ഭീതിദമായ ദിനങ്ങളിലൂടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. രക്ഷകരുടെ വേഷത്തില്‍ നിന്നവര്‍ മഹാമാരിക്കാലത്ത് ഖജനാവ് കൊള്ളയടിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഭരണത്തുടര്‍ച്ചയുടെ ദുരന്ത ഫലങ്ങളാണ് കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
റോഡ് സുരക്ഷയുടെ പേരില്‍ എ ഐ സാങ്കേതിക വിദ്യയുണ്ടെന്ന വ്യാജേന നിരത്തുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നില്‍ നടന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് വ്യക്തമായി. ഇടപാടിലെ പകല്‍ക്കൊള്ള തെളിവ് സഹിതമാണ് പ്രതിപക്ഷം തുറന്നു കാട്ടിയത്. മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള കമ്പനിയുടെ ദുരൂഹമായ ഇടപെടലുകള്‍ സംബന്ധിച്ച തെളിവും പുറത്തുവിട്ടു. എന്നിട്ടും ഒളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഏത് പദ്ധതി നടപ്പാക്കിയാലും അതിന്റെ കമ്മീഷനും അഴിമതിപ്പണവും ഒരു പെട്ടിയിലേക്ക് എത്തിച്ചേരുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതും രണ്ടാം സര്‍ക്കാര്‍ തുടരുന്നതും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധപ്പെട്ട പ്രസാഡിയോ എന്ന സ്ഥാപനമാണ് അഴിമതി ക്യാമറ പദ്ധതിയില്‍ ഉപകരാര്‍ നേടിയത്. പ്രതിപക്ഷം പുറത്തുവിട്ട തെളിവുകള്‍ വ്യാജമാണെന്ന് സര്‍ക്കാറുമായി ബന്ധപ്പെട്ട ആരും പറഞ്ഞിട്ടില്ല.
ഭരണപരാജയവും ധൂര്‍ത്തും ഉണ്ടാക്കിയ കടക്കെണിയില്‍ നിന്ന് കരകയറുന്നതിന് സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ബജറ്റിലൂടെ മാത്രം ഇന്ധന സെസും മദ്യത്തിന്റെ വില വര്‍ധനവും ഉള്‍പ്പെടെ 4,500 കോടിയുടെ അധിക നികുതിയാണ് അടിച്ചേല്‍പ്പിച്ചത്. ഇതിന് പുറമെ വെള്ളം, വൈദ്യുതി നിരക്കുകളും കുത്തനെ വര്‍ധിപ്പിച്ചു. പ്രളയവും കൊവിഡ് മഹാമാരിയും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ജനം കരകയറുന്നതിനിടയിലാണ് നികുതിക്കൊള്ളയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റത്തിന് പുറമെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസും വര്‍ധിപ്പിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിലാണ് കരിനിഴല്‍ വീഴ്ത്തിയത്. പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്ന് 1,000 മുതല്‍ 5,000 രൂപ വരെയും പെര്‍മിറ്റ് ഫീസ് പത്തിരട്ടിയുമായാണ് വര്‍ധിപ്പിച്ചത്.
സംസ്ഥാനത്ത് എല്ലാ മേഖലകളിലും ലഹരി വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. അത് തടയാനോ നിയന്ത്രിക്കാനോ ഒരു സംവിധാനങ്ങളുമില്ല. മാരകമായ രാസ മരുന്നുകളാണ് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ചെറിയ കാരിയേഴ്‌സിനെ മാത്രമാണ് പിടികൂടുന്നത്. ലഹരി മാഫിയക്കെതിരെ ഒരു നിയന്ത്രണവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പോലീസിന്റെ തന്നെ കണക്കുകള്‍. 2020ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021ല്‍ 16,199ലേക്ക് ഉയര്‍ന്നു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2020ല്‍ 3,941 ആയിരുന്നത് 2022ല്‍ 5,315ലേക്ക് ഉയര്‍ന്നു. ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
നെല്ല് സംഭരണത്തില്‍ മാത്രം 1,000 കോടി കുടിശ്ശികയുണ്ട്. കഴിഞ്ഞ ബജറ്റില്‍ 500 കോടി വകയിരുത്തിയ റബ്ബര്‍ വിലസ്ഥിരതാ ഫണ്ടില്‍ ചെലവഴിച്ചത് വെറും 32 കോടി രൂപ. സര്‍ക്കാറിന്റെ പച്ചത്തേങ്ങ സംഭരണം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ പൊതുവിപണിയില്‍ തേങ്ങയുടെ വിലയും കൂപ്പുകുത്തി. ഏലം, തേയില, കുരുമുളക് തുടങ്ങി എല്ലാ മേഖലയിലെ കര്‍ഷകരും പ്രതിസന്ധിയില്‍.
മത്സ്യത്തൊഴിലാളികള്‍ക്കും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ അവരെയും സര്‍ക്കാര്‍ കബളിപ്പിക്കുന്നു. ആശ്വാസകിരണം ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ മാസങ്ങളായി മുടങ്ങി. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. എയ്ഡ്സ് രോഗികളുടെ പെന്‍ഷനടക്കം മുടങ്ങിയിരിക്കുന്നു. എന്നിട്ടും സമൂഹിക സുരക്ഷാ പെന്‍ഷന്റെ പേരില്‍ ഊറ്റം കൊള്ളുന്നു പിണറായി സര്‍ക്കാര്‍.
അനധികൃതമായി ലൈസന്‍സ് നല്‍കിയ ബോട്ട് മറിഞ്ഞ് താനൂരില്‍ 22 പേര്‍ മരിച്ച അതിദാരുണ സംഭവം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ദുരന്തമാണ്. വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി പോലീസിന്റെ കണ്‍മുന്നില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം നമുക്ക് അഭിമാനിക്കാന്‍ എന്തുണ്ട്? ജനദ്രോഹ ഭരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ പിണറായി സര്‍ക്കാറിന് അര്‍ഹതയും അവകാശവുമില്ല.
source https://www.sirajlive.com/two-years-of-anti-people-rule.html
Post a Comment