തെരുവുകളില്‍ ജീവിക്കുന്നവര്‍ക്ക് അവകാശങ്ങളില്ലേ?

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി മനുഷ്യര്‍ തെരുവുകളില്‍ ജീവിക്കുന്ന നഗരങ്ങളുള്ളൊരു രാജ്യമാണ് ഇന്ത്യ. കച്ചവടം ചെയ്തും ഭിക്ഷ യാചിച്ചും ജീവിക്കുന്ന ആ മനുഷ്യര്‍ ഇന്ത്യന്‍ നഗരങ്ങളുടെ തികച്ചും സ്വാഭാവികമായ കാഴ്ചയായി മാറിയിരിക്കുന്നു. സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടനയുടെ 2021ലെ റിപോര്‍ട്ട് പ്രകാരം പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ ഇന്ത്യയിലെ തെരുവുകളില്‍ നിരന്തരമായ അവകാശലംഘനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളായി ജീവിക്കുന്നുണ്ട്. കൊവിഡിന് ശേഷം തെരുവില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും സേവ് ദി ചില്‍ഡ്രന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ജീവിക്കാനുള്ള അവകാശം കുട്ടികളുള്‍പ്പെടെ എല്ലാവര്‍ക്കും നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അന്തസ്സോടെയുള്ള ജീവിതം ഭരണഘടന ഉറപ്പ് നല്‍കുമ്പോഴും രാജ്യത്തെ വലിയൊരു ശതമാനം കുട്ടികള്‍ അവയൊന്നും ലഭിക്കാതെ നിരന്തരമായ അവകാശലംഘനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആറ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 21 എ, ആപത്കരവും നിര്‍ബന്ധിതവുമായ തൊഴില്‍ സാഹചര്യങ്ങളില്‍ നിന്ന് 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 23, 24 എന്നിവയുടെ കൂടി ലംഘനമാണ് നമ്മുടെ നിലവിലുള്ള സാമൂഹിക സാഹചര്യങ്ങള്‍. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുട്ടികളുടെ സംരക്ഷണം, പുനരധിവാസം എന്നിവയുള്‍പ്പെടെയുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനായി ദി ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് 2015, ദി റൈറ്റ് ഓഫ് ചില്‍ഡ്രന്‍ ടു ഫ്രീ ആന്‍ഡ് കംപല്‍സറി എജ്യുക്കേഷന്‍ ആക്ട് 2009 എന്നിവയുള്‍പ്പെടെയുള്ള നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവയുടെ നടത്തിപ്പും ഫലപ്രാപ്തിയും രാഷ്ട്രീയ ഇച്ഛാശക്തി, ഫലപ്രദമായ നിരീക്ഷണ-മൂല്യനിര്‍ണയ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ പലപ്പോഴും കാര്യക്ഷമമല്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികളും സമാന അവസ്ഥയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രോഗ്രാം, നാഷനല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ചില്‍ഡ്രന്‍, സ്ട്രീറ്റ് ചില്‍ഡ്രന്‍ പ്രൊജക്റ്റ് എന്നിവ പോലോത്ത കേന്ദ്ര പദ്ധതികളും സ്‌നേഹവീട് പോലോത്ത കേരള സര്‍ക്കാര്‍ പദ്ധതികളും നിലവിലുണ്ടെങ്കിലും അവയൊന്നും മതിയാകാതെ വരികയാണ്. കൂടാതെ, തെരുവ് കുട്ടികളിലേക്ക് എത്തിച്ചേരുന്നതിലുള്ള ബുദ്ധിമുട്ട്, അവരുടെ നിയമപരമായ ഐഡന്റിറ്റിയുടെ അഭാവം, അധികാരികളോടുള്ള അവിശ്വാസം എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ വേറെയുമുണ്ട്.

കുട്ടികളുടെ അവകാശലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കോടതികളില്‍ പലപ്പോഴും എത്തിയിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിയുള്‍പ്പെടെയുള്ള കോടതികള്‍ സര്‍ക്കാറിന്റെ ഗൗരവമായ ഇടപെടല്‍ ആവശ്യപ്പെട്ട് കേസിനാസ്പദമായ സാഹചര്യം പരിഹരിക്കാറുണ്ടെന്നതല്ലാതെ രാജ്യത്തെ മുഴുവന്‍ തെരുവ് കുട്ടികളുടെയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയിലുള്ളൊരു സമഗ്ര സമീപനം സ്വീകരിച്ചു കാണാറില്ല. സുപ്രീം കോടതി ഇടപെട്ട വിശാല്‍ ജീത് കേസ്, സുഭാഷ് പോപ്താലാല്‍ കേസ് ഉള്‍പ്പെടെയുള്ളവയില്‍ അതാണ് സംഭവിച്ചത്. കേവല നിയമനിര്‍മാണം കൊണ്ടും കേന്ദ്ര, സംസ്ഥാന ബജറ്റില്‍ നിന്ന് കോടികള്‍ മാറ്റിവെച്ചത് കൊണ്ടും ഈ പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെടില്ല. 2021- 22 വര്‍ഷങ്ങളിലായി ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീമുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 1,500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെങ്കിലും തെരുവിലെ കുട്ടികളുടെ പുനരധിവാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ സാധ്യമാക്കുന്ന വലിയ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു പ്രശ്നത്തിന് ബജറ്റില്‍ വിഹിതം വകയിരുത്തുന്നത് അത് പരിഹരിക്കുന്നതിനുള്ള പ്രാഥമിക പടി മാത്രമാണ്. കാര്യക്ഷമമായ നടപ്പാക്കല്‍, നിരീക്ഷണം, മൂല്യനിര്‍ണയ സംവിധാനങ്ങള്‍ എന്നീ തുടര്‍ നടപടികള്‍ നമ്മുടെ സംവിധാനത്തിനുള്ളില്‍ സ്ഥിരമല്ലാത്ത കാലത്തോളം പരിഹാരങ്ങള്‍ സമ്പൂര്‍ണവും ശാശ്വതവുമാകില്ല.

ഇന്ത്യയിലെ തെരുവ് കുട്ടികളുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ക്കും നിയമങ്ങള്‍ക്കും അതീതമായ സമഗ്രമായൊരു സമീപനമാണ് ആവശ്യം. സാമൂഹിക, സാമ്പത്തിക അന്തരീക്ഷങ്ങളോട് അതിശക്തമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പ്രശ്നം പരിഹരിക്കണമെങ്കില്‍ അടിസ്ഥാന തലങ്ങളില്‍ നിന്ന് തന്നെയുള്ള ശ്രദ്ധയും ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. പട്ടിണി, സാമ്പത്തിക അരക്ഷിതാവസ്ഥ എന്നീ പ്രശ്നങ്ങളാണ് പ്രാഥമികമായി പരിഹരിക്കപ്പെടേണ്ടത്. അതിനായി സര്‍ക്കാറിനോട് കൂടെ തന്നെ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെയും കമ്മ്യൂണിറ്റികളുടെയും പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഫുഡ് ബേങ്ക് സംവിധാനങ്ങള്‍ ഉണ്ടാകണം. ഓരോ നാട്ടുകവലകളിലും ഒരു ഫുഡ് ബേങ്ക് സംവിധാനിക്കുന്നത് ഇക്കാലത്ത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കൃത്യമായ ശ്രദ്ധയും, പൊതുജനങ്ങളുടെയും സര്‍ക്കാറിതര സംഘടനകളുടെയും സഹകരണവുമുണ്ടെങ്കില്‍ ഫുഡ് ബേങ്കിംഗ് സംവിധാനങ്ങള്‍ അസംഭവ്യമല്ല. സമാനമായി അത്യാവശ്യക്കാര്‍ക്ക് പച്ചക്കറികളും പഴങ്ങളും സൗജന്യമായോ സൗജന്യ നിരക്കിലോ നല്‍കുന്ന കമ്മ്യൂണിറ്റി ഗാര്‍ഡനുകള്‍ സ്ഥാപിക്കുന്നതും പ്രസ്തുത വിഷയത്തിലുള്ള വലിയൊരു പരിഹാരമാണ്.

സാമ്പത്തികമായ സഹായങ്ങള്‍ തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉറപ്പാക്കാനുള്ള പദ്ധതികളും കാര്യക്ഷമമാക്കേണ്ടതുണ്ട്. അതിനായി നാഷനല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍, മഹാത്മാ ഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് പോലോത്ത നിയമങ്ങളും പദ്ധതികളും കൃത്യമായി നടപ്പില്‍ വരുത്തുകയും മൂല്യനിര്‍ണയം നടത്തുകയും വേണം. ഇതിനോട് കൂടെ തന്നെ പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ഥിരമായ അഭയകേന്ദ്ര സംവിധാനങ്ങള്‍ എന്നിവ സാധ്യമാക്കാന്‍ മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍, ഇന്ററാക്ടീവ് ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രോഗ്രാമുകള്‍, കമ്മ്യൂണിറ്റി നിയന്ത്രിത ഷെല്‍ട്ടറുകള്‍, ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗിച്ചുള്ള പഠന സംവിധാനങ്ങള്‍, പൊതുബോധവത്കരണ ക്യാമ്പയിനുകള്‍, എന്‍ ജി ഒകളുടെ ഹോസ്റ്റല്‍ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവ ഉചിതമായ പരിഹാരങ്ങളാണ്. സര്‍ക്കാര്‍, എന്‍ ജി ഒകള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയുള്‍പ്പെടെ എല്ലാവരുടെയും പൂര്‍ണ പങ്കാളിത്തത്തോടെയും സുസ്ഥിരമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെയും മതിയായ വിഭവങ്ങളുടെ ലഭ്യതയോടെയും മേല്‍പറയപ്പെട്ട പദ്ധതികളെല്ലാം ഏകോപിതവും സുസ്ഥിരവുമായ രീതിയില്‍ നടപ്പാക്കുകയാണെങ്കില്‍ മാത്രമേ തെരുവില്‍ ജീവിക്കുന്ന കുട്ടികളുടെ അവകാശങ്ങളെല്ലാം സംരക്ഷിച്ച് ഈ പ്രശ്നം പൂര്‍ണാര്‍ഥത്തില്‍ പരിഹരിക്കപ്പെടുകയുള്ളൂ.

 



source https://www.sirajlive.com/do-those-living-on-the-streets-have-no-rights.html

Post a Comment

Previous Post Next Post