ചെന്നൈ | ബാറ്റിങില്‍ മങ്ങിയെങ്കിലും പന്തേറില്‍ തിളങ്ങിയ ചെന്നൈക്ക് ഡല്‍ഹിക്കെതിരെ 27 റണ്‍സിന്റെ ഉശിരന്‍ വിജയം. ഇതോടെ ചെന്നൈ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. നിലവില്‍ 15 പോയിന്റുള്ള ചെന്നൈ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുണ്ട്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മഹേന്ദ്ര സിങ് ധോണിയുടെ ടീം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ മറുപടിയില്‍ ഡല്‍ഹി ഇതേ വിക്കറ്റ് നഷ്ടത്തില്‍ 140ല്‍ ഒതുങ്ങി.
12 പന്തില്‍ 25 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഒപ്പം ധോണിയുടെ ബാറ്റിംഗ് കരുത്തും ചെന്നൈക്ക് തുണയായി. ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 222.22 സ്‌ട്രൈക്ക് റേറ്റിലാണ് ധോണിയുടെ പ്രകടനം. ഖലീല്‍ അഹ്മദിന്റെ 19ാം ഓവറിലാണ് ധോണി കത്തിക്കയറിയത്. ഋതുരാജ് ഗെയ്ക്വാദ് 24ഉം അമ്പാട്ടി റായുഡു 23ഉം റണ്‍സെടുത്തു. അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ 21 റണ്‍സ് വീതം നേടി. ഗെയ്ക്വാദിനൊപ്പം ഇറങ്ങിയ ഡിവോണ്‍ കോണ്‍വെ (പത്ത്)യാണ് ചെന്നൈ നിരയില്‍ ആദ്യം പുറത്തായത്. അവസാന ഓവറില്‍ സിക്സര്‍ പറത്താന്‍ ശ്രമിച്ച ജഡേജയും ധോണിയും മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് നല്‍കി.
ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ രണ്ടും കുല്‍ദീപ് യാദവ്, ഖലീല്‍ അഹ്മദ്, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി ലഭിച്ചു. നേരിട്ട രണ്ടാം പന്തില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് ഒന്നും നേടാതെ പുറത്താവുകയായിരുന്നു. ദീപക് ചഹാറിന്റെ പന്തില്‍ അജിങ്ക്യ രഹാനെ പിടിച്ചെടുക്കുകയായിരുന്നു. ഒരു ഫോറും രണ്ട് സിക്‌സും പറത്തി കത്തിക്കയറവെ ഫില്‍ സാള്‍ട്ടി (17)നെയും ദീപക് ചഹാര്‍ മടക്കി. നാല് പന്തില്‍ അഞ്ച് റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് മനീഷ് പാണ്ഡെയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് റണ്ണൗട്ടായി. ചെന്നൈക്കായി മതീഷ പതിരാണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
source https://www.sirajlive.com/what-if-the-runs-are-a-little-less-chennai-won-brilliantly-against-delhi.html
Post a Comment