ലഹരി മാഫിയയുടെ വിളയാട്ടം

കേരളത്തിൽ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ പിടിമുറുക്കിയിട്ട് നാളുകൾ ഏറെയായി. കൊച്ചിയും കാസർകോടും ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. ഇതിനിടയിൽ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി കഴിഞ്ഞ ദിവസം പുറത്തുവന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് മാരകമായ എം ഡി എം എ മയക്കുമരുന്ന് എത്തിക്കുന്നതിന് പിന്നിൽ ബെംഗളൂരുവിൽ തമ്പടിച്ചിരിക്കുന്ന നൈജീരിയൻ ലഹരി മാഫിയാ സംഘങ്ങളാണെന്നാണ് വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കാസർകോട് ബേക്കൽ പോലീസ് ബെംഗളൂരുവിൽ നിന്ന് നൈജീരിയൻ യുവതിയെ അറസ്റ്റ് ചെയ്തതോടെ സംസ്ഥാനത്ത് മയക്കുമരുന്ന് വിതരണത്തിനെത്തിക്കുന്ന ഗൂഢ സംഘങ്ങളെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കാസർകോട് വഴി സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കുന്ന നൈജീരിയൻ സംഘങ്ങൾക്കും ഇവരുടെ മലയാളികൾ അടക്കമുള്ള ഏജന്റുമാർക്കുമെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

എം ഡി എം എ കടത്ത് കേസിൽ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്ത നൈജീരിയൻ യുവതി ഇപ്പോൾ റിമാൻഡിലാണ്. നൈജീരിയൻ ലോഗോസ് സ്വദേശിനി ഹഫ്സ റിഹാനത്ത് ഉസ്മാൻ എന്ന ബ്ലെസിംഗ് ജോയി(22)യെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ബേക്കൽ ഡിവൈ എസ് പി. സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഹഫ്സയെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 21ന് ഉദുമ പള്ളത്ത് 150.34 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായ നാല് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ തങ്ങൾക്ക് മയക്കുമരുന്ന് കൈമാറിയത് ഹഫ്സയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരുവിൽ താമസക്കാരിയായ ഹഫ്സ അവിടെ നിന്നാണ് കേരളത്തിൽ വിതരണം ചെയ്യാനായി എം ഡി എം എ കൊടുത്തയച്ചത്. ബേക്കൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നാണ് നൈജീരിയൻ യുവതിയെ പിടികൂടിയത്. ഇതിനായി അഡീഷനൽ എസ് പി. പി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് തന്നെ രംഗത്തിറങ്ങിയിരുന്നു.

മുമ്പൊക്കെ മയക്കുമരുന്ന് കേസുകളിൽ അന്വേഷണം പിടിയിലാകുന്നവരിൽ മാത്രം ഒതുങ്ങാറാണ് പതിവ്. ഒരിക്കലും മയക്കുമരുന്ന് കൈമാറുന്നവരിലേക്ക് അന്വേഷണം എത്താറില്ല. മയക്കുമരുന്ന് വിൽപ്പനക്ക് നിയോഗിക്കുന്നവർക്ക് രാഷ്ട്രീയത്തിലും ഭരണതലത്തിലും സ്വാധീനമുണ്ടെങ്കിൽ അന്വേഷണം പാതിവഴിക്ക് നിലച്ചിരുന്നു. എന്നാൽ, ഇനി മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരെ മാത്രമല്ല ഏൽപ്പിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന നിലപാടിലാണ് കേരള പോലീസ്. ബെംഗളൂരുവിലും ഡൽഹിയിലും എം ഡി എം എ ഉത്പാദിപ്പിക്കുന്ന ലാബുകളിൽ നിന്ന് മലയാളികൾ അടക്കമുള്ളവർ നേരിട്ട് മയക്കുമരുന്ന് വാങ്ങുന്നതായാണ് വിവരം. ബെംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന എം ഡി എം എയുമായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പേരാണ് അടുത്തിടെ പോലീസ് പിടിയിലായത്. അനധികൃതമായാണ് ഇത്തരം ലാബുകളുടെ പ്രവർത്തനമെങ്കിലും അവിടങ്ങളിൽ പോലീസ് പരിശോധന ഉണ്ടാകാറില്ല.

കേരള പോലീസിന് മറ്റ് സംസ്ഥാനങ്ങളിലെ ലാബുകളിൽ പരിശോധന നടത്തുന്നതിന് പരിമിതികളുണ്ട്. ബെംഗളൂരുവിൽ കർണാടക പോലീസിന്റെയും ഡൽഹിയിൽ അവിടത്തെ പോലീസിന്റെയും സഹകരണം ഇതിന് ആവശ്യവുമാണ്. എന്നാൽ, മയക്കുമരുന്ന് കേസുകളിൽ അന്വേഷണം നടത്തുമ്പോൾ അവിടങ്ങളിലെ പോലീസിന്റെ സഹകരണം കേരള പോലീസിന് ലഭിക്കാറില്ലെന്നതാണ് വസ്തുത. ഡൽഹിയിലും കർണാടകയിലും ലഹരിമാഫിയകളും പോലീസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. കേരള പോലീസിലെ ഒരു വിഭാഗവും മയക്കുമരുന്ന് മാഫിയകൾക്ക് ഒത്താശ നൽകുന്നവരാണ്.

കെമിക്കൽ ഉപയോഗിച്ച് നിർമിക്കുന്ന എം ഡി എം എ ഉപയോഗിച്ചാൽ അതിന്റെ ലഹരി രണ്ട് ദിവസത്തോളം നീണ്ടുനിൽക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. ബെംഗളൂരുവിൽ എം ഡി എം എ ഒരു ഗ്രാമിന് ഈടാക്കുന്നത് 1,000 രൂപയാണ്. കേരളത്തിൽ ഒരു ഗ്രാമിന് 3,000 മുതൽ ഏഴായിരം രൂപ വരെ ഈടാക്കുന്നു. മുമ്പ് ബെംഗളൂരുവിൽ നിന്ന് എം ഡി എം എ കൂടുതലും വിൽപ്പനക്ക് കൊണ്ടുപോയിരുന്നത് ഗോവയിലേക്കായിരുന്നു. വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു ഗോവയിലെ മയക്കുമരുന്ന് വിപണനം. ഇപ്പോൾ ഗോവയിൽ വിദേശ ടൂറിസ്റ്റുകൾ കുറഞ്ഞതോടെ ബെംഗളൂരുവിലെ മയക്കുമരുന്ന് മാഫിയ ലഹരിവിപണന സാധ്യത കണ്ടെത്തുന്നത് കേരളത്തിലാണ്. കാസർകോട് ജില്ലയിലും തൊട്ടടുത്ത കർണാടകയിലെ മംഗളൂരുവിലും എം ഡി എം എയും കഞ്ചാവും സുലഭമാണ്. മംഗളൂരുവിലെ പ്രൊഫഷനൽ കോളജുകളിലെയും സ്വകാര്യകോളജുകളിലെയും വിദ്യാർഥികളെ ലക്ഷ്യമിട്ട് വൻ തോതിലാണ് മയക്കുമരുന്ന് വിൽപ്പന നടക്കുന്നത്. ഇവിടങ്ങളിലെ മലയാളികളായ വിദ്യാർഥികൾ ലഹരിമാഫിയയുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. ചില വിദ്യാർഥികൾ മയക്കുമരുന്ന് കടത്തിന്റെ ഏജന്റുമാരാണ്.

സംസ്ഥാനത്ത് മയക്കുമരുന്നിന് അടിമകളാകുന്നവരിൽ ഭൂരിഭാഗവും വിദ്യാർഥികളും യുവാക്കളുമാണ്. 20നും 30നും ഇടയിലുള്ളവരാണ് മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ അകപ്പെടുന്നവരിൽ ഏറെയും. വിവിധ വർണങ്ങളിലുള്ള എം ഡി എം എ മയക്കുമരുന്നിന്റെ പ്രലോഭനത്തിൽ ഈയാംപാറ്റകളെ പോലെ യുവസമൂഹവും വിദ്യാർഥി സമൂഹവും ആകർഷിക്കപ്പെടുന്നു. ചില്ലിന് മുകളിൽ പൊടി വിതറി തീപ്പെട്ടിയുരച്ചോ സിഗർലൈറ്റ് കത്തിച്ചോ ചൂടാക്കി പൊടിയിൽ നിന്ന് ഉയരുന്ന പുക ശ്വസിച്ചാണ് എം ഡി എം എയുടെ ലഹരി നുകരുന്നത്. 15 മുതൽ 22 മണിക്കൂർ വരെ ഇതിന്റെ ലഹരി നീണ്ടുനിൽക്കുന്നു. കേരളത്തിൽ സിനിമാസെറ്റുകളടക്കം മയക്കുമരുന്ന് മാഫിയകളുടെ അധീനതയിലായിക്കഴിഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനക്കാരെ മാത്രമല്ല ഇത് കൈമാറുന്നവർക്കും ഒത്താശ നൽകുന്നവർക്കുമെതിരെ കൂടി കർശന നടപടി ആവശ്യമാണ്. മയക്കുമരുന്ന് ഉത്പാദന കേന്ദ്രങ്ങൾ കൂടി പൂട്ടിച്ചാൽ മാത്രമേ ലഹരിമാഫിയകൾക്കെതിരായ നടപടികൾ ഒരു പരിധിവരെയെങ്കിലും ഫലവത്താവുകയുള്ളൂ. ഇതിന് കേരള പോലീസ് വിചാരിച്ചാൽ മാത്രം പോരാ. അയൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര സർക്കാറിന്റെയും കൂടി സഹകരണം അനിവാര്യമാണ്. ഈ തലമുറയെയും വരും തലമുറയെയും മയക്കുമരുന്ന് എന്ന സത്വത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും നാടിനെ സംരക്ഷിക്കാനും കൂട്ടായ പ്രവർത്തനങ്ങളും നടപടികളും ബോധവത്കരണ പ്രവർത്തനങ്ങളും അത്യന്താപേക്ഷിതമാണ്.



source https://www.sirajlive.com/the-flag-of-the-drug-mafia.html

Post a Comment

أحدث أقدم