മലപ്പുറം | ഐ എസ് എലില്‍ കരുത്തരായ മുംബൈ സിറ്റി എഫ് സിക്ക് സൂപ്പര്‍ കപ്പില്‍ വിജയത്തുടക്കം. ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് ഡി ആദ്യ മത്സരത്തില്‍ ഐ ലീഗ് ടീമായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 2-1ന് തോല്‍പ്പിച്ചു. ഐ എസ് എല്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ അധിക സമയത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാള്‍ട്ടിയിലൂടെയാണ് ജയിച്ചുകയറിയത്. മുംബൈക്കായി മെഹ്താബ് സിംഗ് (26), ലാല്‍ ചാംഗ്്‌തേ (90+3) എന്നിവര്‍ ലക്ഷ്യം കണ്ടു. ഗനേഫോ ക്രോമ (ഒമ്പത്) ചര്‍ച്ചിലിന്റെ ആശ്വാസ ഗോള്‍ നേടി.
പയ്യനാട് കഴിഞ്ഞ ദിവസം നടന്ന എ എഫ് സി ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ വിജയിച്ച മുംബൈയുടെ നിഴല്‍ മാത്രമായിരുന്നു ഇന്നലെ മൈതാനത്ത്. വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത് ടീമിനു തിരിച്ചടിയായതായി കളത്തില്‍ കണ്ടു. ആദ്യ പകുതിയില്‍ ചര്‍ച്ചിലിന്റെ കൈയിലായിരുന്നു കളി. ഒമ്പതാം മിനുട്ടില്‍ തന്നെ മുംബൈയെ ഞെട്ടിച്ച് ചര്‍ച്ചില്‍ ലീഡെടുത്തു. ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് മനോഹര ഗോളിലൂടെ ഗാനേഫോ ക്രോമ കൊല്‍ക്കത്തന്‍ ടീമിനെ മുന്നിലെത്തിച്ചു. മൈനസ് ബോള്‍ സ്വീകരിക്കുന്നതിനിടെ ഗോളി ഫുര്‍ബ ടെമ്പയുടെ കാലില്‍ തട്ടിത്തെറിച്ച പന്ത് റാഞ്ചിയെടുത്താണ് ക്രോമ സ്‌കോര്‍ ചെയ്തത്. സ്‌കോര്‍: 1-0.
26ാം മിനുട്ടില്‍ മുംബൈ സിറ്റിയുടെ സമനില ഗോള്‍ വന്നു. റൗളിന്‍ ബോര്‍ജസിന്റെ ഫ്രീകിക്കിന് തലവെച്ച് മെഹ്താബ് സിംഗാണ് ഗോള്‍ കണ്ടെത്തിയത്. സ്‌കോര്‍ 1-1. രണ്ടാം പകുതിയില്‍ പന്തടക്കം കൂടുതല്‍ മുംബൈക്കായിരുന്നു.
കളി സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച നിമിഷത്തില്‍ മുംബൈക്ക് അനുകൂലമായി പെനാള്‍ട്ടി ലഭിച്ചു. അധിക സമയത്തിന്റെ മൂന്നാം മിനുട്ടില്‍ മുംബൈയുടെ വിക്രം പ്രതാപ് പന്തുമായി ചര്‍ച്ചിലിന്റെ ബോക്‌സിലെത്തി. പ്രതിരോധിക്കാനായി ചര്‍ച്ചില്‍ താരങ്ങള്‍ കൂട്ടമായെത്തി. പ്രതിരോധ ഭിത്തിയില്‍ വിക്രം വീണപ്പോള്‍ റഫറി പെനാള്‍ട്ടി വിധിച്ചു. കിക്കെടുത്ത ചാംഗ്‌തേക്ക് പിഴച്ചില്ല. സ്‌കോര്‍: 2-1.
ഗ്രൂപ്പ് ഡി രണ്ടാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സി 4-2ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. ഇന്ത്യന്‍ യുവതാരം റഹീം അലി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ (17, 81) എഡ്വിന്‍ സിഡ്നി (33), ജൂലിയസ് വിന്‍സന്റ്ഡക്കര്‍ (50) എന്നിവരും ചെന്നൈക്കായി ഗോള്‍ നേടി. റോച്ചര്‍സേല (42), ലാല്‍ദന്‍ റാള്‍ട്ടെ (93) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കോറര്‍മാര്‍.
source https://www.sirajlive.com/mumbai-win-against-churchill-also-for-chennai-against-north-east.html
Post a Comment