ഡോക്ടർമാരുടെ പണിമുടക്ക് ഇന്നും; മുഖ്യമന്ത്രിയുമായി ചർച്ച

തിരുവനന്തപുരം | യുവ വനിതാ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സംസ്ഥാനവ്യാപകമായി ആളിക്കത്തി ഡോക്ടർമാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗത്തെ ഒഴിവാക്കി ഇന്നലെ രാവിലെ ആരംഭിച്ച പണിമുടക്ക് സമരം തുടരുകയാണ്. ഇന്ന് രാവിലെ എട്ട് വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സമരം ഇന്നും തുടരാനാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഐ എം എ ആവശ്യപ്പെട്ടു. ഡോക്ടർമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച.

സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്ടർമാരും ഇന്നലെ പണിമുടക്കി പ്രതിഷേധ പരിപാടികളിൽ ഭാഗമായി. സംസ്ഥാന വ്യാപകമായി ഹൗസ് സർജന്മാരും പണിമുടക്കിയിരുന്നു.
മെഡിക്കൽ കോളജുകളിൽ അധ്യാപക സംഘടനയായ കെ ജി എം സി ടി എയുടെ നേതൃത്വത്തിൽ ഒ പി ബഹിഷ്‌കരിച്ചാണ് സമരം. കാഷ്വാലിറ്റി, ഐ സി യു, ലേബർ റൂം എന്നിവയിൽ മാത്രമാണ് ഇന്നലെ ഡോക്ടർമാരുടെ സേവനം ലഭ്യമായത്. ആശുപത്രികളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.



source https://www.sirajlive.com/doctors-39-strike-continues-today-discussion-with-chief-minister.html

Post a Comment

Previous Post Next Post