി ഇ എ, കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി ഡി എഫ്, ബി എം എസ് അനുകൂല സംഘടനയായ കെ എസ് ടി ഇ എസ് എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത സമരം പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 10.30ന് ചീഫ് ഓഫീസിന് മുന്നില്‍ ആരംഭിച്ച പ്രതിഷേധ ധര്‍ണക്ക് സി ഐ ടി യു, ഐ എന്‍ ടി യു സി നേതാക്കള്‍ നേതൃത്വം നല്‍കി. എന്നാല്‍, നേരത്തെ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മറ്റ് യൂണിയനുകള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചെന്ന് ആരോപിച്ച് ബി എം എസ് സംയുക്ത പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. ഇതിനു പിന്നാലെ മാര്‍ച്ച് മാസത്തിലെ രണ്ടാം ഗഡു ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി എം എസ് യൂണിയന്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോക്ക് മുന്നില്‍ 12 മണിക്കൂര്‍ പട്ടിണി സമരം നടത്തി. പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

മെയ് അഞ്ചിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്ന് യൂണിയന്‍ നേതൃത്വം അറിയിച്ചു. ഇതുവരെ മാര്‍ച്ച് 15 വരെയുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ബാക്കി ശമ്പളം എപ്പോള്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടില്ല. ഇത് ഉടന്‍ വിതരണം ചെയ്യണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാസം തോറുമുള്ള കലക്ഷനില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ശമ്പളം ഗഡുക്കളായി നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തത്. 84 കോടി രൂപയാണ് ഒരു മാസം ശമ്പളത്തിനായി വേണ്ടത്. ഇതില്‍ എല്ലാ മാസവും സര്‍ക്കാര്‍ നല്‍കുന്ന 50 കോടി രൂപ ഉപയോഗിച്ചാണ് ശമ്പളം നല്‍കുന്നത്. തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലെ കാലതാമസം കാരണമാണ് രണ്ടാം ഗഡു വൈകുന്നതെന്നാണ് കോര്‍പ്പറേഷന്‍ വാദം.

അതേസമയം, ബി എം എസ് ആവശ്യപ്പെടുന്നതു പോലെ ഏപ്രില്‍ മാസത്തെ ശമ്പളം മുഴുവനായി മെയ് അഞ്ചിന് മുമ്പ് വിതരണം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സിയില്‍ ഈ വര്‍ഷത്തെ ആദ്യ പണിമുടക്ക് അടുത്ത മാസം നടന്നേക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

 



source https://www.sirajlive.com/ksrtc-second-installment-of-march-salary-not-paid-unions-go-on-strike.html

Post a Comment

Previous Post Next Post