കൊച്ചി | ഫ്ളാറ്റില്‍ പരിശോധനക്കെത്തിയ എക്സൈസ് സംഘത്തിനു നേരെ തോക്കു ചൂണ്ടിയും കത്തി വീശിയും ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍. തലശ്ശേരി കൊച്ചുപറമ്പില്‍ വീട്ടില്‍ ചിഞ്ചു മാത്യുവാണ് പിടിയിലായത്. ഇയാള്‍ വന്‍തോതില്‍ മാരക മയക്കുമരുന്നുകള്‍ വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയ എക്സൈസ് സംഘത്തിനു നേരെയാണ് ആക്രമണം അഴിച്ചുവിട്ട് പ്രതി ബൈക്കില്‍ കടന്നു കളഞ്ഞത്.
പ്രതിയുടെ വാഴക്കാലയിലെ ഫ്ളാറ്റില്‍ പരിശോധനക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്കു ചൂണ്ടിയെങ്കിലും വെടിയുതിര്‍ന്നില്ല. ഇതേ തുടര്‍ന്ന് കഠാരയെടുത്തു വീശുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്.
കത്തിവീശലില്‍ പരുക്കേറ്റ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍ ഡി ടോമി ചികിത്സയില്‍ തുടരുകയാണ്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മാരകായുധവുമായി ആക്രമിച്ചതിനും ടോമിയുടെ പരാതിയില്‍ ചിഞ്ചുവിനെതിരെ പോലീസ് കേസെടുത്തു. ഫ്ളാറ്റില്‍ നിന്ന് ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍ എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
വില്‍പനക്കായി സൂക്ഷിച്ച 750 ഗ്രാം എം ഡി എം എയും 56 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഫ്‌ളാറ്റില്‍ നിന്ന്്് കണ്ടെടുത്തത്. വാഴക്കാലയിലെ ഫ്ളാറ്റ് പരിസരത്തു നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയത്. രണ്ടു ദിവസമായി നഗരത്തിലെ ലോഡ്ജുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്ന പ്രതിയെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പിടികൂടിയത്. ചിഞ്ചു മാത്യു ജില്ല വിട്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കിയ സംഘം ജില്ലക്കകത്തും പുറത്തും തിരച്ചില്‍ നടത്തിയിരുന്നു.
source https://www.sirajlive.com/accused-in-drug-case-arrested-after-pointing-gun-at-excisemen.html
Post a Comment