ലോകസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട്; കന്നഡ ദേശത്തിന്റെ വിധി ഉടനെ അറിയാം

ബഗളൂരു | അടുത്ത വര്‍ഷം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടാവുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലം അല്‍പ്പ സമയത്തിനുള്ളില്‍.
കന്നഡ ദേശം എങ്ങോട്ടെന്ന സൂചന വ്യക്തമാകുന്നതോടെ ഇന്ത്യന്‍ രാഷ്്ട്രീയത്തിന്റെ ഗതിയാവും നിര്‍ണയിക്കപ്പെടുക.
കര്‍ണാടകത്തിലെ 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളുടെ വിധിയാണ് ഇപ്പോള്‍ അറിയാനുള്ളത്. എട്ട് മണിയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. ബംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലമാണ് ആദ്യം വരുക. ബീദര്‍ അടക്കമുള്ള ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വൈകും.

ഒമ്പതരയോടെ കര്‍ണാടകയുടെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം. വെള്ളിയാഴ്ച രാത്രിയോടെത്തന്നെ കര്‍ണാടകത്തില്‍ രാഷ്ട്രീയ ചരടുവലികളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.

സിംഗപ്പൂരില്‍ ചികിത്സക്കായി പോയിരുന്ന ജെ ഡി എസ് നേതാവ് തിരിച്ചെത്തി. ഒരു രാഷ്ട്രീയ തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും ഫലം അറിവായ ശേഷം തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

40 വര്‍ഷത്തെ പതിവ് തെറ്റിച്ച് കര്‍ണാടക ഇത്തവണ ബി ജെ പിക്ക് ഭരണത്തുടര്‍ച്ച സമ്മാനിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ദക്ഷിണേന്ത്യയിലെ താമര വാടുകയാണെങ്കില്‍ അതു ബി ജെ പിയുടെ ഭാവി നിര്‍ണയിക്കുന്നതായിരിക്കും.
കര്‍ണാടക നല്‍കുന്ന വിജയത്തിന്റെ ഊന്നുവടിയേന്തി 2024-ലേക്ക് കോണ്‍ഗ്രസ്സിനു മുന്നേറാന്‍ കഴിയുമോ എന്നതും പ്രധാനമാണ്. തൂക്ക് മന്ത്രിസഭ വന്നാല്‍ കുമാരസ്വാമി കിംഗ് മേക്കറാവും.

ഓപ്പറേഷന്‍ താമരയടക്കമുള്ള തെരഞ്ഞെടുപ്പ് അട്ടിമറികളുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കും കന്നഡ ദേശം സാക്ഷിയാവാന്‍ ഇടയുണ്ടെന്ന വിലയിരുത്തലും ലഭ്യമാണ്.

 



source https://www.sirajlive.com/lok-sabha-elections-call-the-fate-of-kannada-land-will-be-known-soon.html

Post a Comment

أحدث أقدم