കോട്ടയം | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനു വേണ്ടി പ്രചാരണത്തിനു മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു മണ്ഡലത്തിലെത്തും.
വൈകീട്ട് നാലുമണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. വൈകിട്ട് 5.30ന് അയര്‍ക്കുന്നത്തെ പരിപാടിയിലും മുഖ്യമന്ത്രി പ്രസംഗിക്കും.
ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി ഒരു വട്ടംകൂടി എത്തിയേക്കും. മുഖ്യമന്ത്രി എത്തുന്നതോടെ ഇടതു ക്യാമ്പില്‍ ആവേശം വാനോളമുയരും. മന്ത്രി വി എന്‍ വാസവന്റെ മേല്‍നോട്ടത്തിലാണു പ്രചാരണ പരിപാടികള്‍ നടക്കുന്നത്.
മന്ത്രിമാരും ജനപ്രതിനിധികളും മണ്ഡലത്തിലുണ്ട്. പി കെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന മഹിളാ ജാഥയില്‍ വന്‍ ജന പങ്കാളിത്തമാണുണ്ടായത്.
തിരഞ്ഞെടുപ്പു ഘട്ടത്തില്‍ ഉയര്‍ന്നുവന്ന മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മകള്‍ക്കെതിരെ നേരത്തെ ആരോപണം ഉന്നയിച്ച ഘട്ടത്തിലെല്ലാം രൂക്ഷമായ ഭാഷയില്‍ തള്ളിക്കളയുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയെക്കൊണ്ടു മറുപടി പറയിക്കുക എന്ന ലക്ഷ്യത്തോടെ മാസപ്പടി വിവാദം കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്.
source https://www.sirajlive.com/chief-minister-in-pudupally-today.html
إرسال تعليق