തീതുപ്പി ആകാശിന്റെ പന്തുകള്‍; ലക്‌നൗവിനെതിരെ വന്‍ ജയം കൊയ്ത് മുംബൈ

ചെന്നൈ | ഐ പി എല്‍ എലിമിനേറ്ററില്‍ ലക്‌നൗവിനെ 81 റണ്‍സിന് തകര്‍ത്ത് മുംബൈ. മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവച്ച 183 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ആകാശ് മധ്വാളിന്റെ പന്തുകള്‍ തീതുപ്പിയപ്പോള്‍ 101 റണ്‍സിന് കൂടാരം കയറുകയായിരുന്നു. വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് ലഖ്‌നൗ വിക്കറ്റുകളാണ് മധ്വാള്‍ സ്വന്തമാക്കിയത്. സ്‌കോര്‍: മുംബൈ 182/8, ലക്‌നൗ- 101ന് എല്ലാവരും പുറത്ത്. 21 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ലഖ്‌നൗ അടിയറവ് പറഞ്ഞത്.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇതില്‍ വിജയിക്കുന്ന ടീം ഞായറാഴ്ച കലാശക്കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ചെന്നൈ കഴിഞ്ഞ ദിവസം ഗുജറാത്തിനെ തോല്‍പ്പിച്ചിരുന്നു.

മൂന്ന് റണ്‍സ് മാത്രമെടുത്ത് നില്‍ക്കുകയായിരുന്ന പ്രേരക് മങ്കാദിനെ രണ്ടാം ഓവറില്‍ തന്നെ ലഖ്‌നൗവിന് നഷ്ടമായി. 13 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത കൈല്‍ മയേഴ്സ് മികവ് കാണിക്കുമെന്ന് തോന്നിച്ചെങ്കിലും ക്രിസ് ജോര്‍ദാന്റെ പന്തില്‍ മടങ്ങി. നായകന്‍ ക്രുണാല്‍ പാണ്ഡ്യയും (എട്ട്) പെട്ടെന്ന് കളംവിട്ടു. പത്താം ഓവറില്‍ അടുത്തടുത്ത പന്തുകളിലായി ആയുഷ് ബദോനിയേയും (ഒന്ന്), നിക്കോളാസ് പുരനെയും (0) ആകാശ് മധ്വാള്‍ തിരിച്ചയച്ചു.

27 പന്തില്‍ 40 റണ്‍സ് അടിച്ചെടുത്ത് മാര്‍കസ് സ്റ്റോയ്നിസ് പൊരുതിയെങ്കിലും ദീപക് ഹൂഡയുമായി കൂട്ടിയിടിച്ച് റണ്ണൗട്ടായി. സ്റ്റോയ്നിസാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. കൃഷ്ണപ്പ ഗൗതം (രണ്ട്), ദീപക് ഹൂഡ (15), രവി ബിഷ്ണോയ് (മൂന്ന്), മൊഹ്സിന്‍ ഖാന്‍ (0) എന്നിവരാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍.

നേരത്തെ, അല്‍പം ബുദ്ധിമുട്ടിയാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സ്ഥിരത നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന നായകന്‍ രോഹിത് ശര്‍മ 10 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ 12 പന്തില്‍ നിന്ന് 15 റണ്‍സുമായി ഇഷാന്‍ കിഷനും മടങ്ങി.
കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സ്‌കോറിങിന് വേഗം കൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍, 20 പന്തില്‍ 33 റണ്‍സെടുത്ത സൂര്യകുമാറിനെ നവീന്‍ ഉള്‍ ഹഖ് തിരിച്ചയച്ചു. ഇതേ ഓവറിലെ അവസാന പന്തില്‍ ഗ്രീനിനെയും നവീന്‍ മടക്കി. 23 പന്തില്‍ നിന്ന് 41 റണ്‍സാണ് കാമറൂണ്‍ നേടിയത്. 66 റണ്‍സാണ് കാമറൂണ്‍-സൂര്യകുമാര്‍ കൂട്ടുകെട്ടില്‍ നിന്ന് പിറന്നത്.

പിന്നീട് തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്ന് സ്‌കോര്‍ 148ല്‍ എത്തിച്ചു. ഡേവിഡിനെ യാഷ് താക്കൂര്‍ വീഴ്ത്തി. 22 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത തിലക്, നവീന്‍ ഉള്‍ ഹഖിന് വിക്കറ്റ് നല്‍കി. തുടര്‍ന്നെത്തിയ നെഹാല്‍ വധേര 12 പന്തില്‍ നിന്ന് 23 റണ്‍സ് കൊയ്തു.ലഖ്‌നൗവിനായി നവീന്‍ ഉള്‍ ഹഖ് നാലും യാഷ് താക്കൂര്‍ മൂന്നും വിക്കറ്റെടുത്തു. മുഹ്‌സിന്‍ ഖാനാണ് മറ്റൊരു വിക്കറ്റ്.

 

 

 



source https://www.sirajlive.com/fireballs-of-the-sky-mumbai-won-big-against-lucknow.html

Post a Comment

Previous Post Next Post