മഅ്ദനി: നീതി നിഷേധത്തിന്റെ പ്രതീകം

സുപ്രീം കോടതി അനുവദിച്ച പ്രത്യേക ഇളവില്‍ കേരളത്തില്‍ വരാനുള്ള മഅ്ദനിയുടെ ശ്രമം ഏതുവിധേനയും മുടക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കേരളത്തിലേക്ക് പോകണമെങ്കില്‍ സുരക്ഷക്കായി മഅ്ദനിയുടെ കൂടെ 20 പോലീസുകാരെ അയക്കേണ്ടതുണ്ട്. ഈയിനത്തില്‍ 56.63 ലക്ഷം രൂപ കെട്ടിവെക്കണമെന്നാവശ്യപ്പെട്ട് മഅ്ദനിക്ക് കത്ത് നല്‍കിയിരിക്കുകയാണ് കര്‍ണാടക പോലീസ്. ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം അകമ്പടി വരുന്ന 20 പോലീസുകാരുടെ ചെലവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി തിങ്കളാഴ്ച രാത്രിയാണ് കമ്മീഷണര്‍ കത്ത് നല്‍കിയത്. മാത്രമല്ല, പോലീസുകാരുടെ ഭക്ഷണം, യാത്ര, താമസം തുടങ്ങിയവക്ക് വേറെയും ചെലവ് വരും. ഇതടക്കം മൊത്തം ഒരു കോടി രൂപ വരെ ചെലവാകുമെന്നും കര്‍ണാടക പോലീസ് സൂചിപ്പിച്ചുവത്രെ. കേരളത്തില്‍ മഅ്ദനി താമസിക്കുന്ന സ്ഥലം, സന്ദര്‍ശിക്കാനെത്തുന്നവരുടെ ആധാര്‍ കാര്‍ഡ്, അന്‍വാറുശ്ശേരിയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങി നിരവധി രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട് പോലീസ്. ആശുപത്രിയില്‍ പോകാന്‍ പറ്റില്ല. റോഡ് മാര്‍ഗം മാത്രമേ യാത്ര പറ്റൂ എന്നീ നിബന്ധനകളും വെച്ചിട്ടുണ്ട്.

ഏപ്രില്‍ 17നാണ് അസുഖ ബാധിതനായ പിതാവിനെ കാണാനായി കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി മഅ്ദനിക്ക് അനുമതി നല്‍കിയത്. ജന്മനാട്ടില്‍ ഒരു മാസം തങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്. കേരളത്തിലെത്തുന്ന മഅ്ദനിക്ക് കര്‍ണാടക പോലീസും കേരള പോലീസും ചേര്‍ന്ന് സുരക്ഷയൊരുക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഈ പരാമര്‍ശത്തിന്റെ മറവിലാണ് കര്‍ണാടക പോലീസ് യാത്രക്ക് നിബന്ധനകള്‍ ഒന്നൊന്നായി ഉന്നയിക്കുന്നത്. ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി വന്ന ഉടനെ കര്‍ണാടക ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലം മൈനാഗപ്പള്ളിയിലും എറണാകുളത്തുമെത്തി സുരക്ഷ വിലയിരുത്തിയിരുന്നു. ഇതോടെ മഅ്ദനിക്ക് ഉടനെ ജന്മനാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടെയാണ് കോടതി വിധി അട്ടിമറിക്കാന്‍ കര്‍ണാടക സര്‍ക്കാറും പോലീസും പുതിയ നീക്കം തുടങ്ങിയത്.

മുമ്പും കേരളത്തിലേക്ക് പോകാന്‍ ജാമ്യാടിസ്ഥാനത്തില്‍ മഅ്ദനിക്ക് കോടതികള്‍ അനുമതി നല്‍കിയപ്പോള്‍ പോലീസ് അകമ്പടിക്ക് ഭീമമായ തുക ആവശ്യപ്പെട്ട് യാത്ര മുടക്കാന്‍ ശ്രമിച്ചിട്ടുണ്ട് കര്‍ണാടക ഭരണകൂടം. 2017ല്‍ മകന്റെ വിവാഹത്തില്‍ സംബന്ധിക്കാനായി ജാമ്യം ലഭിച്ചപ്പോള്‍, പതിനഞ്ച് ലക്ഷം രൂപ കെട്ടിവെക്കണമെന്നായിരുന്നു കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. സുപ്രീം കോടതി ഇടപെട്ട് തുക 1,18,000 രൂപയായി കുറച്ചു. അന്ന് നാല് പോലീസുകാര്‍ മാത്രമാണ് കര്‍ണാടകയില്‍ നിന്ന് മഅ്ദനിയെ അനുഗമിച്ചിരുന്നത്. 56.63 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കര്‍ണാടക പോലീസിന്റെ ഇപ്പോഴത്തെ നടപടിക്കെതിരെയും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുഖേന സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് മഅ്ദനി. സുരക്ഷക്കായി 20 അംഗ ടീമിനെ നിയോഗിച്ചതിലും ഇളവ് വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി സ്വീകരിച്ച ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ച്, കര്‍ണാടക പോലീസ് പുതിയ ഉപാധികള്‍ വെച്ച് ജാമ്യം അനുവദിച്ചു കൊണ്ടുള്ള തങ്ങളുടെ ഉത്തരവിനെ വിഫലമാക്കുകയാണോ എന്ന് ചോദിക്കുകയുണ്ടായി. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഭരണകൂട ഭീകരതയുടെ ഇരയാണ് അബ്ദുന്നാസിര്‍ മഅ്ദനി. കെട്ടിച്ചമച്ച കേസുകള്‍, വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ടു പോകല്‍, കേസുകള്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ പുതിയ കുറ്റങ്ങള്‍ ചാര്‍ത്തി വീണ്ടും കോടതി നടപടികള്‍ വൈകിപ്പിക്കല്‍, വ്യാജ സാക്ഷികളെ സൃഷ്ടിക്കല്‍ എന്നിങ്ങനെ അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഭരണകൂടം. 1992ല്‍ മുതലക്കുളത്ത് നടത്തിയ സംഘ്പരിവാറിന്റെ ഫാസിസ്റ്റ് അജന്‍ഡകളെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു പ്രസംഗത്തിന്റെ പേരില്‍, സാമുദായിക സ്പര്‍ധ വളര്‍ത്തുന്നുവെന്നാരോപിച്ച് 1998ലാണ് മഅ്ദനി ആദ്യം അറസ്റ്റിലാകുന്നത്. പിന്നീട് കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റമാരോപിക്കപ്പെട്ടതോടെ കേരള പോലീസ് അദ്ദേഹത്തെ കോയമ്പത്തൂര്‍ പോലീസിനു കൈമാറി.

ഒമ്പത് വര്‍ഷം നീണ്ട വിചാരണാ നടപടികള്‍ക്കൊടുവില്‍ നിരപരാധിയാണെന്നു കണ്ട് 2007 ആഗസ്റ്റ് ഒന്നിന് കോടതി മഅ്ദനിയെ വിട്ടയച്ചെങ്കിലും 2008ല്‍ ബെംഗളൂരുവില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് വീണ്ടും ജയിലില്‍ അടക്കപ്പെട്ടു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യത്തെ രണ്ട് തവണയും ഇല്ലാത്ത മഅ്ദനിയുടെ പേര് മൂന്നാം തവണയാണ് ഇടംപിടിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേസില്‍ മഅ്ദനിക്ക് പങ്കുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ആറ് സാക്ഷികളെയാണ് കുറ്റപത്രത്തില്‍ കാണിച്ചിരുന്നത്. ഇതില്‍ അഞ്ച് പേരും തങ്ങളുടെ മൊഴി തെറ്റായാണ് രേഖപ്പെടുത്തിയതെന്നും കേസില്‍ മഅ്ദനിക്കുള്ള പങ്കിനെക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷികളെല്ലാം പോലീസ് സൃഷ്ടിയായിരുന്നുവെന്ന വസ്തുത തെഹല്‍ക പുറത്തു കൊണ്ടുവരികയും ചെയ്തു.

ഇടക്കാലത്ത് ചിലപ്പോള്‍ കോടതി മഅ്ദനിക്ക് ജാമ്യം അനുവദിക്കാറുണ്ടെങ്കിലും ജാമ്യമെന്നു പറയുന്നതിനേക്കാളേറെ വീട്ടുതടങ്കല്‍ എന്ന് പറയുന്നതാണ് ഉചിതമെന്നാണ് അഭിഭാഷകനും നിയമപണ്ഡിതനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ പക്ഷം. ‘സ്വതന്ത്രനായി വിടുകയെന്നതാണ് ഒരാള്‍ക്ക് ജാമ്യം നല്‍കുക എന്ന് പറയുന്നത്. അത് പക്ഷേ ചില വ്യവസ്ഥകളോടെയായിരിക്കും. എന്നാല്‍ മഅ്ദനി ജാമ്യത്തിലല്ല വീട്ടുതടങ്കലിലാണ്. അദ്ദേഹത്തിന് ഉമ്മ മരിച്ചാല്‍, അല്ലെങ്കില്‍ മകന്റെ കല്യാണത്തിന് നാട്ടില്‍ പോകണമെങ്കില്‍ ആയുധ ധാരികളായ പോലീസുകാരുടെ അകമ്പടി വേണമെന്നതാണ് സ്ഥിതി. ഇതെന്ത് ജാമ്യമെന്നാ’ണ് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ ചോദിച്ചത്.

സര്‍ക്കാര്‍ നീതി നിഷേധിക്കുമ്പോള്‍ അതിന് പരിഹാരമുണ്ടാക്കേണ്ട നീതിപീഠങ്ങളും മഅ്ദനിയുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് ആശാവഹമല്ല. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട കേസില്‍ മഅ്ദനിയുടെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കേസിന് തീര്‍പ്പു കല്‍പ്പിക്കാന്‍ അവസരമൊരുക്കുമെന്ന് ആറ് വര്‍ഷം മുമ്പ് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയതാണ് കര്‍ണാടക സര്‍ക്കാര്‍. കേസ് അനന്തമായി നീണ്ടു പോയിട്ടും സുപ്രീം കോടതിയുടെ നീതിബോധം ഉണരുന്നില്ല.

 



source https://www.sirajlive.com/madani-symbol-of-denial-of-justice.html

Post a Comment

Previous Post Next Post