കൊണ്ടോട്ടി | ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ സമര്‍പ്പിക്കുന്നതിന് ജില്ലാ തലങ്ങളില്‍ സൗകര്യം ഒരുക്കണമെന്ന സിറാജ് വാര്‍ത്ത ഫലം കണ്ടു. യാത്രാരേഖകള്‍ സ്വീകരിക്കുന്നതിന് കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കി. ഇതുപ്രകാരം കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് യാത്രാരേഖകള്‍ സമര്‍പ്പിക്കുന്നതിന് ഈ മാസം എട്ടിന് കണ്ണൂര്‍ കലക്ടറേറ്റിലും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഈ മാസം 10ന് കൊച്ചി വഖ്ഫ് വാര്‍ഡ് ഓഫീസിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചവര്‍ കരിപ്പൂര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലോ കോഴിക്കോട് പ്രാദേശിക ഓഫീസിലോ രേഖകള്‍ എത്തിക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്തുടനീളമുള്ള ഹാജിമാര്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നും ജില്ലാതലത്തില്‍ രേഖകള്‍ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കണമെന്നുമായിരുന്നു സിറാജ് വാര്‍ത്ത നല്‍കിയിരുന്നത്.
അതിനിടെ, തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്പോര്‍ട്ടും അനുബന്ധ രേഖകളും സ്വീകരിച്ചു തുടങ്ങി. മലപ്പുറം താനൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മഹ്റം ഇല്ലാത്ത അപേക്ഷക പറമ്പേരി ആസ്യ ആദ്യ അപേക്ഷകയായി ഹൗജ്ജ് ഹൗസിലെത്തി പാസ്പോര്‍ട്ടും പണമടച്ച രശീതിയും അനുബന്ധ രേഖകളും സമര്‍പ്പിച്ചു.
തിരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സ് തുകയായ 81,800 രൂപ, അടവാക്കിയ സ്ലിപ്പ്, ഒറിജിനല്‍ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളത്), ഫോട്ടോ പതിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം, പാസ്പോര്‍ട്ട് കോപ്പി, കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കവര്‍ ലീഡറിന്റെ ബേങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് (പാസ്ബുക്ക്/ചെക്ക് ലീഫ് കോപ്പി) എന്നിവയാണ് സമര്‍പ്പിക്കേണ്ടത്.
source https://www.sirajlive.com/the-news-of-siraj-39-39-has-borne-fruit-the-local-level-system-for-accepting-hajj-travel-documents.html
Post a Comment