മോഖ: കേരളത്തിൽ ഇന്നും പരക്കെ മഴ

തിരുവനന്തപുരം | മധ്യ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായതോടെ കേരളത്തിൽ ഇന്നും പരക്കെ മഴ ലഭിക്കും. കിഴക്കൻ തീര സംസ്ഥാനങ്ങളിലും ആൻഡമാൻ തീരത്തും കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനത്തിനും കപ്പൽയാത്രക്കും വിനോദ സഞ്ചാരത്തിനും വിലക്കേർപ്പെടുത്തി. മൂന്ന് ദിവസത്തേക്കാണ് പരക്കെ മഴ ലഭിക്കുക.

കേരള അതിർത്തിയോട് ചേർന്ന കുളച്ചൽ തീരം മുതൽ മത്സ്യബന്ധനത്തിന് നിയന്ത്രണം നിലവിലുണ്ട്. ബംഗാൾ ഉൾക്കടലിലുള്ള മത്സ്യബന്ധന ബോട്ടുകളോടും കപ്പലുകളോടും ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങാൻ നിർദേശം നൽകി. മണിക്കൂറിൽ 175 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. തിരമാല മൂന്നര മീറ്ററോളം ഉയരും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാൾ, ആൻഡമാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.

കേരളത്തിൽ ചില സ്ഥലങ്ങളിൽ ശക്തമായ മഴ, കാറ്റ്, ഇടിമിന്നൽ എന്നിവക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്ലാദേശിലെ കോക്‌സ്ബസാറിന് സമീപം കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, രാവിലെ ഏഴ് മുതൽ പത്ത് വരെയുള്ള അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർകോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



source https://www.sirajlive.com/mokha-widespread-rain-in-kerala-today.html

Post a Comment

أحدث أقدم