ട്രാഫിക് നിയമം: രക്ഷിതാക്കളും വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം | ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുടെ യാത്ര അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ ജീവനാണോ വലുത്, അതോ ഒരു നിയമം നടപ്പാക്കാതെ ഒഴിവാക്കുന്നതാണോ വലുത് എന്ന പ്രശ്നമാണ് മുന്നിലുള്ളതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം. ആവശ്യമെങ്കില്‍ കുട്ടികളുടെ ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സ്‌കൂളുകളില്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രനിയമത്തില്‍ ഇളവ് ചെയ്യാന്‍ പരിമിതി ഉണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി അടുത്ത മാസം 10ന് ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍ നിയമം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കുട്ടികളെ ഒളിപ്പിച്ച് കൊണ്ടുപോകേണ്ട കാര്യമില്ല. കുട്ടികള്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് അവരുടെ ആരോഗ്യം സംരക്ഷിക്കാനാണ്.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ട് നടപ്പിലാക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കാതിരിക്കാന്‍ പറ്റില്ല. ഇപ്പോഴാണ് കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശം വന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണിത്. താത്കാലികമായ എളുപ്പത്തിന് വേണ്ടി അത് ഒഴിവാക്കാന്‍ പറ്റില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആദ്യം കുറച്ച് ദിവസം പ്രയാസങ്ങളുണ്ടാകുമായിരിക്കും. എല്ലാവരുടെയും ജീവന്‍ സംരക്ഷിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്നം. ഒരു ബൈക്കില്‍ മൂന്നും നാലും കുട്ടികളെ കൊണ്ടുപോകാന്‍ പറ്റില്ല. സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്‌കീം തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ അനുവദനീയമായ വിദ്യാര്‍ഥികളെ മാത്രമേ കയറ്റാന്‍ പാടുള്ളൂവെന്നും മന്ത്രി അറിയിച്ചു.

 



source https://www.sirajlive.com/traffic-law-education-minister-asks-parents-and-students-to-be-careful.html

Post a Comment

Previous Post Next Post