തിരുവനന്തപുരം | ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്ത അതിര്‍ത്തികള്‍ വഴി സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്ത് തടയാന്‍ എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച കെമു (കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ്) പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം അമരവിളയില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് കെമുവിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ എക്‌സൈസ് വകുപ്പ് നവീകരണത്തിന്റെ പാതയിലാണെന്നും അതിനെ ശക്തിപ്പെടുത്താന്‍ ഉതകുന്ന പദ്ധതിയാണ് ‘കെമു’വെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ് ഓഫീസര്‍മാരടങ്ങിയ മൊബൈല്‍ പരിശോധനാ സംഘമാണ് കെമു. സംസ്ഥാന അതിര്‍ത്തിയിലെ ഇടറോഡുകളില്‍ 24 മണിക്കൂറും കെമു പ്രവര്‍ത്തിക്കും. ഏത് വാഹനവും എവിടെവച്ചും പരിശോധിക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ട്. 36 ലക്ഷം രൂപ ചെലവഴിച്ച് നാല് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ ഇതിനായി വാങ്ങിയിട്ടുണ്ട്.
നിലവില്‍ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ എക്‌സൈസിന് 41 ചെക്ക് പോസ്റ്റുണ്ട്. റോഡുകളും പാലങ്ങളും വര്‍ധിച്ചതോടെ ഇവ മതിയാകാതെ വന്നു. ഇതോടെയാണ് ചെക്ക് പോസ്റ്റ് ഇല്ലാത്ത റോഡുകള്‍ വഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയാന്‍ കെമുവിന് രൂപം നല്‍കിയത്. ആദ്യഘട്ടമായി തിരുവനന്തപുരം, വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോ യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ എക്‌സൈസിന് പദ്ധതിയുണ്ട്.
source https://www.sirajlive.com/excise-department-with-kemu-39-39-at-borders-to-prevent-drug-smuggling.html
Post a Comment