പാലക്കാട് | താലൂക്ക് അദാലത്തിനിടെ വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടിൽ ലക്ഷങ്ങളുടെ നിക്ഷേപം കണ്ടെത്തി. സുരേഷ് കുമാർ താമസിക്കുന്ന മണ്ണാർക്കാട്ടെ വീട്ടിൽ നിന്നാണ് 33 ലക്ഷം രൂപയും, പണവും വിവിധ ബേങ്കുകളിൽ നിക്ഷേപമായി 45 ലക്ഷം രൂപയും കണ്ടെത്തിയത്. വിവിധ ബേങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകൾ, 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബേങ്ക് രേഖകളും 17 കിലോ വരുന്ന നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്.
വിജിലൻസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. ഇയാൾക്കെതിരെ രഹസ്യ വിവരവും പരാതിയും ലഭിച്ചിരുന്നു. വിജിലൻസ് സംഘത്തിൽ ഡിവൈ എസ് പിക്ക് പുറമെ ഇൻസ്‌പെക്ടർമാരായ ഫിലിപ്പ്, ഫാറൂഖ്, എസ് ഐമാരായ സുരേന്ദ്രൻ, മനോജ്, പോലീസുകാരായ മനോജ്, സതീഷ്, സനേഷ്, സന്തോഷ്, ബാലകൃഷ്ണൻ, മനോജ്, ഉവൈസ് എന്നിവരും ഉണ്ടായിരുന്നു.
മഞ്ചേരി സ്വദേശി പാലക്കയം വില്ലേജിൽ ഉൾപ്പെട്ട തന്റെ 45 സെന്റ് സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഫയൽ ഫീൽഡ് അസിസ്റ്റന്റായ സുരേഷിന്റെ കൈവശമുള്ളതായി അറിഞ്ഞതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ 2,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുക മണ്ണാർക്കാട് താലൂക്ക്തല റവന്യൂ അദാലത്ത് നടക്കുന്ന സ്ഥലത്തെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ പാലക്കാട് വിജിലൻസ് ഡിവൈ എസ് പി ശംസുദ്ദീനെ അറിയിച്ചു. തുടർന്ന് മണ്ണാർക്കാട് താലൂക്ക് തല അദാലത്ത് നടക്കുന്ന സ്ഥലത്ത് സുരേഷ് കുമാറിന്റെ കാറിൽ വെച്ച് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിയിലാണ് ഇയാളെ പിടികൂടിയത്.
ഇതേ വസ്തുവിന്റെ പേരിൽ മുന്പും സുരേഷ് കുമാർ കൈക്കൂലി വാങ്ങിയിരുന്നു. വസ്തു എൽ എ പട്ടയത്തിൽപ്പെട്ടതല്ലെന്ന സർട്ടിഫിക്കറ്റിന് ആറ് മാസം മുന്പ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു. ലൊക്കേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുമ്പോൾ 500 രൂപയും കൈപ്പറ്റിയിരുന്നു. ഇതിന് ശേഷമാണ് റവന്യൂ അദാലത്ത് നടക്കുന്ന എം ഇ എസ് കോളജിൽ പണവുമായി എത്താൻ ആവശ്യപ്പെട്ടത്.
source https://www.sirajlive.com/millionaire-village-assistant-currency-worth-33-lakh-was-found-in-the-house-45-lakhs-in-bank-deposits.html
Post a Comment